പൾവാമ ആക്രമണത്തിന് ശേഷം ഇന്ത്യയിൽ കശ്മീരികൾക്ക് നേരെ വിദ്വേഷ ആക്രമണങ്ങൾ; സഹായസന്ദേശങ്ങൾ വ്യാപകമാകുന്നു

By on

പൾവാമയിൽ 49 സെെനികർ കൊല്ലപ്പെട്ട ആക്രമണത്തിന് ശേഷം ഇന്ത്യയിൽ കശ്മീരികൾക്ക് നേരെ വിദ്വേഷ ആക്രമണങ്ങൾ തുടരുന്നു. ഈ സാഹചര്യത്തിൽ പലയിടങ്ങളിലായി ആക്രമിക്കപ്പെട്ടവരും ജീവന് ഭീഷണി നേരിടുന്നവരുമായ കശ്മീരികൾ സഹായം തേടിക്കൊണ്ടും കശ്മീരികൾക്ക് അഭയവും സുരക്ഷിതത്വവും നൽകാൻ ഇന്ത്യയിലെ ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് ലോകമെങ്ങുമുള്ള കശ്മീരികളും സഹായസന്ദേശങ്ങൾ വ്യാപകമായി ഷെയർ ചെയ്യുകയാണ്. കശ്മീരികൾക്കൊപ്പം നിൽക്കുന്നവരും സ്വന്തം വീടുകളിലേക്ക് കശ്മീരികളെ ക്ഷണിക്കുന്നുണ്ട്.
#UnHateNow ഹാഷ് ടാ​ഗിലാണ് ഫേസ്ബുക് പോസ്റ്റുകൾ.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കശ്മീരികൾ വ്യാപകമായി ആക്രമിക്കപ്പെടുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഡെറാഡൂണിൽ കാമ്പസിന് പുറത്ത് അക്രമാസക്തരായ ആൾകൂട്ടം തടിച്ചു കൂടിയതിനെ തുടർന്ന് ഇരുപതോളം കശ്മീരി വിദ്യാർത്ഥിനികൾ ഹോസ്റ്റൽ മുറിയിൽ മണിക്കൂറുകളോളം പുറത്തിറങ്ങാനാകാതെ നിന്നു. “ഭാരത്‌ മാതാ കീ ജയ്” മുഴക്കി കൊണ്ടെത്തിയ ആൾക്കൂട്ടമാണ് കാമ്പസിനു മുൻപിൽ തടിച്ചു കൂടിയത്.

”അവരെ റൂമിൽ നിന്ന് പുറത്തേക്ക് എറിയൂ” എന്ന് യുദ്ധാഹ്വാനം ചെയ്യുന്ന പ്രതിഷേധക്കാർ ആക്രോശിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. ഡെറാഡൂണിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന 700ലധികം കശ്മീരി വിദ്യാർത്ഥികൾ ആക്രമണത്തെ തുടർന്ന് ഹോസ്റ്റലുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്.

പള്‍വാമ ആക്രമണത്തിന് ശേഷം ചെയ്ത ഒരു ട്വീറ്റിന്‍റെ പേരില്‍ അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയിലെ ബാസിം ഹിലാല്‍ എന്ന ബിരുദ വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്യുകയുണ്ടായി.

ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടക്കുന്ന ട്രെയിനിങ് ക്യാംപില്‍ പങ്കെടുക്കുകയായിരുന്ന കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മഹാരാഷ്ട്രയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ നടത്തിയ അക്രമത്തില്‍ നാല് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കശ്മീരില്‍ നിന്നുമുള്ള 34 വിദ്യാര്‍ത്ഥികളാണ് സര്‍ക്കാരിന്റെ ഹിമായത്ത് പ്രൊജക്ടിന്റെ ഭാഗമായ ക്യാംപില്‍ പങ്കെടുത്തിരുന്നത്. സാഹിദ് വാനി, മൊഹ്സിന്‍, നവീദ്, ഫൈസല്‍ എന്നീ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.

വിദ്യാർത്ഥികൾ താമസിച്ചിരുന്ന ഹോസ്റ്റലില്‍ പ്രവേശിച്ച അക്രമികള്‍ ലോക്കറുകളും അലമാരകളും അടിച്ചു തകര്‍ത്തതായും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. ശക്തമായ ഇരുമ്പ് കമ്പികള്‍ കൊണ്ട് ജനവാതിലുകള്‍ തകര്‍ത്തതായും കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ചതായും പരിക്കേറ്റവർ പറയുന്നു. പല വിദ്യാര്‍ത്ഥികളുടെയും വിലപിടിപ്പുള്ള വസ്തുക്കള്‍ അക്രമികള്‍ കൊള്ളയടിച്ചതായും പരാതിയിലുണ്ട്. പ്രാദേശിക പൊലീസ് തങ്ങളെ സഹായിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നുണ്ട്.

കശ്‌മീരിനകത്ത്, പ്രത്യേകിച്ച് ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവില്‍ മുസ്ലീങ്ങളുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഹിന്ദുത്വ ആൾക്കൂട്ടത്താൽ വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ട്. ആക്രമണത്തെ തുടർന്ന് കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഫെബ്രുവരി 14 നു പൾവാമയിൽ നടന്ന ആക്രമണത്തിൽ 49 സിആർപിഎഫ് ഭടന്മാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ്, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കശ്മീരികൾക്ക് നേരേ വംശീയമായ ആക്രമണങ്ങൾ വ്യാപകമായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ജൈഷ് ഈ മുഹമ്മദ്‌ ഏറ്റെടുത്തു.


Read More Related Articles