കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്റെ ശവപ്പെട്ടിക്കടുത്തു നിന്ന് കണ്ണന്താനത്തിന്റെ സെല്‍ഫി; സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം
കശ്മീരിലെ പല്‍വാമയില്‍ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ ശവപ്പെട്ടിക്ക് മുന്പില് നിന്ന് സെല്‍ഫിയെടുത്ത് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മന്ത്രിയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. കേരളത്തില്‍ ഫെയ്സ്ബുക് ഫീഡ് നിറയെ കണ്ണന്താനത്തിന്റെ സെല്‍ഫിയാണ്. കശ്മീരില്‍ കൊല്ലപ്പെട്ട മലയാളി ജവാന് വസന്തകുമാറിന്റെ സംസ്കാരചടങ്ങില്‍ നിന്നായിരുന്നു മന്ത്രിയുടെ വിവാദ സെല്‍ഫി.
”കശ്മീരിലെ പല്‍വാമയില്‍ ഭീകരക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന് വി വി വസന്തകുമാറിന്റെ സംസ്കാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്നു. വസന്തകുമാറിനെ പോലുള്ള ധീര ജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കുന്നത്” എന്ന കുറിപ്പോടെയാണ് കേന്ദ്ര റ്റൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ചിത്രം ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ പിന്നീട് ഈ ചിത്ര അദ്ദേഹത്തിന്റെ വോളില്‍ നിന്നും അപ്രത്യക്ഷമായി. പക്ഷേ ചിത്രത്തിന് സ്ക്രീന്‍ഷോട്ട് അതിനകം പ്രചരിച്ചിരുന്നു.സെല്‍ഫി ഡിലീറ്റ് ചെയ്ത ശേഷം നേരത്തെ എഴുതിയ വാചകങ്ങളില്‍ വ്യത്യാസം വരുത്തി വസന്തകുമാറിന്റെ അന്ത്യോപചാര ചടങ്ങിന്റെ പുതിയ ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തു.
കണ്ണന്താനത്തിന്റെ സെല്ഫിയ്ക്കെതിരെ വന്‍ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. വിവാദ പോസ്റ്റ് ഇല്ലാതാക്കിയ ശേഷം അദ്ദേഹം ഇടുന്ന എല്ലാ പോസ്റ്റിന് താഴെയും വിമര്‍ശന കമന്റുകളുടെ പെരുമഴയാണ്.