ശബരിമലയിൽ ഭക്തർക്കൊപ്പം ഇടകലർന്ന് കലാപകാരികൾ; ഇരുമുടിക്കെട്ടുമായി എത്താൻ നിർദ്ദേശം

By on

ശബരിമലയിൽ ഭക്തർക്കൊപ്പം ഇടകലർന്ന് സ്ത്രീപ്രവേശന വിരുദ്ധരെന്ന് പൊലീസ് റിപ്പോർട്ട്. സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചാൽ തടയാനുള്ള സംഘടിത ശ്രമമാണ് നടക്കുന്നത്. പമ്പ മുതൽ സന്നിധാനം വരെ സംഘടിതമായി നിലകൊള്ളാനാണ് സംഘപരിവാർ നിർദ്ദേശം. ഭക്തർക്കിടയിൽ ഇടകലർന്ന് ഇരുമുടിക്കെട്ടുമായി എത്താൻ ആഹ്വാനം ചെയ്ത് ആർ എസ് എസ് പ്രവർത്തകർ അയക്കുന്ന സന്ദേശങ്ങൾ പുറത്തുവരികയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ളവരാണ് പ്രദേശത്തേയ്ക്ക് എത്തുന്നത് എന്ന് പൊലീസ് പറയുന്നു. കന്യാകുമാരി അതിർത്തിയിൽ നിന്ന് 100 പേരാണ് സ്ഥലത്ത് എത്തിയിട്ടുള്ളത്. നീലിമല, അപ്പാച്ചിമേട് ഭാ​ഗത്ത് അക്രമികൾ തമ്പടിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടക്കുകയാണ്. 50 ലധികം പേരാണ് മലമുകളിൽ ഉള്ളത്. അതേസമയം വിധിയ്ക്കെതിരെ നടക്കുന്ന കലാപത്തോട് യോജിപ്പില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു. ക്ഷേത്രാചാരങ്ങൾ തുടർന്ന് പോകണമെന്നാണ് ആ​ഗ്രഹം. കലാപത്തിന് പിന്നിൽ പുറത്തു നിന്നുള്ളവരാകുമെന്നും വിശ്വാസികൾ ആരും ഇത്തരത്തിൽ പ്രതികരിക്കില്ലെന്നും അക്രമ സംഭവങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞു
ശബരിമലയിൽ കലാപത്തിനുള്ള ശ്രമമാണ് ആർ എസ് എസ് നടത്തുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇതിന് തെളിവായി ഒരു ഓഡിയോ സന്ദേശവും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പുറത്ത് വിട്ടു. ഇതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യമെന്തെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ​ധരൻപിള്ള പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Read More Related Articles