കശ്മീർ പോസ്റ്റർ കേസ്: റിൻഷാദിനെ മുഖംമൂടി സംഘം ആക്രമിച്ചു; ‘സംഘപരിവാറിനെതിരെ സംസാരിച്ചാൽ നജീബിന്‍റെ ഗതി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ബന്ധു
മലപ്പുറം ഗവണ്മെന്‍റ് കോളജില്‍ കശ്മീർ പ്രശ്നത്തെക്കുറിച്ച് പോസ്റ്റർ പതിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാർത്ഥി റിൻഷാദിന് നേരെ മുഖംമൂടി സംഘത്തിന്‍റെ ആക്രമണം ഉണ്ടായെന്ന് പരാതി. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. മറ്റാരുമില്ലാതിരുന്ന സമയത്ത് വീട്ടിൽ കയറി റിൻഷാദിനെ ആക്രമിക്കുകയായിരുന്നു. ഇരുമ്പ് ദണ്ഡ്, വടി തുടങ്ങിയ ആയുധങ്ങളുമായി എത്തിയ മുഖംമൂടി ധരിച്ച മൂന്ന് പേരാണ് റിൻഷാദിനെ ആക്രമിച്ചത്, റിൻഷാദിന്‍റെ കയ്യിലും കാലിലും ചതവ് പറ്റിയിട്ടുണ്ടെന്ന് റിൻഷാദിന്‍റെ ബന്ധു ജലാൽ കീബോർഡ് ജേണലിനോട് പറഞ്ഞു.
”വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് അവർ ആക്രമിക്കാൻ വന്നത്. വീടിന് ചുറ്റും ഒറ്റുകാർ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. സംഘപരിവാറിനെതിരെ ഇനി സംസാരിച്ചാൽ നിനക്കും നജീബിന്‍റെ ഗതി വരും എന്നാണ് അവർ പറഞ്ഞത്. നജീബിന് എന്ത് സംഭവിച്ചു എന്ന കാര്യം ആർക്കും അറിയില്ലെങ്കിലും അവർക്ക് നല്ല ധാരണയുണ്ട് എന്നാണ് മനസ്സിലാകുന്നത്”. ജലാൽ പറയുന്നു.
സംഭവത്തിൽ മേലാറ്റൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ന് വെെകുന്നേരം ഏഴ് മണിക്ക് റിൻഷാദിന്റെ നാട്ടിൽ ജനകീയ പ്രതിഷേധ പരിപാടി നടക്കുന്നുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും പരിപാടിയിൽ പങ്കെടുക്കുമെന്ന് ജലാൽ പറയുന്നു. അതേസമയം തങ്ങളുടെ അറിവോടെയല്ല സംഭവം നടന്നത് എന്ന് പ്രദേശത്തെ ബിജെപി പ്രവർത്തകർ പറയുന്നു. പ്രതിഷേധപരിപാടിയിൽ ഇവരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ജലാൽ പറയുന്നു.