ശബരിമല; ട്രാൻസ്ഫർ വാങ്ങിയെത്തിയ സ്കൂളിൽ നിന്നും ബിന്ദു ടീച്ചറെ പുറത്താക്കാൻ പ്രക്ഷോഭത്തിനൊരുങ്ങുന്നുവെന്ന് അയ്യപ്പ കർമ സമിതി
ശബരിമല സന്ദർശനം നടത്താൻ ശ്രമിച്ച അധ്യാപിക ബിന്ദു തങ്കം കല്യാണിയെ സ്കൂളിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭം നടത്തുമെന്ന് അയ്യപ്പ കർമ സമിതി അട്ടപ്പാടി.
അഗളി സ്കൂളിലെ അയ്യപ്പവിശ്വാസികളായ വിദ്യാർത്ഥികളുടെയും അട്ടപ്പാടിയിലെ മുഴുവൻ അയ്യപ്പവിശ്വാസികളെയും ബിന്ദു ടീച്ചർ വെല്ലുവിളിച്ചുവെന്നും അതിനാൽ സ്കൂളിൽ നിന്നും ബിന്ദു ടീച്ചറെ മാറ്റി അയ്യപ്പവിശ്വാസികളോട് നീതി പുലർത്തണം എന്നും ആവശ്യപ്പെട്ട് കൊണ്ടാണ് അയ്യപ്പ കർമസമിതി (അട്ടപ്പാടി) നവംബർ 12ാം തീയ്യതി രാവിലെ 10 മണിക്ക് സ്കൂളിലേക്ക് ബഹുജന പ്രക്ഷോഭം നടത്താനൊരുങ്ങുന്നത്.
ഒക്ടോബർ 29നാണ് ബിന്ദു ടീച്ചർ അഗളി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ജോയിൻ ചെയ്തത്. സ്വന്തം താൽപര്യ പ്രകാരം തന്നെയാണ് ഈ സ്കൂളിലേക്ക് ട്രാൻസ്ഫർ വാങ്ങിയത്. സ്കൂളിൽ ചേരുന്ന സമയത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും പ്രക്ഷോഭക്കാർക്ക് സ്കൂൾ വളപ്പിൽ കടക്കാനും പ്രതിഷേധപ്രകടനം നടത്താനും കഴിഞ്ഞിരുന്നു. ഇവരിൽ ചിലർ ബിന്ദു ടീച്ചറെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു.