കശ്മീര്‍ പ്രതിഷേധം- ആഭ്യന്തര മന്ത്രാലയത്തിന്‍റെ വാദത്തിനെതിരെ ബിബിസിയുടെ പ്രസ്താവന; ‘സംഭവിക്കുന്നത് ഇനിയും റിപ്പോർ‌ട്ട് ചെയ്യും’

By on

കശ്മീരിന്‍റെ പ്രത്യേക പദവി ഉറപ്പ് വരുത്തുന്ന ആർട്ടിക്കിൾ 370ഉം 35 എയും എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നടപടിയ്ക്കെതിരെ കശ്മീരിൽ ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലിയും അതിനു നേരെ സൈന്യം നടത്തിയ പെല്ലെറ്റ്-കണ്ണീർ വാതക ഷെല്ലാക്രമണവും ദൃശ്യങ്ങളടക്കം ബിബിസി പുറത്തു വിട്ടിരുന്നു. “ഇന്ത്യാ ​ഗോ ബാക്”, “വീ വാണ്ട് ഫ്രീഡം” തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ശ്രീന​ഗറിൽ പ്രതിഷേധം നടന്നത്. എന്നാല്‍ കശ്മീരില്‍ പ്രതിഷേധം നടന്നിട്ടില്ലെന്നും റോയിറ്റേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളും റിപ്പോർട്ടുകളും വ്യാജമാണെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റ്റ്വീറ്റ് ചെ‌യ്തത്. ഇതിന് മറുപടിയായാണ് ബിബിസി കശ്മീരിൽ സംഭവിക്കുന്നത് ഇനിയും റിപ്പോർട്ട് ചെയ്യുമെന്ന് റ്റ്വീറ്റ് ചെയ്തത്. ”ബിബിസി അതിന്‍റെ മാധ്യമ പ്രവർത്തനത്തെ മുറുകെപ്പിടിക്കുകയും കശ്മീരിലെ സംഭവങ്ങളെ ദുർവ്യാഖ്യാനം ചെയ്തുവെന്ന അവകാശവാദങ്ങളെ ശക്തമായി നിരാകരിക്കുകയും ചെയ്യുന്നു. സാഹചര്യം പക്ഷപാതമില്ലാതെയും കൃത്യമായുമാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മറ്റ് മാധ്യമങ്ങളെപ്പോലെ ഞങ്ങളും നിലവിൽ കടുത്ത നിയന്ത്രണങ്ങൾക്കിടയിലാണ് കശ്മീരിൽ പ്രവർത്തിക്കുന്നത് എന്നാലും ഞങ്ങൾ സംഭവിക്കുന്നത് റിപ്പോർട്ട് ചെയ്യുന്നത് തുടരുക തന്നെ ചെയ്യും” എന്നാണ് ബിബിസി റ്റ്വീറ്റ് ചെയ്തത്.


ഓഗസ്റ്റ് ഒമ്പതിന് നടന്ന വൻ ജനാവലിയുടെ പ്രതിഷേധത്തിന്റെ എക്സ്ക്ലുസിവ് വിഡിയോ ഓ​ഗസ്റ്റ് 10 നാണ് ബിബിസി പുറത്തു വിട്ടത്. പ്രതിഷേധക്കാർ ഓടുന്നതിന്റെ പശ്ചാത്തലത്തിൽ വെടിയൊച്ച മുഴങ്ങുന്നതും കേൾക്കാം. ബാനറുകളേന്തി മുദ്രാവാക്യം വിളിച്ചു കൊണ്ട് ആയിരങ്ങൾ നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.


ശ്രീന​ഗറിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധം നടന്നുവെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ബിബിസിയുടെ ദൃശ്യം പുറത്ത് വന്നത്. പ്രതിഷേധത്തെ നേരിടാൻ സൈന്യം പെല്ലറ്റാക്രമണവും കണ്ണീർവാതക ഷെല്ലാക്രമണവും നടത്തിയെന്നും അത് ഏൽക്കാതിരിക്കാൻ സ്ത്രീകളും കുട്ടികളും വെള്ളത്തിലേക്ക് ചാടിയതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്സിന്റെ ദേവ്ജ്യോത് ഘോഷാലും ഫയാസ് ബുഖാരിയും ഓ​ഗസ്റ്റ് 9 ന് റിപ്പോർ‌ട്ട് ചെയ്തത്. പാക് മാധ്യമമായ ‍ഡോണും ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. തുടർന്ന് ഈ റിപ്പോർട്ട് വ്യാജമാണെന്ന ആരോപണവുമായി ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം രം​ഗത്തെത്തി. ”ശ്രീന​ഗറിൽ 10000 പേർ പങ്കെടുത്ത പ്രതിഷേധം നടന്നുവെന്ന് ആദ്യം റോയിറ്റേഴ്സും പിന്നീട് ഡോണും പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോർ‌ട്ട് അവകാശപ്പെടുന്നു. ഇത് പൂർണ്ണമായും തെറ്റും വ്യാജവുമാണ്. ശ്രീന​ഗറിലും ബരാമുള്ളയിലും ചില ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ നടന്നിരുന്നു എന്നാൽ അതിലൊന്നിലും 20 ലധികം ആളുകൾ പങ്കെടുത്തില്ല” എന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വസുധ ​ഗുപ്ത അന്ന് തന്നെ റ്റ്വീറ്റ് ചെയ്തിരുന്നു.


ഇതിന് മറുപിടിയെന്നോണം ബിബിസിയുടെ ദക്ഷിണ ഏഷ്യ ബ്യൂറോ ചീഫ് നികോല കരീം ബിബിസിയുടെ ദൃശ്യങ്ങൾ റ്റ്വീറ്റ് ചെയ്തിരുന്നു. ”സോറയിൽ നടന്ന പ്രതിഷേധത്തിന്‍റെ വാർത്തകൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്ന് സർക്കാർ പറയുമ്പോൾ സത്യത്തിനായി ഇതാ ബിബിസിയുടെ എക്സ്ക്ലൂസിവ് ദൃശ്യങ്ങൾ കാണൂ, ആയിരങ്ങൾ മാർച്ച് ചെയ്തു, പൊലീസ് വെടിവെച്ചു, നിരവധിപേർക്ക് പരിക്കേറ്റു എന്ന് പറഞ്ഞുകൊണ്ടാണ് നിക്കോല കരീം വിഡിയോ റ്റ്വീറ്റ് ചെയ്തത്”. അന്താരാഷ്ട്ര മാധ്യമങ്ങളായ അൽജസീറയും ന്യൂയോർക് റ്റൈംസും സമാനമായ റിപ്പോർ‌ട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.


Read More Related Articles