‘ഗ്രേറ്റർ കശ്മീർ’ റിപ്പോർട്ടർ ഇർഫാൻ മാലികിനെ അർദ്ധരാത്രിയിൽ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടു പോയി സായുധ സേന

By on

‘ഗ്രേറ്റർ കശ്മീർ’ എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ റിപ്പോർട്ടർ ഇർഫാൻ അമീൻ മാലികിനെ(26) അർദ്ധരാത്രിയിൽ വീട് കയറി സായുധ സേന കസ്റ്റഡയിലെടുത്തുവെന്ന് കുടുംബത്തെ ഉദ്ധരിച്ച് ഹഫിംഗ്റ്റൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കശ്മീരിലെ റ്റ്രാൽ സ്വദേശിയായ ഇർഫാൻ മാലിക് പൽവാമയിൽ നിന്നും റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകനാണ്.

ബുധനാഴ്ച രാത്രി 11.30 ഓടെ ഒരു കൂട്ടം സായുധ സൈനികർ വീട്ടിലെത്തിയെന്നും അവർ ഇർഫാൻ മാലികിനെ പിടികൂടി കൊണ്ട് പോയെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഇർഫാൻ മാലികിനെ പിടികൂടി കൊണ്ട്പോയവർ പൊലീസാണോ സൈന്യമാണോ എന്നറിയില്ലെന്ന് അദ്ദേഹത്തിന്റെ മാതാവ് ഹസീന പറയുന്നു. തന്റെ മകനെ പിടികൂടി കൊണ്ടുപോവാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന് ഇർഫാന്റെ മാലിക്കിന്റെ പിതാവും സർക്കാരുദ്യോഗസ്ഥനുമായ മൊഹമ്മദ് അമീൻ മാലിക് പറയുന്നു.

ഇർഫാന്റെ കുടുംബം അവന്തിപൊര സീനിയർ എസ് പി താഹിർ സലീമിനെ ‌സന്ദർശിച്ചുവെന്നും സമീപ കാലത്ത് ഇർഫാൻ എന്തെങ്കിലും റിപ്പോർട്ട് ചെയ്തിരുന്നുവോ എന്ന് എസ്എസ്പി അന്വേഷിച്ചുവെന്നും കുടുംബാംഗങ്ങൾ പറയുന്നു. കശ്മീരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു ശേഷം ഇർഫാൻ ഓഫിസിലേക്ക് പോയിട്ടെല്ലെന്ന് എസ്എസ്പിയെ അറിയിച്ചുവെന്നും അവർ പറയുന്നു.

കശ്മീരിന്‍റെ പ്രത്യേക പദവി ഉറപ്പാക്കുന്ന ആർട്ടിക്കിൾ 370യും 35 എയും എടുത്തുകളഞ്ഞ ബിജെപി സർക്കാർ നടപടിക്കു ശേഷം കസ്റ്റഡിയിലാക്കപ്പെടുന്ന മാധ്യമ പ്രവർത്തകനെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇർഫാൻ മാലിക്കിന്റെ പേരാണ്. ഓഗസ്റ്റ് 5ന് ശേഷം ത‍ടങ്കലിൽ എടുക്കപ്പെട്ട രാഷ്ട്രീയക്കാരുടെയോ, അഭിഭാഷകരുടെയോ, പൊതുപ്രവർത്തകരുടെയോ, പൊതുജനങ്ങളുടെയോ എണ്ണം എത്രയാണെന്ന വിവരം അധികൃതർ ഇതുവരെ പുറത്ത് അറിയിക്കാൻ തയ്യാറായിട്ടില്ല.


Read More Related Articles