ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മഹാരാഷ്ട്ര പൊലീസിന്റെ അനൗദ്യോ​ഗിക തടവിൽ

By on

ഭീമ കൊറേ​ഗാവ് ദളിത് വിജയദിവസം അടുത്ത സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ യോഗവും റാലിയും നടത്താനെത്തിയ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ മഹാരാഷ്ട്ര പൊലീസ് അനൗദ്യോ​ഗികമായി തടഞ്ഞുവെച്ചിരിക്കുകയാണ്. അഞ്ച് മണിക്കൂറിലേറെയായി  ചന്ദ്രശേഖറും മറ്റ് ഭീം ആർമി നേതാക്കളും താമസിച്ചിരുന്ന ഹോട്ടൽ ​ഗേറ്റ് സീൽ ചെയ്ത് വെച്ചിരിക്കുകയാണ് മഹാരാഷ്ട്ര പൊലീസ്.

ഡിസംബർ 29ന് വോർളിയിലെ ജംബോരി മെെതാനത്തിലാണ് ഭീം ആർമിയുടെ യോഗവും റാലിയും നടത്താനിരുന്നത്. യോഗത്തിന് ശേഷം ഭീമ കൊറേ​ഗാവ് സന്ദർശിക്കാനും ചന്ദ്രശേഖർ തീരുമാനിച്ചിരുന്നു. എന്നാൽ മാസങ്ങൾക്ക് മുമ്പ് തന്നെ തീരുമാനിച്ച് അനുമതി തേടിയിട്ടും മഹാരാഷ്ട്ര പൊലീസ് യോഗത്തിന് അനുമതി നൽകിയില്ല.

“മുംബെെ മലാഡ് സ്റ്റേഷനടുത്തുള്ള മണാലി ഹോട്ടലിൽ എന്നെ തടഞ്ഞുവെച്ചിരിക്കുകയാണ് മഹാരാഷ്ട്ര പൊലീസ്. ചില മാധ്യമ സുഹൃത്തുക്കളെ കാണാൻ പോകാനിരിക്കുകയായിരുന്നു ഞാൻ ഹോട്ടലിന്റെ ​ഗേറ്റ് സീൽ ചെയ്ത് വെച്ചിരിക്കുകയാണ് ഭീരുവായ ദേവേന്ദ്ര ഫട്നാവിസിന്റെ പൊലീസ്. ഈ രാജ്യത്ത് സംസാരിക്കാനുള്ള സ്വാതന്ത്ര്യം പോലും ബാക്കിയില്ലേ? നിങ്ങളെന്നെ അറസ്റ്റ് ചെയ്യൂ മഹാരാഷ്ട്ര മുഴുവൻ നിശ്ചലമാക്കാൻ എനിക്ക് കഴിയും. പക്ഷേ ഏകാധിപത്യം ഇവിടെ അനുവദിക്കില്ല. ഫട്നാവിസ് ഇവിടെ മനുസ്മൃതി നടപ്പിലാക്കി തുടങ്ങിയോ? മനുസ്മൃതി ദളിതർക്ക് സംസാരിക്കാനുള്ള അവകാശം പോലും ബാക്കി വെക്കുന്നില്ല. ഓർക്കുക, ഭരണഘടനയെ സംരക്ഷിക്കാൻ ഞാന്‍ ബലി​ദാനിയാകാനും തയ്യാറാണ്.”

ചന്ദ്രശേഖർ ആസാദ് ട്വീറ്റ് ചെയ്തു.


മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ഒരു ഭീംആർമി പ്രതിനിധിയെ പൊലീസ് തള്ളിമാറ്റി. മാധ്യമപ്രവർത്തകരെ ആരെയും ഹോട്ടൽ വളപ്പിലേക്ക് കയറ്റിയിട്ടില്ല. ഹോട്ടലിന് മുന്നിൽ മൂന്ന് പൊലീസ് വാനുകളാണ് കാവൽ നിൽക്കുന്നത്.


“ഞാൻ മുംബെെയിൽ വന്നത് ബാബാ സാഹേബ് അംബേദ്കറോടുള്ള ആദരവറിയിക്കാനാണ്. പക്ഷേ ഇപ്പോൾ ഞാനിവിടെ തടവുകാരനായിരിക്കുന്നു. എന്ത് നിയമത്തിന്റെ കീഴിൽ? എന്തെല്ലാമാണ് എനിക്കെതിരെയുള്ള വകുപ്പുകൾ? ഇത് പൂർണമായും ഭരണഘടനാവിരുദ്ധമാണ്.” തന്റെ ഹോട്ടൽ മുറിയിൽ നിന്നും പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ ചന്ദ്രശേഖർ ചോദിക്കുന്നു.

നാളെ നടക്കാനിരിക്കുന്ന യോഗത്തിന് അനുമതി നിഷേധിച്ചുകൊണ്ട് മഹാരാഷ്ട്ര പൊലീസ് മറാത്തിയിൽ ഉത്തരവ് ഇറക്കിയിട്ടുണ്ട് എന്നാൽ ആ ഉത്തരവിൽ ഹോട്ടൽ വിട്ട് പോകരുത് എന്നോ മാധ്യമങ്ങളോട് സംസാരിക്കരുത് എന്നോ വ്യക്തമാക്കിയിട്ടില്ല.


Read More Related Articles