ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി തകർന്നു; തെലങ്കാന നിലനിർത്തി കെസിആർ

By on

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത് വന്നപ്പോൾ ബിജെപി കനത്ത തിരിച്ചടി ഏറ്റുവാങ്ങി. രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, മിസോറം എന്നിവടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാജസ്ഥാനിലും, മധ്യപ്രദേശിലും, ഛത്തീസ്​ഗഡിലും ഭരണകക്ഷിയായ ബിജെപി തകർന്നു. മിസോറമിൽ കോൺ​ഗ്രസിന് ഭരണം നഷ്ടമായി.

രാജസ്ഥാനിൽ ആകെയുള്ള 200 സീറ്റുകളിൽ 100 ൽ കോൺ​ഗ്രസ് വിജയിച്ചു. രാജസ്ഥാനിൽ ഭരിക്കാൻ 101 സീറ്റുകളാണ് വേണ്ടത്. ഇവിടെ സിപിഐഎം രണ്ട് സീറ്റുകളിൽ വിജയിച്ചിട്ടുണ്ട്. ബിജെപിയ്ക്ക് 73 സീറ്റുകളാണ് ലഭിച്ചത്. മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി രാജസ്ഥാനിൽ 6 സീറ്റുകളിൽ വിജയിച്ചു. ബിഎസ്പി ഉച്ചയ്ക്ക് തന്നെ കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇവിടെ ഭരണം ഉറപ്പായിട്ടുണ്ട്.

ഛത്തീസ്ഡ​ഗിൽ ആകെയുള്ള 90 സീറ്റുകളിൽ 64 ലും കോൺ​ഗ്രസ് വിജയിച്ചു. 18 സീറ്റുകളിൽ മാത്രമാണ് ബിജെപി വിജയിച്ചത്. ഇവിടെ കോൺ​ഗ്രസ് ഭരണം ഉറപ്പായി. 46 സീറ്റുകളാണ് ഛത്തീസ്​ഗഡിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

മധ്യപ്രദേശിൽ ആകെയുള്ള 230 സീറ്റുകളിൽ 115 സീറ്റുകളിൽ കോൺ​ഗ്രസ് വിജയിച്ചു. ബിജെപി 106 സീറ്റുകളിൽ വിജയിച്ചു. മധ്യപ്രദേശിൽ ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റുകളാണ് . ഇവിടെ ബിഎസ്പിയ്ക്ക് രണ്ട് സീറ്റുകളാണ് ലഭിച്ചത്.

മിസോറമിൽ കോൺ​ഗ്രസിന് ചരിത്രപരാജയമേറ്റുവാങ്ങേണ്ടി വന്നു. ആകെയുള്ള 40 സീറ്റുകളിൽ 26 സീറ്റുകളിലും മിസോ നാഷനൽ ഫ്രണ്ട് വിജയിച്ചു. കോൺ​ഗ്രസ് 5 സീറ്റുകളിലാണ് വിജയിക്കാനായത്. ബിജെപി ഇവിടെ ഒരു സീറ്റിൽ മാത്രമാണ് വിജയിച്ചത്. കേന്ദ്രത്തിൽ ബിജെപി സഖ്യകക്ഷികൂടിയാണ് എംഎൻഎഫ്.
തെലങ്കാനയിൽ റ്റി ആർ എസ്-എഐഎംഐഎം സഖ്യം വിജയിച്ചു. മുഖ്യമന്ത്രിയായിരുന്ന ചന്ദ്രശേഖരറാവു വീണ്ടും അധികാരത്തിൽ തിരിച്ചെത്തി. ഓൾ ഇന്ത്യ മജ്ലിസി ഇ ഇത്തിഹാദ് നേതാവ് അസദുദ്ദീൻ ഒവൈസിയുടെ സഹോദരൻ അക്ബറുദ്ദീൻ ഒവൈസി ചന്ദ്രയും​ഗുട്ട മണ്ഡലം നിലനിർത്തി. 1999 മുതൽ ഈ മണ്ഡലത്തിൽ ഒവൈസിയാണ് വിജയിക്കുന്നത്. തെലങ്കാനയിൽ റ്റിആർഎസ്-എഐഎംഐഎം സഖ്യത്തിന് 87 സീറ്റുകളാണുള്ളത്. കോൺ​ഗ്രസ് 19 സീറ്റുകളിൽ‌ വിജയിച്ചു. ബിജെപിയ്ക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. തെലു​ഗുദേശം പാർട്ടിയ്ക്ക് രണ്ട് സീറ്റുകളാണ് ലഭിച്ചത്. 119 സീറ്റുകളാണ് തെലങ്കാനയിൽ ആകെയുള്ളത്. 118 സീറ്റുകളിലെ ഫലമാണ് പുറത്തുവന്നത്. എഐഎംഐഎം നാല് സീറ്റുകളിലാണ് വിജയിച്ചത്.


Read More Related Articles