കശ്മീരിലെ ഏറ്റവും പ്രായംകുറഞ്ഞ പെല്ലറ്റ് വിക്ടിം ഹിബയ്ക്ക് കാഴ്ചശക്തി പൂര്‍ണമായി നഷ്ടപ്പെട്ടേക്കും

By on

ഇന്ത്യന്‍ സെെന്യത്തിന്‍റെ പെല്ലറ്റ് തോക്ക് കൊണ്ട് കണ്ണിൽ പരിക്കേറ്റ ഹിബ നിസാർ എന്ന 18 മാസം പ്രായമായ പെൺകുഞ്ഞിന് കാഴ്ച പൂർണമായും നഷ്ടപ്പെട്ടേക്കും. ഇന്ത്യൻ അധിനിവേശ കശ്മീരിലെ ഷോപിയാനിൽ കപ്രാൻ ​ഗ്രാമത്തിലെ വീട്ടിലായിരുന്നപ്പോഴാണ് നവംബർ 23ന് ഹിബയുടെ കണ്ണിൽ പെല്ലറ്റ് കൊണ്ടത്. ഇപ്പോൾ വേദന കാരണം കണ്ണിൽ തൊട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഹിബ. കണ്ണിൽ പൊടി കയറിയാൽ അണുബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ വീടിന് പുറത്തേക്കൊന്നും കളിക്കാൻ പോകാതെ ഹിബയെ സംരക്ഷിച്ചു നിൽക്കുകയാണ് മാതാവ് മുർസലാ ജാൻ. ഹിബയുടെ വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

 

“ഒരു കൊച്ചുകുഞ്ഞിന് തന്‍റെ വേദന പ്രകടിപ്പിക്കാൻ കഴിയുന്നില്ല, അത് കണ്ട് നിൽക്കാൻ എനിക്ക് അത്രയും പ്രയാസമുണ്ട്” മുര്‍സല പറയുന്നു. ടിയർ ​ഗ്യാസ് ഉണ്ടായിരുന്നു, കുട്ടികൾ ശ്വാസംമുട്ടി ഛർദ്ദിക്കാൻ തുടങ്ങി. ശ്വാസം മുട്ടിയത് കാരണം ഞാൻ കുട്ടികളെ വരാന്തയിലേക്ക് കൊണ്ടുപോയി, വരാന്തയിൽ നിൽക്കുമ്പോഴാണ് ഹിബയുടെ കണ്ണിൽ പെല്ലറ്റ് കൊണ്ടത്. എന്റെ മകനെ ഞാൻ തള്ളി താഴെയിട്ടു. ഹിബയുടെ മുഖം കെെകൾ കൊണ്ട് മറച്ചുപിടിക്കാൻ ശ്രമിച്ചു, പക്ഷേ അപ്പോഴേക്കും അവളുടെ മുഖത്തേക്ക് പെല്ലറ്റ് വന്ന് തറച്ചിരുന്നു. ഉടനെ ഞാൻ പുറത്തിറങ്ങി നിലവിളിച്ചു. ഒരു കൂട്ടം ആൺകുട്ടികൾ റോഡിലുണ്ടായിരുന്നു അവരാണ് ഹിബയെ ആശുപത്രിയിൽ കൊണ്ടുപോയത്. അവർ ബെെക്കിലാണ് ഹിബയെ കൊണ്ടുപോയത്. പിന്നീട് ശ്രീന​ഗറിലെ ഒരു ആശുപത്രിയിലേക്ക് മാറ്റി. അവളുടെ ഭാവി എന്താകും എന്നെനിക്കറിയില്ല.

ഇരുട്ടുമായി അവൾ എന്താണ് ഈ ലോകത്ത് ചെയ്യുക? എവിടെയാണ് വേദനിക്കുന്നത് എന്ന് പോലും പറയാൻ പറ്റാത്ത ഒരു പ്രായമാണ് അവൾക്ക്. കണ്ണടക്കാൻ പറ്റില്ല. കണ്ണിലേക്ക് എപ്പോഴും വിരൽ ചൂണ്ടി ഇരിക്കുകയാണ്. കണ്ണ് അടക്കാറേയില്ല. ചിലപ്പോൾ കണ്ണടക്കുമ്പോൾ നല്ല വേദനയുണ്ടാകുമായിരിക്കും. എന്‍റെ മകൾ വെറുമൊരു സംഖ്യ മാത്രമാണ്, പെല്ലറ്റ് കാരണം കാഴ്ച നഷ്ടപ്പെട്ടവരിൽ വെറും ഒരാൾ.” മുര്‍സല പറയുന്നു.

കപ്രാനിൽ സെെന്യം വിമതർക്ക് നേരെ നടത്തിയ വെടിവെപ്പിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. സ്വന്തം കുടുംബത്തിലെ ആദ്യത്തെ പെല്ലറ്റ് ഇരയല്ല ഹിബ. 2016ൽ ഹിബയുടെ കസിൻ ഇൻഷ മുസ്താഖിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. ബുർ‍ഹാൻ വാനിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടെയാണ് ഇൻഷയ്ക്ക് പെല്ലറ്റ് കൊണ്ട് കാഴ്ച നഷ്ടപ്പെട്ടത്.
മകളുടെ ആദ്യത്തെ സർജറി നടന്നുകൊണ്ടിരിക്കെ ഒഫ്താൽമോളജി വാർഡിൽ നിരവധി പേർ‍ കണ്ണിൽ പെല്ലറ്റ് കൊണ്ട് ചികിത്സ തേടിയെത്തിയിരുന്നു എന്ന് മുർസല പറയുന്നു.
‌ഹിബയുടെ കോർണിയക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണിൽ ദ്വാരമുണ്ടായിട്ടുണ്ട്. ഹിബയുടെ കണ്ണിൽ ഒരു പെല്ലറ്റ് കൂടിയുണ്ട്. ഇനിയും ശസ്ത്രക്രിയകൾ ചെയ്യാനുണ്ട്. ശ്രീ മഹാരാജ ഹരിസിങ് ഹോസ്പിറ്റലിലെ ഡോ.സലീം തക് പറയുന്നു.


Read More Related Articles