‘8 ൽ നിന്നും 4.5 ലേക്കുള്ള ജിഡിപി തകർച്ചയാണ് ബിജെപിയ്ക്ക് അച്ഛേ ദിൻ’ സ്വാതന്ത്ര്യത്തിന്റെ ആദ്യ ശ്വാസമെടുത്തപ്പോൾ ഓർമ്മിച്ചത് കശ്മീരിനെയെന്നും ചിദംബരം

By on

നൂറ്റിയാറ് ദിവസത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ആദ്യം ഓർമ്മിച്ചത് കശ്മീരിനെയെന്ന് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി ചിദംബരം. ജയിൽ മോചിതനായ ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചിദംബരം. ”106 ദിവസത്തെ തടവു ജീവിതത്തിനുശേഷം ഇന്നലെ രാത്രി 8 മണിക്ക് പുറത്തിറങ്ങി സ്വതന്ത്ര്യത്തിന്‍റെ വായു ശ്വസിക്കുമ്പോൾ എന്റെ ആദ്യ ചിന്ത ഓ​ഗസ്റ്റ് 4 മുതൽ അടിസ്ഥാന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് കഴിയുന്ന കശ്മീർ താഴ്വരയിലെ 75 ലക്ഷം ആളുകളെപ്പറ്റിയായിരുന്നു” ചിദംബരം പറഞ്ഞു. കുറ്റങ്ങളൊന്നും തന്നെ ചുമത്താതെ തടവിൽ കഴിയുന്ന കശ്മീരി നേതാക്കളുടെ കാര്യത്തിൽ പ്രത്യേകിച്ചും ആശങ്കയുണ്ടെന്നും ചിദംബരം എഴുതി തയ്യാറാക്കിയ പ്രസ്താവനയിൽ പറഞ്ഞു. ‘സ്വാതന്ത്ര്യം അവിഭാജ്യമാണ് നമ്മുടെ സ്വാതന്ത്ര്യം സംരക്ഷിക്കണമെങ്കിൽ നമ്മൾ അവരുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടണം’ അദ്ദേഹം പറഞ്ഞു.

‘8 ൽ നിന്നും 4.5 ലേക്കുള്ള ജിഡിപി തകർച്ചയാണ് ബിജെപിയ്ക്ക് അച്ഛേ ദിൻ’

കഴിഞ്ഞ ആറു പാദങ്ങളിലെ ആഭ്യന്തര വളർച്ചാ നിരക്ക് രാജ്യത്തിന്റെ അവസ്ഥയെ ഏറ്റവും നന്നായി വ്യക്തമാക്കുന്നുവെന്ന് ചിദംബംരം പറഞ്ഞു. 8 ൽ നിന്നും 7 ലേക്കും 6.6 ലേക്കും 5.8 ലേക്കും 5 ലേക്കും 4.5 ലേക്കുമാണ് ജിഡിപി വളർന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി സർക്കാർ പറയുന്നത് അനുസരിച്ച് 8,7,6.6,5.8, 5, 4.5 എന്ന നിലയിലേക്കുള്ള പോക്കാണ് അച്ഛേ ദിൻ, 2020 ലെ 3 ഉം നാലും പാദങ്ങളും ഒട്ടും മെച്ചമാവാൻ ഇടയില്ല എന്നും ചിദംബരം ചൂണ്ടിക്കാട്ടി. ഇന്നത്തെ ഏറ്റവും സ്ഫോടനാത്മകമായ വിഷയത്തേക്കുറിച്ച് സംസാരിക്കാം എന്ന മുഖവുരയോടെയാണ് ചിദംബരം സാമ്പത്തികാവസ്ഥയെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത്.

സാമ്പത്തിക അവസ്ഥയെപ്പറ്റി ചിദംബരം നടത്തിയ പ്രസ്താവനയുടെ പൂർണ്ണ രൂപം
”തുടങ്ങേണ്ട സ്ഥലം രോ​ഗ നിർണ്ണയമാണ്. രോ​ഗനിർണ്ണയം തെറ്റിയാൽ ചികിത്സ ഉപയോ​ഗശൂന്യമാകും, ചിലപ്പോൾ മാരകവും. സാമ്പത്തിക വർഷത്തിന്റെ ഏഴാം മാസത്തിൽ നിൽക്കുമ്പോഴും ബിജെപി സർക്കാർ വിശ്വസിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നേരിടുന്നത് ചാക്രികകമായ പ്രശ്നമാണെന്നാണ്. സർക്കാരിന് തെറ്റി. ഒരു വിവരവുമില്ലാത്തത് കൊണ്ടാണ് സർക്കാരിന് തെറ്റുപറ്റുന്നത്. കൃത്യമായ സൂചനകൾക്കായി സർക്കാർ തെരയാതിരിക്കുന്നത് നികുതി ഭീകരത, പാളിപ്പോയ ജിഎസ് റ്റി, നോട്ട്നിരോധനം, അമിത നിയന്ത്രണങ്ങൾ, തീരുമാനങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അമിതമായി കേന്ദ്രീകരിക്കുന്ന പ്രവണത തുടങ്ങിയ അതിന്റെ ദുരിതംപിടിച്ച അബദ്ധങ്ങളെ ഒരു കോവർ കഴുതയുടെ ദുശാഠ്യത്തോടെ ന്യായീകരിക്കുന്നതുകൊണ്ടാണ്.
ഞാൻ പറഞ്ഞ ഓരോ കാര്യത്തെപ്പറ്റിയും ദയവായി ചിന്തിക്കുക. വരും ദിനങ്ങളിൽ ഓരോന്നിനെപ്പറ്റിയും വിശദമായി ഞാൻ സംസാരിക്കുകയും എഴുതുകയും അഭിമുഖങ്ങൾ നൽകുകകയും ചെയ്യും.
താഴെപ്പറയുന്ന സംഖ്യാ പരമ്പരയെക്കാൾ മെച്ചമായി മറ്റൊന്നും തന്നെ സാമ്പത്തിക അവസ്ഥയെ സം​ഗ്രഹിക്കുകയില്ല. 8, 7, 6.6, 5.8, 5, 4. കഴിഞ്ഞ ആറ് പാദങ്ങളിലെ സാമ്പത്തിക വളർച്ചയുടെ നിരക്കാണ് ഈ അക്കങ്ങൾ. 2019-2020 ലെ മൂന്നും നാലും പാദങ്ങൾ ഇതിനേക്കാൾ മെച്ചമാവാനുള്ള സാധ്യത ഞാൻ കാണുന്നുമില്ല. വളർച്ച അഞ്ച് ശതമാനമെത്തിയാൽ ഭാ​ഗ്യം. 5 ശതമാനം എന്നത് ഈ സർക്കാരിന് കീഴിൽ ശരിക്കും അഞ്ച് ശതമാനം അല്ല 1.5 ശതമാനം കുറവാണെന്ന ഡോ. അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ മുന്നറിയിപ്പ് ദയവായി ഓർക്കുക. സമ്പദ് വ്യവസ്ഥയെപ്പറ്റി പ്രധാനമന്ത്രി അസാധാരണമായ മൗനത്തിലാണ്. വെറുതെ ഒച്ചപ്പാടുണ്ടാക്കി തെറ്റിദ്ധരിപ്പിക്കാനുള്ള ജോലി അദ്ദേഹം മന്ത്രിമാർക്ക് വിട്ട് നൽകിയിരിക്കുകയാണ്. ഇതിന്റെ ആകെത്തുക എന്നത്, ദ ഇക്കണോമിസ്റ്റ് പറഞ്ഞതുപോലെ എ സർക്കാർ സമ്പദ് വ്യവസ്ഥയുടെ കഴിവുകെട്ട കാര്യസ്ഥനായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ്. ലോകത്തെങ്ങുമുള്ള നിക്ഷേപകരും ബാങ്കേഴ്സും റേറ്റിം​ഗ് ഏജൻസികളും, കമ്പനികളുടെ ഡയറക്റ്റർ ബോഡുകളും ഒക്കെ വായിക്കുന്നത് ഇക്കണോമിസ്റ്റും വോൾ സ്റ്റ്രീറ്റ് ജേണലും ഒക്കെയാണ്. കടുത്ത പ്രതിസന്ധിയിലുള്ള ഒരു സമ്പദ്വ്യവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്ന അക്കങ്ങളെ അവർ സൂക്ഷ്മതയോടെ ശ്രദ്ധിക്കുകയും ചെയ്യും. ഓരോ അക്കവും. ഞാൻ ആവർത്തിക്കുന്നു, ഓരോ അക്കവും! കുറച്ച് ഇതാ ഇവിടെയുണ്ട്. ഇതിലും കൂടുതലുണ്ട് അത്. അവയിലൊരുപാട് നിങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോയി നിങ്ങളുടെ തന്നെ വിവരങ്ങൾ പരിശോധിച്ചാൽ മതി. സർക്കാർ മാത്രമാണ് അവ നിഷേധിക്കുന്നത്. എൻഎസ്എസ്ഒ പറയുന്നതനുസരിച്ച് ​ഗ്രാമീണ ഉപഭോ​ഗം ഇടിഞ്ഞ,. ​ഗ്രാമീണ വേതനം കുറഞ്ഞു, ഉത്പാദക മൂല്യം ഇടിഞ്ഞു, പ്രത്യേകിച്ചും കർഷകർക്ക്. ദിവസക്കൂലിക്കാർക്ക് മാസത്തിൽ 15 ദിവസത്തിലധികം ജോലിയില്ല, തൊഴിലുറപ്പിനായുള്ള ആവശ്യം ഉയരുകയാണ്, ഫാസ്റ്റ് മൂവിം​ഗ് ഉപഭോ​ഗ വസ്തുക്കളുടെ വിൽപ്പന ഇടിഞ്ഞു. മൊത്തക്കച്ചവട വില ഉയർന്നു, ഉപഭോക്ത‌ വില സൂചിക കുതിച്ചുയരുന്നു, ഉള്ളി വിൽപ്പന കിലോയ്ക്ക് നൂറ് രൂപയായി. ഇതൊക്ക എന്താണ് സൂചിപ്പിക്കുന്നത്. ഭയവും അനിശ്ചിതത്വവും കാരണം ജനങ്ങൾക്ക് ഉപഭോ​ഗാ​ഗ്രഹം ഇല്ലാതാവുകയും, അവരുടെ കൈയ്യിൽ പണമില്ലാതാവുകയും ചെയ്തതോടെ ആവശ്യം ഇല്ലാതായിരിക്കുന്നു. ആവശ്യം അധികരിച്ചില്ലെങ്കിൽ ഉത്പാദനമോ നിക്ഷേപമോ വർദ്ധിക്കില്ല. എല്ലാ താപനിലയങ്ങളുടെയും ഉത്പാദന ശേഷി 48 ശതമാനമാണ് നിലവിലുള്ള വൈദ്യുതി ശേഷിയുടെ പകുതി നിലച്ചാൽ അതിനേക്കാൾ വലിയ ദുരന്തമുണ്ടാവാനില്ല. ഇപ്പോഴത്തെ മാന്ദ്യത്തെ സർക്കാർ വിളിക്കുന്നത് ചാക്രികം എന്നാണ് കാലികം എന്ന് അവർ പറയാത്തതിന് ദൈവത്തിന് നന്ദി. അത് ഘടനാപരമാണ് എന്നാൽ ആ പ്രശ്നത്തെ അഭിസംബോധന ചെയ്യാനുള്ള പരിഹാരമോ പരിഷ്കാരമോ സർക്കാരിന്റെ പക്കൽ ഇല്ല. 2004 നും 2014 നും ഇടയിൽ യുപിഎ സർക്കാർ 14 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും ഉയർത്തിക്കൊണ്ടുവന്നു. എൻഡിഎ ആവട്ടെ 2016 മുതൽ ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യ രേഖയ്ക്ക് താഴേയ്ക്ക് തള്ളി വിട്ടു. മാന്ദ്യത്തിൽ നിന്നും സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനാവും. പക്ഷേ ഈ സർക്കാരിന് അതിന് കഴിയില്ല. കോൺ​ഗ്രസിനും മറ്റ് ചില പാർട്ടികൾക്കും മാന്ദ്യത്തിൽ നിന്നും സാമ്പത്തിക അവസ്ഥയെ രക്ഷിച്ച് പുരോ​ഗതിയിലേക്ക് നയിക്കാനുള്ള ശേഷിയുണ്ട്, പക്ഷേ നല്ല സമയത്തിനായി നാം കാത്തിരിക്കേണ്ടതുണ്ട്”.

സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ ബിജെപി സര്‍ക്കാരിന് കാര്യപ്രാപ്തിയില്ലായ്മയാണെങ്കില്‍ കശ്മീരിന്‍റെ കാര്യത്തില് അഹന്തയാണെന്നും പി ചിദംബരം പറഞ്ഞു. ”കശ്മീരില്‍ ജനങ്ങളുടെ അടിസ്ഥാന സ്വാതന്ത്ര്യം അടിച്ചമര്‍ത്തണമെന്ന ദുരുദ്ദ്യേശത്തോടെയുള്ള രൂപകല്‍പ്പന ചെയ്ത നയമാണ് നടപ്പാക്കിയത്. സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ അറിവില്ലായ്മയാണ്”. ചിദംബരം പറഞ്ഞു.


Read More Related Articles