പ്രായശ്ചിത്തം ചെയ്തെന്ന വാര്‍ത്ത വ്യാജം; പ്രായശ്ചിത്തമായി ശബരിമലയില്‍ പോവുന്നില്ലെന്ന് ബിന്ദുവിന്‍റെ അമ്മ തങ്കം

By on

ബിന്ദു തങ്കം ശബരിമലയില്‍ പോയതിന് താന്‍ പ്രായശ്ചിത്തം ചെയ്യുമെന്ന വാര്‍ത്ത നിഷേധിച്ച് ബിന്ദുവിന്‍റെ അമ്മ തങ്കം. ഒരു സംഘമാളുകള്‍ നിര്‍ബന്ധപൂര്‍വ്വം നാമജപം നടത്തുകയായിരുന്നുവെന്നും തങ്കം കീബോഡ് ജേണലിനോട് പറഞ്ഞു. പ്രദേശത്തെ ബിജെപി നേതൃത്വത്തില്‍ വീട്ടിലെത്തി നാമജപം നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍  പൊലീസ് സുരക്ഷ കണക്കിലെടുത്ത് അതിന് അനുവാദം നല്‍കിയില്ല. തുടര്‍ന്ന് ബിജെപി നേതാവിന്‍റെ വീട്ടിലേക്ക് രക്ഷിതാക്കളെ എത്തിക്കുകയായിരുന്നു. തന്‍റെ അമ്മയെ അടക്കം ഭയപ്പെടുത്തിയാണ് നാമജപം നടക്കുന്ന വീട്ടിലേക്ക് എത്തിച്ചതെന്ന് ബിന്ദു തങ്കവും പറഞ്ഞു. പ്രായശ്ചിത്തം ചെയ്യാന്‍ ശബരിമലയില്‍ പോകുമെന്ന വാര്‍ത്തയും ബിന്ദുവിന്‍റെ മാതാവ് നിഷേധിച്ചു.

 “ഞാൻ ശബരിമലയിലൊന്നും പോകാൻ പോകുന്നില്ല. ഈ വർഷം എന്തായാലും പോകുന്നില്ല. ബിന്ദു ശബരിമലയിൽ പോയതിന് പ്രായശ്ചിത്തമായി ഞാൻ ശബരിമലയിൽ പോകും എന്ന് പറയുന്ന വാർത്ത ഞാനും കണ്ടിരുന്നു. എനിക്ക് കണ്ണ് കാണില്ല വേറൊരാൾ വായിച്ച് കേൾപ്പിച്ചു. അവർ വാർത്തയിൽ വെച്ച പടം കണ്ടില്ലേ? അവരെന്തൊക്കെയോ പറഞ്ഞു ഞാനൊന്നും മിണ്ടിയില്ല. ഞാനവിടെ പോയപ്പോൾ ഒന്നും മിണ്ടിയിരുന്നില്ല. അവരെന്നോട് ഭ​ഗവാന്‍റെ കാല് പിടിക്കാൻ പറഞ്ഞു. അവർ പറഞ്ഞ കാര്യമാ പത്രത്തിൽ വന്നത്. ഇപ്പോഴിവിടെ പൊലീസ് പ്രൊട്ടക്ഷൻ ഉണ്ട്. ആ സംഭവത്തിന് ശേഷം ആരും ഈ വഴി വന്നിട്ടില്ല.”- തങ്കം പറഞ്ഞു.

സംഭവത്തെക്കുറിച്ച് ബിന്ദു പറയുന്നത് ഇങ്ങനെ 

“ഈ വാർത്ത അവർ വ്യാജമായി സൃഷ്ടിച്ചതാണ്. ഇവർ പറയുന്ന പോലെ സംഭവിച്ചതല്ല. കാരണം അവിടെ ഞാൻ ശബരിമലയ്ക്ക് പോയി എന്നറിഞ്ഞപ്പോൾ തന്നെ വീടിനടുത്തേക്ക് രണ്ട് പ്രാവശ്യം പ്രകടനം നടത്തി. വളരെ അക്രമാസക്തമായി പ്രകടനം നടത്തിയ അവർ വീട്ടുകാരെ പേടിപ്പിക്കുകയായിരുന്നു. അമ്മയും പപ്പയും ശരിക്ക് പേടിച്ചുപോയി. ആ സമയത്ത് മൂന്നാമത്തെ തവണ അവർ ചെയ്തത് വീട്ടിൽ വന്ന് കോംപ്രമെെസ് ചെയ്യാൻ ശ്രമിക്കുകയാണ്. നമ്മളെല്ലാവരും ഒരുമിച്ച് പോകണം, നമുക്കെല്ലാവർക്കും സഹകരിച്ച് മുമ്പോട്ട് പോകാം എന്ന അടവെടുത്ത് സംസാരിച്ചിട്ട് അവരോട് പറഞ്ഞു നമുക്കതിന് പരിഹാരമായി നമ്മുടെ വീട്ടിൽ വെച്ച് നാമജപം നടത്താം അച്ഛനും അമ്മയും അതിൽ പങ്കെടുത്താൽ മതി എന്ന് പറഞ്ഞു. നമ്മൾ പത്തുപന്ത്രണ്ട് പേർ വരാം എന്നിട്ട് നമുക്ക് അങ്ങനെ ചെയ്യാം എന്ന് പറഞ്ഞു.

പ്രകടനമെല്ലാം കഴിഞ്ഞ് പൊലീസ് വന്നു, സെക്യൂരിറ്റി കൊടുക്കുന്നു, പൊലീസുകാർ വന്നുംപോയും അന്വേഷിക്കുന്നു, ഞാൻ പോയി എന്ന വാർത്ത വന്നയുടനെ പൊലീസ് വീട്ടിൽ വന്നു അങ്ങനെയൊക്കെ വന്ന സമയത്ത് എന്തോ സംഭവിക്കുന്നു എന്നിവർ പേടിക്കുകയും ചെയ്തു. അതിന്‍റെ കൂടെത്തന്നെ ബിജെപിക്കാരുടെ അക്രമാസക്തമായ പ്രകടനം വീടിന്‍റെ രണ്ട് വശത്ത് കൂടെ, രണ്ട് റോഡിലൂടെയും വരുന്നത്. പൊലീസ് വന്ന് അത് തടഞ്ഞ ശേഷമാണ് ഇവർ വീട്ടിൽ വന്ന് ഈ കോംപ്രമെെസ് ചർച്ച നടത്തുന്നത്. ഇവരുടെ രാഷ്ട്രീയ അജൻഡ ആണിതെന്ന് അമ്മയ്ക്കും അച്ഛനും മനസ്സിലായില്ല, ഇവർ പ്രശ്നം പരിഹരിക്കാൻ വരുന്നതാണ് അങ്ങനെയെങ്കിൽ പരിഹരിച്ചോട്ടെ എന്നവർ മനസ്സിൽ വിചാരിച്ചുകാണും. പക്ഷേ വീട്ടിൽ നാമജപം നടത്തണം എന്ന് പറഞ്ഞപ്പോൾ അവർക്കതിന് അനുമതി കൊടുക്കാനോ സമ്മതിക്കാതിരിക്കാനോ ഒന്നും പറ്റുന്ന ഒരു മാനസികാവസ്ഥയിലായിരുന്നില്ല. അവരത്രമാത്രം പേടിച്ചിരുന്നു. അവരുടെ അക്രമാസക്തമായ വരവ് കണ്ടിട്ട്. അവർ തന്നെയാണല്ലോ നമുക്ക് നാമജപം നടത്താം എന്ന് പറയുന്നത്. അമ്മയും പപ്പയും ഒന്നും മിണ്ടിയില്ല, സമ്മതിച്ചു എന്ന മട്ടിൽ വെെകിട്ട് ആറരയ്ക്ക് വരാം എന്നു പറഞ്ഞ് അവർ പോകുകയും ചെയ്തു. കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള എഎസ്എെയും സംഘവുമാണ് വീട്ടിൽ പ്രൊട്ടക്ഷൻ തരുന്നത്. അവർ ചോദിച്ചു എന്താ അവർ സംസാരിച്ചതെന്ന്. അപ്പോൾ അമ്മ പറഞ്ഞു നാമജപം നടത്തണം വെെകീട്ട് അവർ വരുമെന്ന് പറഞ്ഞു എന്ന്. അപ്പോൾ എഎസ്എെ പറഞ്ഞു അതൊന്നും നടക്കില്ല നമ്മളിവിടെ സെക്യൂരിറ്റി തരുന്നുണ്ട്, രണ്ട് പ്രാവശ്യം അവർ പ്രകടനം നടത്തി, നിങ്ങളുടെ ജീവന് ഭീഷണിയായി അതുകൊണ്ട് വീട്ടിനകത്ത് വെച്ച് അങ്ങനെയൊന്നും നടത്താൻ പറ്റില്ല, വീടിന്‍റെ മുറ്റത്തോ നിങ്ങളുടെ പറമ്പിലോ എവിടെയും നടത്താൻ പറ്റില്ല, 200 മീറ്റർ അപ്പുറത്ത് വെച്ച് നടത്തിക്കോട്ടെ എന്ന് സ്റ്റേഷനിൽ എസ്എെയെ വിളിച്ച് അമ്മയും പപ്പയും സംസാരിച്ച് കാര്യം പറഞ്ഞു.

ഇവർക്കിനി കാര്യം അവരെ അറിയിക്കണമല്ലോ. അവരിനി ഇത് വേണ്ട എന്ന് പറയുമ്പോൾ ബിജെപിക്കാർ, ആർഎസ്എസ്കാർ കൂടി എന്താ ഇനി ചെയ്യാൻ പോകുന്നത് എന്ന പേടി അമ്മയ്ക്കും പപ്പയ്ക്കും സ്വാഭാവികമായി ഉണ്ടായി. അപ്പോ ചേട്ടൻ അവിടെയുണ്ട് ചേട്ടനോട് പറഞ്ഞു എങ്ങനെയെങ്കിലും അവരെ അറിയിക്കാം എന്ന്. അപ്പോ അനിയത്തിയെ വിളിച്ച് പറയാമെന്ന് പറഞ്ഞു അനിയത്തിയുടെ ഭർത്താവിന് ബിജെപിയുമായി എന്തോ കണക്ഷനുണ്ട്. ചേട്ടൻ വിളിച്ച് അവളോട് പറഞ്ഞു ഇവിടെ വെച്ച് നാമജപം നടത്താൻ പറ്റില്ലെന്ന് പൊലീസ് പറഞ്ഞു, 200 മീറ്റർ അപ്പുറത്ത് വെച്ചേ നടത്താൻ പറ്റുവെന്ന് അവർ പറഞ്ഞെന്ന് പറഞ്ഞു. അവർ നേരെ പോയി, സാമുദായികമായി ഞങ്ങളുടെ ഒരു അമ്പലമുണ്ട്. അഖില ഭാരത സാംബവ മഹാസഭയുടെ യൂണിറ്റിലാണ് ഞങ്ങളുടെ അമ്പലമുള്ളത്. എന്‍റെ പപ്പയുടെ മൂത്ത ചേട്ടന്‍റെ മകനാണ് അവിടെ കാര്യങ്ങൾ നോക്കുന്നത്. ഞങ്ങളുടെ പരിസരത്ത് തന്നെയാണ് അവർ താമസിക്കുന്നത്. അങ്ങനെയെങ്കിൽ നമ്മൾ അമ്പലത്തിൽ ചെന്ന് നാമജപം നടത്തിക്കോട്ടെ എന്ന് ആർഎസ്എസുകാർ ചോദിച്ചു അപ്പോ അവിടത്തെ ചേട്ടൻ പറഞ്ഞു അത് പറ്റില്ല ഞങ്ങളൊരുപാട് കുടുംബക്കാർ ഒരുമിച്ച് നിൽക്കുന്നതാണ് എല്ലാവരോടും ചോദിച്ച് അനുവാദം വാങ്ങാതെ എനിക്കതൊന്നും പറ്റില്ലെന്ന് പറഞ്‍ഞ് തടഞ്ഞു. പിന്നെ അവർ എന്‍റെ വീടിനടുത്തുള്ള രണ്ട് നായർ കുടുംബങ്ങളെയാണ് സമീപിച്ചത്. ചെറുപ്പം തൊട്ടേ ഞങ്ങളെ അറിയുന്ന ആൾക്കാരും ഞങ്ങളോട് സ്നേഹമുള്ള മനുഷ്യരും ഒക്കെയാണ് ഞങ്ങൾ അവരുടെ ഇടയിലാണല്ലോ വളർന്നത്. അവിടത്തെ പിള്ളേരൊക്കെ ഞങ്ങളുടെ സുഹൃത്തുക്കളുമാണ്. രണ്ടിടത്തും പോയി ചോദിച്ചപ്പോഴും അവിടത്തെ രണ്ട് പെൺകുട്ടികളും കല്യാണം കഴിച്ചുവന്ന പെൺകുട്ടികളാണ്. അവരുടെ കുടുംബത്തിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞു ഹസ്ബന്‍റ് ഇവിടെയില്ല ഞങ്ങൾക്കങ്ങനെ ഒറ്റയ്ക്ക് തീരുമാനിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് അവരൊഴിവാക്കി. അതിന് ശേഷമാണ് ഇവർക്കൊരു ​ഗതിയും ഇല്ലാതായപ്പോൾ ഇവരൊരു ബിജെപി നേതാവിന്‍റെ വീട്ടിൽ തന്നെ അവിടെ നടത്താൻ തീരുമാനിച്ചു. ​ഗോപി എന്നാണ് അയാളുടെ പേര്. ​ഗോപിയുടെ വീട്ടിലാണ് ഈ നാമജപം നടത്താൻ തീരുമാനിച്ചത്. അമ്മയോട് പറഞ്ഞു അവിടെ ചെന്ന് വിളക്ക് കത്തിച്ചുകൊടുക്കണം നിങ്ങളവിടെ വരെ വരണം എന്ന്. അമ്മയ്ക്ക് നമ്മുടെ വീട്ടിൽ വെച്ച് നടത്താൻ പറ്റില്ലെന്ന് പറഞ്ഞതിന് ഇവർക്ക് വെെരാ​ഗ്യമുണ്ടോ ഇനി അതിന്‍റെ പേരിൽ എന്നെയോ സഹോ​ദരങ്ങളെയോ ഒക്കെ ശാരീരികമായി ഉപദ്രവിക്കുകയോ കൊല്ലുമോ എന്നൊക്കെയുള്ള പേടികൊണ്ട് അമ്മയും പപ്പായും ഞങ്ങളവിടെ വരെ പോയിവരാം എന്നുപറഞ്ഞ് പോയി. ചേട്ടൻ പോയില്ല ചേട്ടൻ പറഞ്ഞു ഞാനത്തരം പരിപാടിയിൽ പങ്കെടുക്കില്ല എനിക്ക് താൽപര്യമില്ല എന്ന്. അവരവിടെ പോയി പൊലീസുകാർ പറഞ്ഞ കാര്യം അറിയിച്ചു.

സംസാരിക്കുമ്പോഴാണ് അമ്മ പറഞ്ഞത് ശബരിമലയ്ക്ക് പോകാൻ നിങ്ങൾ വരണം ശബരിമലയിലേക്ക് അച്ഛനെയും അമ്മയെയും കൊണ്ടുപോകാം എന്ന്. അവർ പറഞ്ഞു ഞങ്ങൾക്ക് രണ്ട് പേർക്കും പ്രായമായി കണ്ണ് കാണില്ല, ഒരു കണ്ണിന് മാത്രമേ കാഴ്ചശക്തി ഉള്ളൂ. ഞാൻ കുറേ കാലങ്ങളായി അമ്മയുടെ കൂടെ നിന്നാണ് ട്രീറ്റ്മെന്‍റ് എടുക്കുന്നത്. അപ്പോ ഒരു കണ്ണിന് സർജറി വേണം ഒരു കണ്ണിന്‍റെ കാഴ്ച മൊത്തത്തിൽ പോയിരുന്നു. അവർ പറഞ്ഞു അതൊന്നും സാരമില്ല കൊണ്ടുപോയ്ക്കോളാം എന്ന്. അപ്പോ പപ്പ പറഞ്ഞു എനിക്ക് ഒരു ചുവട് പോലും നടക്കാൻ കഴിയാത്ത ആരോ​ഗ്യാവസ്ഥയാണ് ഉള്ളത്, ഞങ്ങൾക്ക് ശബരിമലയിൽ ഒന്നും പോകാനുള്ള ആരോ​ഗ്യാവസ്ഥയില്ല എന്തായാലും രണ്ടുപേർക്കും വരാൻ പറ്റില്ലെന്ന് പറഞ്ഞു. അത്രയും സംസാരിച്ചശേഷം അവർ പറഞ്ഞു നവംബർ അഞ്ചാം തീയതിക്ക് മുമ്പെ വിവരം പറഞ്ഞാൽ മതിയെന്ന്. എന്നിട്ടിവരെ വിടുകയും ചെയ്തു. അവർ പറഞ്ഞു അഞ്ചാം തീയ്യതി കഴിഞ്ഞാലും ആരോ​ഗ്യപ്രശ്നങ്ങൾ കാരണം പോകാൻ പറ്റില്ലെന്ന്. ഇവർ അമ്മച്ചിക്ക് അവിടെനിന്ന് സെറ്റ് മുണ്ട് കൊടുത്തു എന്ന് പറഞ്ഞു.സെറ്റ് മുണ്ട് കൊടുക്കുന്ന ഫോട്ടോയും പപ്പായും അമ്മയും അവിടെ ചെന്ന് നിൽക്കുന്ന ഫോട്ടോയും അവരെടുത്ത് വ്യാപകമായി പ്രചരിപ്പിച്ച് അവരുണ്ടാക്കിയ വാർത്തയാണ് അവർ ശബരിമലയിൽ പോകാൻ തയ്യാറായി, അവർ പ്രായശ്ചിത്തം ചെയ്തു അവർക്ക് കുറ്റബോധമുണ്ട് പശ്ചാത്താപമുണ്ട് എന്നൊക്കെ. അങ്ങനെയൊരു സംഭവവും അവിടെ നടന്നിട്ടില്ല.

വാർത്ത വന്ന് രാവിലെ തന്നെ ഞാൻ അവരെ വിളിച്ചു. എന്‍റെ ചിറ്റയാണ് വിളിച്ചു പറഞ്ഞത് ഇങ്ങനെയൊരു വാർത്ത വന്നിട്ടുണ്ട് ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല, അവർ കള്ള വാർത്ത ഇട്ടേക്കുന്നതാണ് എന്ന് എന്നോട് ചിറ്റ പറഞ്ഞു. ഞാനപ്പോൾ അമ്മയെ വിളിച്ചു സംസാരിച്ചു. അമ്മയോട് ആരാ അവിടെ വന്നതെന്ന് ചോദിച്ചപ്പോൾ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു. ഇങ്ങനെയൊക്കെയാണ് സംഭവിച്ചത് ഈ വിവരങ്ങളൊന്നും ‍ഞങ്ങൾക്കറിയുകയേ ഇല്ല ഈ വാർത്ത എന്ന്. അമ്മ സംസാരിച്ച ശേഷം ചേട്ടനോട് സംസാരിച്ചപ്പോൾ ചേട്ടൻ പറഞ്ഞു അത് അമ്മയെയും പപ്പയെയും ഞാൻ എന്തായാലും ശബരിമലയിൽ വിടില്ല പ്രത്യേകിച്ച് ഈ കാരണം പറഞ്ഞ് ഒരു കാരണവശാലും വിടില്ല അമ്മയ്ക്കും പപ്പയ്ക്കും എപ്പോഴെങ്കിലും പോകണമെന്ന് ആ​ഗ്രഹമുണ്ടെങ്കിൽ ആരോ​ഗ്യം ശരിയാകുന്ന സമയത്ത് ഞാനവരെ കൊണ്ടുപോയ്ക്കോളും അല്ലാതെ ബിജെപിക്കാരും ആർഎസ്എസുകാരും വന്ന് എന്റെ അച്ഛനെയും അമ്മയെയും ശബരിമലയ്ക്ക് കൊണ്ടുപോകേണ്ട കാര്യമില്ല അതിനുള്ളതൊന്നും ഇവിടെ നടന്നിട്ടില്ലെന്ന് പറഞ്ഞു. പിന്നെ പ്രത്യേകിച്ചും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം തലേദിവസം നടന്നത് ചേട്ടനും കേട്ടതാണ്. അപ്പോ പറഞ്ഞു മുഖ്യമന്ത്രി ശക്തമായി പറഞ്ഞത് ഇങ്ങനെയാണല്ലോ ​ഗവണ്മെന്റ് അതിനെ അനുകൂലിക്കുന്നു, വിധി നടപ്പാക്കും സ്ത്രീകൾ ശബരിമലയിൽ കയറുന്നതിന് ഞങ്ങൾക്ക് പ്രശ്നമില്ല, ശബരിമല കയറുന്ന സ്ത്രീകളാരും കുറ്റക്കാരല്ല എന്ന രീതിയിൽ വലിയ വാർത്താ സമ്മേളനവും പത്തനംതിട്ടയിലെ വിശദീകരണ യോ​ഗവും ടിവിയിൽ കണ്ടു. അവൻ പറഞ്ഞു ഒരു കാരണവശാലും നീയതിൽ വിഷമിക്കണ്ട ഞങ്ങളാരും നിനക്കെതിരെ ഒന്നും ചെയ്തിട്ടില്ല. ഞങ്ങളെല്ലാം നിന്‍റെ കൂടെ ഉണ്ട്. നിയമപരമായി നിനക്ക് ഇതിനെ നേരിടാൻ എന്തൊക്കെ ചെയ്യാൻ പറ്റും അതൊക്കെ ചെയ്തോ, ഞങ്ങൾ ഒപ്പമുണ്ട് എന്ന് പറഞ്ഞു.

ഞാൻ ചോദിച്ചു ഞാൻ ശബരിമലയിൽ പോയതിന് ചേട്ടന് പ്രശ്നമുണ്ടോ എന്ന്. ചേട്ടൻ പറഞ്ഞു ഞങ്ങൾക്കൊരു പ്രശ്നവുമില്ല അത് നിന്‍റെ ഇഷ്ടമല്ലേ പോകാമെന്നുള്ള വിധി വന്നല്ലോ അതുകൊണ്ട് അവരവിടെ കാണിക്കുന്നതൊന്നും മെെൻഡ് ചെയ്യുന്നില്ല. ഞങ്ങൾക്കിവിടെ പ്രകടനം നടന്നു, പൊലീസ് വന്നു, ഇത്തരം സാഹചര്യങ്ങൾ വന്നപ്പോൾ നിന്‍റെ സുരക്ഷയോർത്ത് പേടിച്ചുപോയി. ആ ഒരു കാര്യം കൊണ്ട് ഞങ്ങൾക്ക് ഇങ്ങനെയുള്ള കാര്യങ്ങളിൽ പെട്ടെന്ന് എന്താ ചെയ്യേണ്ടത് എന്ന് കൺഫ്യൂഷൻ വന്നു. പക്ഷേ ഞങ്ങൾ അവരോട് അനുകൂലിച്ച് യാതൊരു നിലപാടും എടുത്തിട്ടില്ലെന്ന് പറഞ്ഞു. അമ്മയോടും ചോദിച്ചു ഞാൻ പോയതിൽ പ്രശ്നമുണ്ടോ എന്ന്. അമ്മ പറഞ്ഞു എനിക്കൊരു കുഴപ്പവും ഇല്ല ശബരിമലയിൽ പോകുന്നതിന് എന്താ പ്രശ്നം നമുക്ക് പോകാമല്ലോ പോകുന്നതിന് പ്രശ്നമൊന്നുമില്ലല്ലോ എന്ന തരത്തിലാണ് മറുപടി. പപ്പായ്ക്കും അങ്ങനെ കുഴപ്പമില്ല. അവർക്കാർക്കും കുഴപ്പമില്ല. ഇവന്മാർ ചെയ്തത് ഇങ്ങനെയൊരു സിറ്റ്വേഷൻ ഉണ്ടാക്കി വേറെയേതോ വീട്ടിൽ നടത്തിയ പരിപാടിയിൽ വിളിച്ചുവരുത്തി അവർക്ക് സെറ്റ്മുണ്ട് കൊടുത്ത് നിലവിളക്ക് കൊളുത്തിച്ച് ഫോട്ടോ എടുത്തുണ്ടാക്കിയ വാർത്തയാണിത്.”


Read More Related Articles