സുരക്ഷ ലഭിച്ചില്ലെങ്കില്‍ ദലിതരും മുസ്ലിങ്ങളും സ്വയരക്ഷയ്ക്ക് ആയുധ ലൈസന്‍സും പരിശീലനവും തേടേണ്ടിവരുമെന്ന് സുപ്രിം കോടതി അഭിഭാഷകൻ മഹമൂദ് പറാച
സുരക്ഷ ഒരുക്കേണ്ടവര്‍ അത് നല്‍കുന്നില്ലെങ്കില്‍ സംഘപരിവാര്‍ ആക്രമണം നേരിടുന്ന മുസ്ലിങ്ങളും ദലിതരും അതിനെ ചെറുക്കാന്‍ ആയുധ ലൈസന്‍സും പരിശീലനവും നേടേണ്ടിവരുമെന്ന മഹ്മൂദ് പറാചയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ആയുധ ലൈസന്‍സ് നേടുന്നതിനുള്ള നിയമ പ്രക്രിയ പരിചയപ്പെടുത്താനായി ലഖ്നൌവില്‍ നടത്താനിരുന്ന ക്യാംപ് മാറ്റി വച്ചു. അഭിഭാഷകന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും വിവാദങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് ക്യാംപ് മാറ്റി വച്ചത്. ജൂലൈ 26 നാണ് ക്യാംപ് നടത്താനിരുന്നത്.
ജൂലെെ രണ്ടാമാഴ്ച ഡെൽഹി പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഹിന്ദുത്വ വിദ്വേഷ ആക്രമണങ്ങൾക്കിരയാകുന്ന ദളിതരും മുസ്ലിങ്ങളും മറ്റ് ന്യൂനപക്ഷവിഭാഗങ്ങളും സ്വയരക്ഷയ്ക്കായി തോക്ക് കെെവശം വെക്കാനുള്ള ലെെസൻസ് സ്വന്തമാക്കേണ്ടിവരുമെന്ന് മഹമൂദ് പറാച പറഞ്ഞത്.
”സുരക്ഷ ഉറപ്പുനൽകേണ്ടവർ അത് ചെയ്യുന്നില്ലെങ്കിൽ ദളിതർക്കും മുസ്ലിങ്ങൾക്കും സ്വയരക്ഷയ്ക്ക് വേണ്ടി ആയുധം കെെവശം സൂക്ഷിക്കേണ്ടിയും ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ അത് ഉപയോഗിക്കേണ്ടിയും വരും. തോക്ക് വാങ്ങിക്കാനായി ദുർബല വിഭാഗങ്ങളിൽ പെട്ടവർക്ക് ആഭരണമോ വസ്തുവകകളോ വിൽക്കണമെങ്കിൽ അവരത് ചെയ്യണം, സ്വയ രക്ഷയ്ക്ക് വേണ്ടി ആയുധം സ്വന്തമാക്കാൻ വേണ്ടിയാണ് അത്. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ഉപദ്രവിച്ച് എളുപ്പത്തിൽ രക്ഷപ്പെട്ട് പോകാം എന്ന് കരുതുന്നവരെ ഭയപ്പെടുത്താൻ കൂടി തോക്കിന് കഴിയും”. ഇങ്ങനെയാണ് മഹമൂദ് പറാച പറഞ്ഞത്.
ഒരു തോക്ക് കെെവശം വെക്കുന്നതിനുള്ള നിയമപരമായ പ്രക്രിയകളെപ്പറ്റി പരിചയപ്പെടുത്താൻ ജൂലെെ 26ന് ഉത്തർപ്രദേശിന്‍റെ തലസ്ഥാനമായ ലഖ്നൗവിൽ ക്യാമ്പ് നടത്തുമെന്നും മഹമൂദ് പറാച വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. മൗലാനാ ഖൽബേ ജവാദിന്‍റെ നേതൃത്വത്തിലാണ് ക്യാംപ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതിനെ ഭരണഘടനാവിരുദ്ധമായ ആയുധ പരിശീലന ക്യാംപായാണ് ഹിന്ദുത്വ മാധ്യമങ്ങൾ അവതരിപ്പിച്ചത്.
”മാധ്യമങ്ങൾ ഞങ്ങളെ തെറ്റായി അവതരിപ്പിക്കുകയാണ്. ക്യാംപിൽ ആയുധപരിശീലനം ഉണ്ടായിരിക്കും എന്നാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. അത് തീർത്തും തെറ്റാണ്. സംഘം ചേർന്ന് നടപ്പിലാക്കുന്ന കൊലപാതകങ്ങൾക്കെതിരെ സർക്കാർ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്നാണ് ഞങ്ങൾ നോക്കുന്നത്, അതുവരെ ഈ ക്യാംപ് മാറ്റിവെക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംഘം ചേർന്നുള്ള കൊലപാതകങ്ങൾക്കെതിരെ നിയമനിർമാണം ആവശ്യപ്പെട്ടുകൊണ്ട് ഞങ്ങൾ രാഷ്ട്രീയനേതാക്കളെ സമീപിക്കും” മൗലാനാ ഖൽബേ ജവാദ് വാർത്തകളോട് പ്രതികരിച്ചു.