ഏകാന്തതടവ്, റ്റോയ്ലറ്റിലേക്കടക്കം കടക്കുന്ന ക്യാമറ നിരീക്ഷണം, പുറം കാഴ്ച തടയുന്ന ​ഗ്രിൽ; അതിസുരക്ഷാ ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങൾ വിവരിച്ച് ഹെെ കോടതി ചീഫ് ജസ്റ്റിസിന് രൂപേഷിന്റെ പരാതിക്കത്ത്

By on

മൗലിക അവകാശങ്ങളുടെയും ജയിൽ നിയമങ്ങളുടെയും അട്ടിമറികൾ ചൂണ്ടിക്കാട്ടി മാവോയിസ്റ്റ് കേസുകളിൽ വിചാരണ തടവുകാരനായി വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ രൂപേഷ് കേരള ഹെെക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി. ജയിലിൽ ഐആർബി പൊലീസ് നിർബന്ധിത ന​ഗ്ന പരിശോധന നടത്തുന്നതിനെതിരെയും തടവുകാരെ ഒരു മണിക്കൂർ പോലും പുറത്തുവിടാതിരിക്കുന്നതിനെതിരെയും അതീവ സുരക്ഷാ ജയിലിൽ നടക്കുന്ന മറ്റ് മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും മൂന്ന് ദിവസമായി നിരാഹാര സമരത്തിലായിരുന്നു രൂപേഷ്. കഴിഞ്ഞ ദിവസം ജയിലധികാരികളുമായി നടന്ന ചർച്ചയിൽ ഇനി നിർബന്ധിത ന​ഗ്ന പരിശോധന ഉണ്ടാകില്ലെന്നും രാവിലെയും വെെകീട്ടും തടവുകാരെ പുറത്തിറങ്ങാൻ അനുവ​ദിക്കും എന്നും രൂപേഷിന് ഉറപ്പ് നൽകിയിരുന്നു.

കഴിഞ്ഞ നാല് വർഷങ്ങളായി വിചാരണ തടവുകാരനായി കോയമ്പത്തൂർ ജയിലിലും വിയ്യൂർ സെൻട്രൽ ജയിലിലും ആയി കഴിയുകയായിരുന്നു രൂപേഷ്. ഈ മാസം എട്ടാം തീയ്യതിയാണ് രൂപേഷ് അടക്കം ഇരുപത്തിയഞ്ച് തടവുകാരെ വിയ്യൂരിൽ പുതുതായി നിർമിച്ച അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്. ഇവരെല്ലാം യുഎപിഎ തടവുകാരാണ്, നാലു പേരൊഴികെയുള്ളവർ വിചാരണ തടവുകാരുമാണ്. പതിനാറാം തീയ്യതി എഴുതിയ പരാതിക്കത്തിൽ പരാമർശിച്ചിരിക്കുന്നതനുസരിച്ച് അതീവ സുരക്ഷാ ജയിലിൽ ആശുപത്രി സൗകര്യം, ലെെബ്രറി, വീഡിയോ കോൺഫറൻസിനുള്ള സൗകര്യം, അടുക്കള, എന്നിവ ഇനിയും പ്രവർത്തനം ആരംഭിച്ചിട്ടില്ല.

അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയ ഉടൻ തന്നെ പല തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളും തൊഴിൽ നിയമങ്ങളുടെ അട്ടിമറിയും ജയിലധികൃതർ നടത്തിയതായി ഹെെക്കോടതി ചീഫ് ജസ്റ്റിസിനെഴുതിയ പരാതിയിൽ രൂപേഷ് വിശദീകരിക്കുന്നു. ഹെെക്കോടതി ചീഫ് ജസ്റ്റിസിന്റെ അടിയന്തര ഇടപെടൽ പ്രതീക്ഷിച്ചുകൊണ്ടുള്ള റിട്ട് പെറ്റിഷനായി ഈ കത്തിനെ കണക്കാക്കണമെന്നും രൂപേഷ് എഴുതുന്നു. രൂപേഷ് ചൂണ്ടിക്കാണിക്കുന്ന മനുഷ്യാവകാശ, ജയില്‍ നിയമ ലംഘനങ്ങള്‍ ഇവയാണ്,

ദിവസം തോറും നടത്തുന്ന നഗ്ന പരിശോധന

“ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡോകൾ പരിപൂർണ ന​ഗ്നരാക്കി ഞാനടക്കമുള്ള തടവുകാരെ ശരീര പരിശോധന നടത്താനെത്തി. പുതിയ പ്രിസൺസ് ഡിജിപിയുടെ നിർദ്ദേശ പ്രകാരമാണ് അവരെത്തിയത്. ജയിൽ നിയമമനുസരിച്ച് ​ഗാർഡ് ഡ്യൂട്ടി മാത്രമുള്ളവരാണ് ഇവർ. ഇതിനോട് പ്രതിഷേധമറിയിച്ചെങ്കിലും ബല പ്രയോ​ഗത്തിലൂടെ അവർ ശരീരം പരിശോധിക്കാനുള്ള ശ്രമങ്ങൾ നടത്തി. ഇത് കുറച്ചു ദിവസങ്ങൾ തുടർന്നു. ജയിലിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി ജയിൽ സൂപ്രണ്ടിന് മുന്നിൽ പരാതിയറിയിക്കാൻ ശ്രമിച്ചപ്പോൾ അവർ എന്നെ അമ്പത് മീറ്ററോളം ദൂരത്തുള്ള സ്ട്രിപ്പിങ് റൂമിലേക്ക് എടുത്തുകൊണ്ടുപോകുകയാണ് ചെയ്തത്. അവർ തന്നെ എന്റെ ഉടുപ്പുകൾ ഊരിമാറ്റുകയും ചെയ്തു. വീഡിയോ കോൺഫറൻസിന് ശേഷം വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് മടങ്ങുമ്പോഴും ഇത് തന്നെയാണ് സംഭവിച്ചത്, അതീവ സുരക്ഷാ ജയിലിിൽ വീഡിയോ കോൺഫറൻ‍സിനുള്ള സംവിധാനമില്ല.
തിരച്ചിലിനോട് എനിക്ക് പ്രശ്നങ്ങളില്ല. കോവെെ സെൻട്രൽ ജയിലിലും വിയ്യൂർ സെൻട്രൽ ജയിലിലും അതുണ്ടായിട്ടുണ്ട്. പക്ഷേ ഫ്രിസ്കിങ്, സ്ട്രിപ്പിങ് എന്നിവ തമ്മിൽ വസ്തുതാപരമായ വ്യത്യാസമുണ്ട്. ഫ്രിസ്കിങ് സ്വീകാര്യമാണ്, സാധാരണയായി ചെയ്തുവരുന്നതാണ്, എന്നാൽ ഉടുപ്പുകൾ മുഴുവൻ ഊരിമാറ്റിക്കൊണ്ടുള്ള പരിശോധന കടന്ന കയ്യാണ്. എന്തെങ്കിലും ​ഗുരുതരമായ സംശയമോ ആശങ്കയോ ഉള്ളപ്പോൾ മാത്രം സ്വീകരിക്കുന്ന രീതിയാണിത്.
പല ജയിൽ നിയമങ്ങളുടെയും അന്തസ്സത്ത തള്ളിക്കളഞ്ഞുകൊണ്ട് മുഴുവൻ ന​ഗ്നരാക്കിക്കൊണ്ടുള്ള പരിശോധന എല്ലാ ദിവസവും നടത്താൻ ജയിൽ സൂപ്രണ്ട് നിർദേശം നൽകിയിരിക്കുകയാണ് ഇപ്പോൾ, ഇതിൽ വിചാരണത്തടവുകാരുടെ പശ്ചാത്തലമോ കേസിന്‍റെ ചരിത്രമോ ഒന്നും പരി​ഗണിക്കുന്നേയില്ല.

അതീവ സുരക്ഷയോടെയാണ് ഞാൻ പല കോടതികളിലും ഹാജരാക്കപ്പെടുന്നത്. കേരള ആന്റി ടെററിസ്റ്റ് സ്ക്വാഡ് കമാൻഡോകളും ആർമ്ഡ് റിസർവ് കമാൻഡോകളുമാണ് എന്നെ കോടതികളിലേക്ക് കൊണ്ടുപോകുന്നത്, ഒരു ഇൻസ്പെക്ടറുടെയും മറ്റൊരു ഓഫീസറുടെയും മേൽനോട്ടത്തിൽ. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോ​ഗസ്ഥർ പ്രത്യേകം ലിസ്റ്റ് ചെയ്ത പൊലീസ് സ്റ്റേഷനുകളിൽ നിന്നും പൊലീസ് ക്യാമ്പുകളിൽ നിന്നും മാത്രമേ എനിക്കൊരു ചായ പോലും കുടിക്കാൻ കഴിയൂ. യാത്രയ്ക്കിടയിലോ കോടതിയിൽ വെച്ചോ ഞാൻ ആരോടും സംസാരിക്കാൻ പാടില്ല. വിചാരണ കോടതിയിൽ ഹാജരാക്കപ്പെടുമ്പോൾ അഭിഭാഷകരോട് സംസാരിക്കാൻ കഴിയുന്നതും ചുരുക്കമാണ്. ഇതിനിടയിൽ ഞാൻ ഉപയോ​ഗിക്കുന്ന ടോയ്ലറ്റുകൾ ഞാൻ കയറുന്നതിന് മുമ്പ് പരിശോധിക്കുകയും ലോക് ചെയ്യാൻ പോലും അനുവദിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്.

നിരോധിക്കപ്പെട്ട ഒരു വസ്തുവും കൊണ്ടുനടക്കാനുള്ള സാഹചര്യമില്ല, മാത്രവുമല്ല ഇതുവരെ എനിക്കെതിരിൽ അത്തരമൊരു പരാതിയും ഉണ്ടായിട്ടില്ല. പരിശോധനയുടെ പേരിൽ വിവേചനരഹിതമായ ന​ഗ്നമാക്കൽ നടത്താൻ കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് (മാനേജ്മെന്റ്) ആക്റ്റ് 2010 അനുസരിച്ചോ, കേരള പ്രിസൺസ് കറക്ഷണൽ സർവീസസ് (മാനേജ്മെന്റ്) റൂൾ 2014 അനുസരിച്ചോ അധികാരമില്ല. മാത്രവുമല്ല കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് (മാനേജ്മെന്റ്) ആക്റ്റ് 2010 അനാവശ്യമായ തിരച്ചിലും അപമാനവും വിലക്കുകയും ചെയ്യുന്നു.

1894ലെ പ്രിസൺ ആക്റ്റിന്റെ 24ാം വകുപ്പിൽ‌ ജയിൽ പ്രവേശന സമയത്ത് ഒരു തടവുകാരനോ തടവുകാരിയോ തിരച്ചിലിന് വിധേയമാക്കപ്പെടണം എന്ന് നിർദേശിക്കുന്നുണ്ട്. ഒരു നൂറ്റാണ്ടിന് ശേഷം 2010ലെ കേരള പ്രിസൺസ് ആക്റ്റിൽ ഇത്തരം തിരച്ചിൽ നടത്തുമ്പോൾ അത് അനാവശ്യമായി തടവുകാരനെ/ തടവുകാരിയെ ബലംപ്രയോ​ഗിച്ചുകൊണ്ടോ, പരസ്യമായ മാനഹാനിയും അപമാനവും വരുത്തിക്കൊണ്ടോ ആകരുതെന്ന് മനുഷ്യാവകാശങ്ങളെ പരി​ഗണനയ്ക്കെടുത്തുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്. നിയമത്തിന്റെ വകുപ്പുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ജയിലധികാരികൾ അതിന്റെ കൊളോണിയൽ ഹാങ്ങോവറിൽ തന്നെയാണ്. കേരള പ്രിസൺസ് ആക്റ്റിൽ അനുശാസിക്കുന്ന തടവുകാരുടെ അന്തസ്സ്, നിയമവിരുദ്ധമായ ഏതെങ്കിലും തരത്തിലുള്ള അപമാനത്തിനെതിരെയുള്ള അവകാശം, തുടങ്ങിയവയും ഇവിടെ പ്രധാനമാണ്. പതിവായ നിർബന്ധിത ന​ഗ്ന പരിശോധന മനുഷ്യത്വ രഹിതവും കസ്റ്റഡി പീഡനത്തിൽ പെടുന്നതുമാണ്. ഭരണഘടനയുടെ മൂന്നാം അധ്യായത്തിന് എതിരാണിത്. കേരള പ്രിസൺസ് ആക്റ്റ് 2010 ന്റെ അന്തസത്തയ്ക്കും എതിരാണ്.

    2. ഏകാന്തതടവ് അടിച്ചേൽപിക്കൽ

അതീവ സുരക്ഷാ സെല്ലിൽ അഡ്മിഷൻ നൽകിയ ഉടനെ എന്നെ ജയിൽ അധികാരികൾ അറിയിച്ചത് ഇനിയുള്ള തടവ് കാലം ഈ അടഞ്ഞ സെല്ലിനകത്തായിരിക്കും ഞാൻ കഴിയേണ്ടത് എന്നാണ്. കോയമ്പത്തൂർ ജയിലിൽ ആയിരുന്നപ്പോഴും അതീവ സുരക്ഷാ ബ്ലോക്കിലായിരുന്നു ഞാൻ തടവിൽ കഴിഞ്ഞിരുന്നത്. അവിടെ സെൽ രാവിലെ മുതൽ വെെകുന്നേരം വരെ തുറന്നിരിക്കും. അതീവ സുരക്ഷാ ബ്ലോക്കിന് പുറത്ത് പോകുന്നത് നിയന്ത്രിച്ചിരുന്നു എന്നാലും എനിക്ക് അതീവ സുരക്ഷാ ബ്ലോക്കിൽ തന്നെ മറ്റ് തടവുകാർക്കൊപ്പം ചലന സ്വാതന്ത്ര്യം ഉണ്ടായിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിലും എനിക്ക് എൺപത്തഞ്ചോളം തടവുകാരുമായി ഇടപഴകാൻ സൗകര്യമുണ്ടായിരുന്നു. അതിക്രമത്തിന്റെയോ ബലപ്രയോ​ഗത്തിന്റെയോ ഏതെങ്കിലും തടവുകാരെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെയോ പരാതികൾ എനിക്കെതിരെ ഉണ്ടായിട്ടില്ല. തടവുകാരെ വേർതിരിച്ചു നിർത്തുന്നു എന്ന പേരിൽ എന്നെ ഏകാന്ത തടവിലാക്കിയിട്ട് ദിവസങ്ങളോളമായി. എനിക്കൊപ്പം കുറ്റാരോപിതനായ, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള തടവുകാരനെപ്പോലും കാണാൻ എനിക്ക് കഴിയുന്നില്ല. ചെറിയ ചെറിയ ആവശ്യങ്ങൾ പോലും പല തവണ വാർഡനെ അറിയിക്കേണ്ട അവസ്ഥയാണ്.

ഏകാന്ത തടവ് ആധുനിക ചിന്തയ്ക്ക് പുറത്ത് നിൽക്കുന്നതാണെന്നും പീനൽ കോഡിൽ അതിന് ഇടമുണ്ടാകരുതെന്നും ഏതെങ്കിലും ക്രിമിനൽ കോടതിക്ക് വിധിക്കാൻ കഴിയുന്ന ശിക്ഷയിൽ അത് ഉണ്ടാകരുത് എന്നും നാൽപത്തിരണ്ടാമത്തെ റിപ്പോർട്ടിൽ ലോ കമ്മീഷൻ സൂചിപ്പിക്കുന്നുണ്ട്. സുനിൽ ബത്ര വേഴ്സസ് ഡൽഹി അഡ്മിനിസ്ട്രേഷൻ കേസിൽ സുപ്രിം കോടതി വിധി ഏകാന്ത തടവിനെതിരാണ്. വിധിയിൽ കോടതി ഇങ്ങനെ പറയുന്നു, ഇപ്പോഴും ഈ ശിക്ഷാ രീതി നിലനിൽക്കണമെന്ന് ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ അത് സൂചിപ്പിക്കുന്നത് ഈ വിഷയത്തിൽ കൂടുതൽ അറിവ് അത്യാവശ്യമാണ് എന്നതാണ്.

ജയിലിനകത്ത് ഒരാളെ നിയന്ത്രിക്കുന്നത് സെല്ലിനകത്ത് ഒറ്റപ്പെടുത്തിക്കൊണ്ടായിരിക്കണമെന്നില്ല. ഒരാളെ ഒറ്റയ്ക്ക് ഒരു സെല്ലിൽ അടക്കുന്നത് ഏകാന്ത തടവാണ്. ഇന്ത്യയിലെ പീനോളജിസ്റ്റുകൾ (കുറ്റകൃത്യങ്ങളെക്കുറിച്ച് പഠിക്കുന്നവർ) ഏകാന്ത തടവിനെക്കുറിച്ച് ഇങ്ങനെ പറയുന്നു, “ഏകാന്ത തടവനുഭവിക്കുന്നവരുടെ മാനസികവും ശാരീരികവുമായ ആരോ​ഗ്യം താറുമാറാക്കുന്നതാണ്. ജയിൽ ശിക്ഷയുടെയും ഏകാന്ത തടവിന്റെയും പ്രത്യാഘാതങ്ങൾ ഒരുപോലെയാണ്.”

ഇതേ വിധിയില്‍ ഇങ്ങനെ കൂടി പറയുന്നു, “മാനുഷിക അന്തസ്സത്തയ്ക്കെതിരായ ഒരു പ്രക്ഷോഭമാണ് ഏകാന്ത തടവ് എങ്കിൽ ജയിൽ ശിക്ഷാ വ്യവസ്ഥയ്ക്കകത്തേക്ക് ഒരു പ്രത്യേക പേര് നൽകി ഇതിനെ കടത്തിവിടുന്നതിൽ ഒരു യുക്തിയും കാണാനില്ല.”

അറ്റ്ലാന്റികിൽ ഉടനീളമുള്ള നിയമ അഭിപ്രായങ്ങൾ ഏകാന്ത തടവിനെ ഭ്രാന്തമായ നിയമ നടപടിയായി വിലയിരുത്തുന്നു. ഒരു ശിക്ഷാ രീതി എന്ന നിലയിൽ ബ്രിട്ടീഷ് വ്യവസ്ഥ ഏകാന്ത തടവിനോട് വിട പറഞ്ഞിരിക്കുന്നു. ഇതേ വിധിയിൽ സുപ്രിം കോടതി ഇങ്ങനെ വ്യക്തമാക്കുന്നു,
“ചലിക്കുവാനും സഹ തടവുകാരോട് ഇടപെടാനും സംസാരിക്കാനും സൗഹൃദം പങ്കിടാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത് ആർട്ടിക്കിൾ 21ന്റെ ലംഘനമാണ്, ഇങ്ങനെ നിഷേധിക്കുന്നതിന് നിയമപരമായ പിന്തുണയില്ലെങ്കിൽ.”

എനിക്കും എന്റെ സഹതടവുകാർക്കും ഇപ്പോൾ കടന്നുപോകേണ്ടിവരുന്ന ഏകാന്ത തടവ് നിയമവിരുദ്ധമാണ്. തടവുകാരെ വേർതിരിക്കാൻ വേണ്ടി എന്ന കാരണം കാണിച്ചുകൊണ്ടുള്ള ഏകാന്ത തടവിനെ സാധൂകരിക്കാൻ കേരള പ്രിസൺ ആക്റ്റ് 2010, കേരള പ്രിസൺ റൂൾ എന്നിവയിൽ വകുപ്പുകളില്ല. കേരള പ്രിസൺ ആക്ടിലെ 82(ജി), 82 (എച്ച്) എന്നീ വകുപ്പുകൾ അതീവ ​ഗൗരവകരമായ ജയിൽ കുറ്റകൃത്യങ്ങൾക്ക് ഒരുമാസത്തെ ഏകാന്ത തടവുശിക്ഷ നൽകുന്ന വകുപ്പുകളാണ്. അതും കേരള പ്രിസൺസ് ആക്റ്റ് 2010ലെ 83ാം വകുപ്പ് അനുശാസിക്കുന്ന നടപടിക്രമങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ഇതുപോലെ ഏതെങ്കിലും ഒരു കുറ്റത്തിന് കോടതി ശിക്ഷിച്ചത് പ്രകാരം മൂന്നുമാസത്തിലധികം കാലം ഒരാളെ ഏകാന്ത തടവിലാക്കുന്നത് ഇന്ത്യൻ ശിക്ഷാ നിയമം 73, 74 വകുപ്പുകൾ പ്രകാരം പാടില്ലാത്തതാണ്. 74ാം വകുപ്പ് പ്രകാരം ഒരാളെ പതിനാല് ദിവസത്തിലേറെ ഏകാന്ത തടവിലാക്കാനും കഴിയില്ല. നരേന്ദ്ര സിങ് വേഴ്സസ് മധ്യപ്രദേശ് സർക്കാർ എന്ന കേസിൽ പരാതി നൽകുന്നയാൾ വിചാരണ തടവിലാണെങ്കിൽ, നിരപരാധിയായി കണക്കാക്കപ്പെടുന്നുണ്ടെങ്കിൽ, നിരപരാധിയായി കണക്കാക്കപ്പെടുന്നത് തന്നെ മനുഷ്യാവകാശമാണ് എന്നും വിധിയുണ്ട്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബോംബ് സ്ഫോടനം തുടങ്ങി ഏതെങ്കിലും തരത്തിലുള്ള കേസുകൾ എന്റെ പേരിൽ ഒരു സംസ്ഥാനത്തും രജിസ്റ്റർ ചെയ്തിട്ടില്ല. അതിനാൽ ജയിലധികാരികൾ നടപ്പിലാക്കുന്ന ഏകാന്ത തടവ് നിയമവിരുദ്ധവും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ലംഘനവുമാണ്. കേരള പ്രിസൺസ് ആക്റ്റ് 2010ന്റെ 82, 83 എന്നീ വകുപ്പുകളുടെയും ഐപിസി 73, 73 വകുപ്പുകളുടെയും ലംഘനവുമാണ്.

3. സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റം

അതീവ സുരക്ഷാ ജയിലിൽ എങ്ങും സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. എന്റെ സെല്ലിന്റെ മുൻവശത്ത് തന്നെ രണ്ട് സിസിടിവി ക്യാമറകളുണ്ട്. അത് കൂടാതെ സെല്ലിനകത്ത് ഒരു ക്യാമറയുണ്ട്, അത് 24><7 പ്രവർത്തിക്കുന്നതാണ്. ഈ ക്യാമറയുടെ നിരീക്ഷണത്തിലാണ് ഞാൻ ടോയ്ലറ്റ് ഉപയോ​ഗിക്കേണ്ടത്, എന്റെ വ്യക്തിപരമായ നിമിഷങ്ങളും ഈ ക്യാമറയിൽ പതിയുകയാണ് (മുഴുവനായും റെക്കോർഡ് ചെയ്യപ്പെടുന്നു), സിസിടിവി ക്യാമറയ്ക്ക് മുന്നിൽ തന്നെയാണ് എനിക്ക് എന്തും ചെയ്യേണ്ടിവരുന്നത് എന്നത് മനുഷ്യത്വരഹിതമായ കാര്യമാണ്. ഇത് കൃത്യമായും സ്വകാര്യതയുടെ ലംഘനമാണ്. സാധാരണയായി തമിഴ്നാട്, കർണാടകം പോലുള്ള സംസ്ഥാനങ്ങളിൽ ജയിൽ സെല്ലുകൾക്കകത്ത് സിസിടിവി ക്യാമറകൾ ഇല്ല. അതേ സമയം പുറത്തുള്ള മറ്റ് പ്രദേശങ്ങളിൽ സിസിറ്റിവി ക്യാമറകൾ ഉണ്ട്.

ഗൗതം ഭാട്യ എഴുതിയ ‘ദ ട്രാൻസ്ഫോർമേറ്റീവ് കോൺസ്റ്റിറ്റ്യൂഷൻ’ (ഹാർപർ കോളിൻസ്, 2019) എന്ന പുസ്തകത്തിൽ സ്വകാര്യം/ പൊതു എന്നീ വിഭജനത്തിനപ്പുറത്ത് സ്വകാര്യം എന്ന സങ്കൽപത്തിന്റെ നിലനിൽപിനെ പറ്റി ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്, (പേജ് 242)
“ജസ്റ്റിസ് സുബ്ബറാവു തുടർന്ന് വാദിക്കുന്നു, ഒരു വ്യക്തിയുടെ വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം അയാളുടെ സ്വത്വത്തിൻമേലുള്ള കടന്നുകയറ്റത്തിനെതിരെയും നിയന്ത്രണത്തിനെതിരെയുമുള്ള അവകാശമാണ്, ഈ നിയന്ത്രണങ്ങൾ നേരിട്ട് നടപ്പിലാക്കപ്പെടുന്നവയാണെങ്കിലും പരോക്ഷമായി നടപ്പിലാക്കപ്പെടുന്നവയാണെങ്കിലും (കരക് സിങ് വേഴ്സസ് സ്റ്റേറ്റ് ഓഫ് യുപി, 1994(1)SC232). ആർട്ടിക്കിൾ 19(ഡി) പരിശോധിച്ചുകൊണ്ട്, ഇത് വിശദമാക്കുന്നുണ്ട്. നിരീക്ഷണത്തിലായിക്കഴിഞ്ഞാൽ ഒരാളുടെ ചലനങ്ങൾ പൂർണമായും നിയന്ത്രിതമാണ്. അയാൾക്ക് ചലിക്കാൻ കഴിയും എന്നാൽ അത് യാന്ത്രികമായ ചലനങ്ങൾ മാത്രമായിരിക്കും.”

നിരീക്ഷണങ്ങൾ തന്നെ ഒരു വ്യക്തിയുടെ ചലനങ്ങളെ നിയന്ത്രിക്കുന്നുണ്ടെങ്കിൽ ജയിലിനകത്ത് തടവിൽ കഴിയുന്ന ഒരാൾക്ക്, രാത്രിയും പകലും, ടോയ്ലറ്റിലും കുളിക്കുമ്പോഴും മറ്റെല്ലാ സ്വകാര്യമായ നിമിഷങ്ങളും എല്ലാം ഒരു റെക്കോർഡിങ് ക്യാമറയ്ക്ക് മുന്നിൽ ചെയ്യേണ്ടിവരുന്നുണ്ടെങ്കിൽ തീർച്ചയായും അത് തടവുകാരന്റെ ഇച്ഛാശക്തി തകർക്കുവാൻ വേണ്ടി ചെയ്യുന്നതാണ്. കൽച്ചുമരിനകത്ത് കിട്ടുന്ന കുറഞ്ഞ അളവിലുള്ള സ്വകാര്യതയെയും ഇല്ലായ്മ ചെയ്യാൻ വേണ്ടി ജയിലധികാരികൾ സ്വീകരിച്ച മാരകമായ സംവിധാനമാണത്.

​ഗൗതം ഭാട്യ ഇക്കാര്യം കൂടി സൂചിപ്പിക്കുന്നു,

“ആവിഷ്കാര സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്നിവയിൽ അന്തർലീനമാണ് സ്വകാര്യതയ്ക്കുള്ള അവകാശം എന്ന് സുപ്രിം കോടതി ​ഗോബിന്ദ് വേഴ്സസ് മധ്യപ്രദേശ് സർക്കാർ എന്ന കേസിൽ നിബന്ധനകളോടെ അം​ഗീകരിച്ചിട്ടുണ്ട്. 2017ൽ സുപ്രിം കോടതിയുടെ ഒമ്പതം​ഗ ബെഞ്ച് ഇത് നിബന്ധനകളില്ലാതെ അം​ഗീകരിച്ചതുമാണ്. കെ എസ് പുട്ടസ്വാമി കേസിൽ ഖരക് സിങ് കേസിൽ സുബ്ബറാവുവിനുള്ള വിസമ്മതം ഉയർത്തിക്കൊണ്ടുവരികയും അതോടൊപ്പം മേൽപറഞ്ഞ വാദം വിധിയിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു.”

ആർട്ടിക്കിൾ 21 അനുസരിച്ചുള്ള ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും ആന്തരിക ഘടകമായി സംരക്ഷിക്കപ്പെടുന്നതാണ് സ്വകാര്യതയ്ക്കുള്ള അവകാശം, ഭരണഘടനയുടെ മൂന്നാം ഭാ​ഗം അനുവദിക്കുന്ന സ്വാതന്ത്ര്യം കൂടിയാണത്.
കുറ്റവാളികൾക്ക് കുറ്റം ചെയ്തു എന്ന കാരണം കൊണ്ട് മാത്രം മൗലിക അവകാശങ്ങൾ നിഷേധിക്കാൻ കഴിയില്ല എന്ന് ഡി. ഭുവൻ മോഹൻ പട്നായിക് വേഴ്സസ് സ്റ്റേറ്റ് ഓഫ് ആന്ധ്ര കേസ് (1975) വിധിയിൽ സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സുനിൽ ബത്ര വേഴ്സസ് ഡൽഹി അഡ്മിനിസ്ട്രേഷൻ കേസിലെ വിധിയിൽ ഭരണഘടനയ്ക്കും ഈ രാജ്യത്തെ ജയിലിനും ഇടയിൽ ഇരുമ്പുമറ ഇല്ലെന്നും സുപ്രിം കോടതി വിലയിരുത്തി.
സ്റ്റേറ്റ് ഓഫ് ആന്ധ്രപ്രദേശ് വേഴ്സസ് ചെല്ല രാമകൃഷ്ണ റെഡ്ഡി കേസിൽ സുപ്രിം കോടതി ഇങ്ങനെ വിധിച്ചു,

“തടവിലാക്കപ്പെട്ട ഒരാൾ, കുറ്റവാളിയോ വിചാരണത്തടവിൽ കഴിയുന്ന ആളോ ആകട്ടെ, തടവിലാക്കപ്പെട്ടു എന്ന കാരണം കൊണ്ട് മനുഷ്യജീവിയായി തുടരുന്നത് അവസാനിക്കുന്നില്ല. ഭരണഘടന അനുവദിച്ച ജീവിക്കാനുള്ള അവകാശം അടക്കം എല്ലാ മൗലികാവകാശങ്ങളും അയാൾക്ക് ജയിലിലും അനുഭവിക്കേണ്ടതുണ്ട്.”

ജയിലിലടയ്ക്കപ്പെട്ടാലും മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്, ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും അതിൽ പെടും എന്നും പരാതിക്കാരൻ ഇതിനാൽ ബോധിപ്പിക്കുന്നു.

4. എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കാനുള്ള ന്യായമായ കാരണമാണോ യുഎപിഎ?

ഞാനും എന്‍റെ സഹതടവുകാരും തടവിലാക്കപ്പെട്ടിരിക്കുന്നത് നിർദ്ദയമായ യുഎപിഎ നിയമപ്രകാരമാണ്. എനിക്കെതിരെ നിരവധി വ്യാജകേസുകൾ ചുമത്തപ്പെട്ടിട്ടുണ്ട് എന്നതും സത്യമാണ്. എനിക്കെതിരെയുള്ള 43 കേസുകളിൽ 18 എണ്ണം സിം കാർഡ് എടുക്കുന്നതിനായി വ്യാജ രേഖകൾ ഉണ്ടാക്കി എന്നുകാണിച്ചാണ്, ബാക്കിയുള്ളവ രാഷ്ട്രീയ ക്യാംപെയ്നുകൾ നടത്തിയതിനും ദേശവിരുദ്ധ ഉള്ളടക്കമുള്ള ലഘുലേഖകൾ വിതരണം ചെയ്തതിനും ആണ്. ഞാൻ നേരത്തേ വിശദീകരിച്ചത് പ്രകാരം കൊലപാതകം, ബോംബ് സ്ഫോടനം, തട്ടിക്കൊണ്ടുപോകൽ, മുറിപ്പെടുത്തൽ എന്നിവയൊന്നും എനിക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എനിക്കിപ്പോഴും തടവിൽ കഴിയേണ്ടിവരുന്നു, ഞാൻ നിരപരാധിയാണെന്ന് ഊഹിക്കപ്പെടുന്നു. എന്നിട്ടും യുഎപിഎ ചുമത്തപ്പെട്ടത് കൊണ്ട് മാത്രം എന്റെ മൗലികാവകാശങ്ങൾ‌ നിഷേധിക്കപ്പെടുന്നു.

സ്റ്റേറ്റ് ഓഫ് കേരള വേഴ്സസ് ശ്യാം ബാലകൃഷ്ണൻ (ജൂലെെ 8 2019) എന്ന കേസിൽ കേരള ഹെെക്കോടതി ഇങ്ങനെ വിധിച്ചു,

“ഭരണഘടന അനുവദിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യങ്ങൾ കണക്കിലെടുത്താൽ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ ഭാ​ഗമാകുക എന്നത് ഒരു വ്യക്തിയെ സംബന്ധിച്ച് അയാളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാ​​ഗമാണ്. മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നു എന്ന സംശയം കൊണ്ട് മാത്രം ഒരു വ്യക്തിയെ പീഡിപ്പിക്കുവാൻ പാടില്ല. നിയമാനുസൃതമായി നിലനിൽക്കുന്ന നടപടി ക്രമങ്ങളിലൂടെ അല്ലാതെ ഒരാളുടെയും വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെടരുത് എന്ന് ആർട്ടിക്കിൾ 21 അനുശാസിക്കുന്നു.”

രൂപേഷ് വേഴ്സസ് സ്റ്റേറ്റ് റെപ്രസന്റഡ് ബെെ എസ് പി ആൻഡ് ബ്രാഞ്ച് സിഐഡി കോയമ്പത്തൂർ (Cr lRC no 28/2018, Cr/mp no 165/2018) 22/11/2019, കേസിന്റെ വിധിയിൽ 34ാം പാര​​ഗ്രാഫിൽ ഇങ്ങനെ വിധിച്ചിരിക്കുന്നു,

“ഒരു കുറ്റ വിചാരണയുടെ കാലയളവിൽ കുറ്റാരോപിതന്റെ അവകാശങ്ങളെ നിഷേധിക്കാൻ കഴിയില്ല. തീവ്രവാദി എന്ന് മുദ്രകുത്തപ്പെട്ട് കഴിഞ്ഞാലും അയാളുടെ അവകാശങ്ങളിൽ വ്യത്യാസമുണ്ടാകുന്നില്ല. ക്രിമിനൽ കുറ്റ വിചാരണയിലും ഭരണഘടന മൗലികാവകാശങ്ങൾ ഉറപ്പ് നൽകുന്നുണ്ട്. ഇതിലുള്ള ഏതെങ്കിലും തരത്തിലുള്ള ലംഘനം ഭരണഘടനയുടെ ആർട്ടിക്കിൾ 21, 22 വകുപ്പുകളുടെ ലംഘനമാണ്.”
ജസ്റ്റിസ് പി ഡി ദിനകരൻ വേഴ്സസ് ഹോണറബിൾ ജഡ്ജസ് എൻക്വയറി കമ്മിറ്റി (ജൂലെെ 2011) കേസിൽ ഇങ്ങനെ വിധിച്ചിരിക്കുന്നു,

“സ്വാഭാവിക നീതി എന്ന തത്വം നീതി സംരക്ഷിക്കാൻ മാത്രമുള്ളതല്ല, നീതിയുടെ ഭം​ഗം തടയാൻ കൂടിയാണ്.”

കേരളത്തിലെ ജയിൽ വ്യവസ്ഥ കേരള പ്രിസൺസ് ആക്റ്റ് 2010, കേരള പ്രിസൺ റൂൾ 2014 എന്നിവയിലൂന്നിയ കറക്ഷണൽ മാനേജ്മെന്റ് ആണ്, അത് തടവറയല്ല. ജയിൽ ഭരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട നിരവധി കമ്മീഷനുകൾ ജയിൽ നിയമങ്ങളിൽ ആവശ്യമായ ലിബറൽ നയങ്ങൾ നിർ​ദ്ദേശിച്ചിട്ടുണ്ട്. ജയിൽ നിയമങ്ങൾ നവീകരിക്കാനും പുനർനിർമ്മിക്കാനും ഇങ്ങനെ നിയമിക്കപ്പെട്ട കമ്മീഷനുകൾ നിർദ്ദേശിക്കുന്നു. കൂടുതൽ തുറന്ന ജയിലുകൾ ഉണ്ടാകേണ്ട ആവശ്യകതയെപ്പറ്റി… കറക്ഷണൽ മാനേജ്മെന്റ് നയത്തെത്തന്നെ ഇത് പുനർനിർമിച്ചിട്ടുണ്ട്.

ശിക്ഷിക്കപ്പെട്ട തടവുകാരെ താമസിപ്പിക്കുന്ന ജയിലിന് അതീവ സുരക്ഷാ ജയിൽ എന്നൊരു ബോർഡ് വെക്കുന്നു എന്നത് അതിശയപ്പെടുത്തുന്നു, അതിൽ നിന്നും കറക്ഷണൽ ഹോം എന്ന വാക്ക് ഒഴിവാക്കി എന്നത് ജയിൽ നിയമങ്ങളെയും ഭരണഘടനാ കോടതികളുടെ മാർ​​ഗനിർദ്ദേശങ്ങളെയും ധിക്കരിക്കുന്നതാണ്.

അതീവ സുരക്ഷാ ജയിൽ എന്ന സങ്കൽപവും രീതിയും അമ്പത് വർഷങ്ങളിലേറെയെടുത്ത് നടപ്പിലാക്കിയ ജയിൽ പരിഷ്കരണങ്ങളെ ദുർബലപ്പെടുത്തുന്നതാണ്. ഇത് ഭരണഘടനാ മൂല്യങ്ങളെയും ജയിൽ നിയമങ്ങളെയും അട്ടിമറിക്കുന്നത് കൂടിയാണ് എന്നും ഇതിനാൽ കോടതിയെ ബോധ്യപ്പെടുത്തുന്നു.

5. പുറമേക്കുള്ള കാഴ്ച മറയ്ക്കുന്നു

സെല്ലിനകത്ത് നിന്നും പുറത്തേക്കുള്ള എന്റെ കാഴ്ചയും തടസ്സപ്പെടുത്തിയിരിക്കുകയാണ്. സുരക്ഷയുടെ പേരിൽ വരാന്തയ്ക്ക് പുറമെയായി ​ഗ്രിൽ സ്ഥാപിച്ചുകൊണ്ടാണ് ഇത് ചെയ്തിരിക്കുന്നത്. ഒരു ചെറിയ കീറിലൂടെയെങ്കിലും പുറം ലോകം കാണാനുള്ള തടവുകാരുടെ ചെറിയ ആഢംബരത്തിന് തടസ്സമുണ്ടാക്കുവാനുള്ള പതിവ് രീതിയാണിത്.
സുനിൽ ബത്ര കേസ് വിധിയില്‍ ജസ്റ്റിസ് കൃഷ്ണയ്യർ ഓസ്കാർ വെെൽഡിനെ ഉദ്ധരിച്ചിട്ടുണ്ട്,
“നമുക്ക് മുന്നിൽ ഒരു ഋതു മാത്രമേ ഉള്ളൂ, ദുഖത്തിന്റെ ഋതു. സൂര്യനും ചന്ദ്രനും നമ്മളിൽ നിന്ന് എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. പുറത്ത് ദിവസം നീലയോ സ്വർണനിറത്തിലോ ആയിരിക്കും. പക്ഷേ ഇരുമ്പുമറയിട്ട ജനാലയിലൂടെ കടന്നു വരുന്ന വെളിച്ചം, നരച്ച് ദരിദ്രമായി ഒരാളിരിക്കുന്ന ആ സെല്ലിൽ എപ്പോഴും ത്രിസന്ധ്യയായിരിക്കും. അയാളുടെ ഹൃദയത്തിലും എപ്പോഴും ത്രിസന്ധ്യയായിരിക്കും. ചിന്തയുടെ മണ്ഡലത്തിലും സമയത്തിന്റെ മണ്ഡലത്തിലും എപ്പോഴും ചലനമില്ലായ്മയായിരിക്കും.”

സുരക്ഷയുടെ പേരിൽ സൂര്യനും ചന്ദ്രനും ഭൂമിയും പച്ചപ്പും എന്നിൽ നിന്നും മോഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നത് ഹൃ​ദയം തകർക്കുന്ന കാര്യമാണെന്ന് ഇതിനാൽ ബോധ്യപ്പെടുത്തുന്നു. ജയിൽ ശിക്ഷയനുഭവിക്കുന്ന ഒരാളെ തകർക്കാൻ വേണ്ടി തന്നെ ചെയ്യുന്നതാണിത്.

6. തടവുകാർക്ക് ജോലി നിഷേധിക്കുന്നു

കേരള പ്രിസൺസ് ആക്റ്റ് 2010, കേരള പ്രിസൺ റൂൾ 2014 എന്നിവയിൽ തടവുകാർക്ക് തൊഴിൽ ചെയ്യാനുള്ള അവസരം ഉറപ്പാക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. തടവുകാരുടെ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള പണം അതുവഴി സ്വരൂപിക്കാൻ കഴിയും എന്നു മാത്രമല്ല വീട്ടിലേക്ക് പണമയക്കാനോ കേസ് ആവശ്യങ്ങൾക്കുള്ള പണം സ്വരൂപിക്കാനോ കഴിയും. ശിക്ഷയുടെ തീക്ഷ്ണത കുറയ്ക്കുന്ന റെമിഷൻ മാർക്കുകൾ നേടാനും ഇതുവഴി കഴിയും. അങ്ങനെ ശിക്ഷാ കാലാവധി കുറച്ചെടുക്കാനും കഴിയും. യൂനുസ് അലിയാർ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കേസിൽ യുഎപിഎ തടവുകാർക്ക് റെമിഷൻ മാർക്ക് നിഷേധിക്കാൻ പാടില്ല എന്ന് വിധിയുണ്ട്. തടവുകാർക്ക് തൊഴിൽ നിഷേധിക്കുന്നത് അവരെ ദാരിദ്ര്യത്തിലേക്ക് തള്ളിയിടും എന്ന് മാത്രമല്ല റെമിഷൻ മാർക്ക് കിട്ടാനുള്ള അവകാശത്തെയും വേ​ഗത്തിലുള്ള മോചനത്തിനുള്ള അവകാശത്തെയുമാണ് തട്ടിയെടുക്കുന്നത്.

7. പരിശോധനയ്ക്ക് ഐആർബി കമാൻഡോകളെ നിയമിക്കുന്നത്

തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഇന്ത്യൻ റിസർവ് ബറ്റാലിയൻ നിയമിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കെതിരെയാണ് ഐആർബി പ്രവർത്തിക്കുന്ന​ത്. മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടവർക്കെതിരെ മുൻവിധികൾ ഉണ്ടായിരിക്കുക സ്വാഭാവികമാണ്. പക്ഷേ 2014ലെ കേരള പ്രിസൺ റൂളിൽ എവിടെയും ഐആർബി കമാൻഡോകളെ തടവുകാരുടെ ശരീരപരിശോധന നടത്താൻ വേണ്ടി നിയമിക്കുന്നതിനെ കുറിച്ച് പറയുന്നില്ല. ജയിൽ സംരക്ഷണത്തിനുള്ള ​ഗാർഡ് ഡ്യൂട്ടിയും തടവുകാരുടെ ശരീരപരിശോധന നടത്താൻ ജയിലിനകത്ത് അവരെ നിയമിക്കുന്നതും രണ്ടാണ്. അതിനാൽ ഐആർബി കമാൻഡോകൾ ശരീര പരിശോധന നടത്തുന്നത് യുക്തിരഹിതവും നിയമവിരുദ്ധവുമാണ്.

വിനോദപരിപാടികളിൽ നിന്നും സ്പോർട്സിൽ നിന്നും വൊക്കേഷണൽ ട്രെയ്നിങ്ങിൽ നിന്നും മാറ്റിനിർത്തുന്നതടക്കം വേറെയും പ്രശ്നങ്ങൾ നിലവിലുണ്ട്. തടവുകാരുടെ നവീകരണവും ഒന്നിച്ചുചേരലും ലക്ഷ്യമാക്കിയുള്ളതാണ് ഇതെല്ലാം. ആശുപത്രിയില്ലാത്തതിനാൽ സബ്ജയിലിൽ നിന്ന് എന്ന പോലെ രോ​ഗികളായ തടവുകാരെ മെഡിക്കൽ കൊളേജിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്.

അതിനാൽ,
1. ആഭ്യന്തര വകുപ്പിനോടും കേരള സർക്കാരിനോടും തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ കേരള പ്രിസൺ ആക്റ്റ് 2010, കേരള പ്രിസൺ റൂൾ 2014 എന്നിവ പിന്തുടരാൻ ബഹുമാനപ്പെട്ട ജഡ്ജി നിർദ്ദേശം നൽകണം.

2. പതിവായുള്ള തടവുകാരെ ന​ഗ്നരാക്കിക്കൊണ്ടുള്ള പരിശോധന അവസാനിപ്പിക്കാനും ഏകാന്ത തടവ് അവസാനിപ്പിക്കാനും ജയിൽ സെല്ലുകളിൽ സിസിടിവി ക്യാമറ നിരീക്ഷണം അവസാനിപ്പിക്കാനും പ്രിസൺ ഡിജിപിക്കും അതീവ സുരക്ഷാ ജയിൽ സൂപ്രണ്ടിനും റിട്ട് പുറപ്പെടുവിക്കണം.

3.വിയ്യൂരിലെ അതീവ സുരക്ഷാ ജയിൽ ബഹുമാനപ്പെട്ട ജഡ്ജി സന്ദർശിക്കുകയോ ഒരു കമ്മീഷനെ അയക്കുകയോ ചെയ്യണം.

4. ജയിലിനകത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിന് പതിവ് മേൽനോട്ടം നടത്താൻ ഓരോ ജയിൽ സോണുകളിലും റീജ്യണൽ വെൽഫെയർ ഓഫീസുകൾക്കൊപ്പം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രാദേശിക ഓഫീസുകൾ ആരംഭിക്കാൻ സംസ്ഥാന സർക്കാരിന് ബഹുമാനപ്പെട്ട കോടതി നിർദ്ദേശം നൽകണം.
വിശ്വസ്തതയോടെ
രൂപേഷ്.


Read More Related Articles