അധികാരമില്ലാത്തപ്പോൾ കോൺ​ഗ്രസ് മുസ്ലിങ്ങളുടെ വലിയേട്ടനാവും, അധികാരമുള്ളപ്പോൾ ബിജെപിയെക്കാൾ അപകടവും-ഒവൈസി

By on

അധികാരം ഇല്ലാത്തപ്പോൾ കോൺ​ഗ്രസ് മുസ്ലിങ്ങളുടെ വലിയേട്ടനാവുമെന്നും അധികാരമുള്ളപ്പോൾ അവർ ബിജെപിയേക്കാൾ അപകടമാണെന്നും ഓൾ ഇന്ത്യ മജ്ലിസി ഇത്തിഹാദുൾ മുസ്ലിമിൻ നേതാവും ഹൈദരബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി. സംസ്ഥാന സർക്കാരുകളുടെ അനുമതി ഇല്ലാതെ ഏത് സംസ്ഥാനത്തും എൻഐഎയ്ക്ക് ഭീകരവാദ കേസുകൾ അന്വേഷിക്കാം, വ്യക്തികളെ ഭീകരരായി പ്രഖ്യാപിയ്ക്കാം തുടങ്ങിയ മാറ്റങ്ങളോടെ ബിജെപി സർക്കാർ അവതരിപ്പിച്ച യുഎപിഎ ഭേദ​ഗതി ബില്ലിൻമേൽ പാർലമെന്‍റില്‍ സംസാരിക്കുമ്പോഴാണ് ഒവൈസി കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. യുഎപിഎ നിയമം കൊണ്ടുവന്നത് കോൺ​ഗ്രസാണ്. അവരാണ് ഇതിൽ പ്രധാന പ്രതികളെന്നും ഒവൈസി പറഞ്ഞു. താൻ യുഎപിഎ നിയമത്തിന്‍റെ ഇരയാണെന്നും കോൺ​ഗ്രസിന്‍റെ നേതാക്കൾ ഈ വകുപ്പ് കിട്ടി ജയിലിൽ കിടന്നാലേ അവർ ചെയ്തത് എന്തെന്ന് അവർ മനസിലാക്കുകയുള്ളൂവെന്നും ഒവൈസി പറഞ്ഞു.
യു എ പിഎ നിയമത്തിന്‍റെ ഇരകളായ നിരപരാധികൾക്ക് സമർപ്പിച്ചുകൊണ്ടുള്ള തന്റെ പ്രസം​ഗത്തിൽ ഒവൈസി പറഞ്ഞത് ഇങ്ങനെ ”ഈ നിയമം കൊണ്ടുവന്നതിന് ഞാൻ കോൺ​ഗ്രസിനെ കുറ്റപ്പെടുത്തുന്നു. ഈ നിയമം കൊണ്ടുവന്നതിലെ പ്രധാന പ്രതികളാണ് അവർ. അധികാരത്തിൽ ഇരിക്കുമ്പോൾ അവർ ബിജെപിയേക്കാൾ വലുതാണ്, അധികാരം നഷ്ടപ്പെടുമ്പോൾ അവർ മുസ്ലിങ്ങളുടെ വലിയേട്ടനാവും”.
നിയമവാഴ്ചയ്ക്ക് എതിരാണ് യുഎപിഎ നിയമം എന്നും നിയമത്തിന്‍റെ ദുരുപയോ​ഗത്തിനെതിരെ സഹിഷ്ണുതയുണ്ടാവരുതെന്നും ഒവൈസി തന്‍റെ പ്രസം​ഗത്തിൽ പറഞ്ഞു. യുഎപിഎ പ്രകാരം സംശയത്തിന്‍റെ പേരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ വയ്ക്കാനുള്ള സമയ പരിധി ഇന്ത്യയിൽ ആറുമാസം വരെയാണ് എന്നതിനാൽ തന്നെ പൊലീസ് തടങ്കലിൽ ആളെ വയ്ക്കുന്നതിൽ ഇന്ത്യയ്ക്ക് ലോക റെക്കോഡ് ആണെന്നും ഒവൈസി ചൂണ്ടിക്കാട്ടി. സംശയത്തിന്‍റെ പേരിൽ പൊലീസ് കസ്റ്റഡയിൽ സൂക്ഷിക്കാനുള്ള സമയ പരിധി ബ്രിട്ടനിൽ 28 ദിവസവും യുഎസിൽ 2 ദിവസവും മാത്രമാണ്.


Read More Related Articles