ഹിന്ദു മതവിദ്വേഷം പ്രചരിപ്പിച്ചു എന്നാരോപണം: മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു

By on

ഹിന്ദു മത വിദ്വേഷം പ്രചരിപ്പിച്ചു
എന്ന പരാതിയിൽ മാധ്യമ പ്രവർത്തകരായ ലിബി സി എസ്, രഞ്ജിത് ശിവൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.വാർത്ത പ്രസിദ്ധീകരിച്ചകരിച്ച ഓൺ ലൈൻ മാധ്യമമായ ന്യൂസ് ഗിലിനെതിരെയും കേസെടുത്തിട്ടുണ്ട്.

കിത്താബ് എന്ന സ്കൂൾ നാടകത്തെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത് ഫേസ്ബുക്കിൽ എഴുതിയ ചില കുറിപ്പുകൾ ഒരുമിച്ചു ചേർത്ത് ലിബി സി എസിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ന്യൂസ്‌ ഗിൽ പ്രസിദ്ധീകരിക്കുകയായിരുന്നു.
ഇതിനെതിരെ പീപ്പിൾസ് ലീഗൽ വെൽഫെയർ ഫോറം എന്ന സംഘടനയുടെ വർക്കിങ് പ്രസിഡന്റ് സി.എസ്. സുമേഷ് കൃഷ്ണ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയുടെ പുറത്താണ് എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തത്.

എന്നാൽ താൻ മതവിദ്വേഷം പ്രചരിപ്പിച്ചിട്ടില്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ എത്രത്തോളം മുസ്ലിം വിരുദ്ധമാണെന്ന് വ്യക്തമാക്കാനാണ് ഉദ്ദേശിച്ചതെന്നും രഞ്ജിത് കീബോർഡ് ജേര്ണലിനോട്‌ പറഞ്ഞു.
“ഇസ്ലാം മതത്തേ പ്രാകൃത മതമാക്കി ചിത്രീകരിക്കുന്ന ഒരു സ്കൂൾ നാടകത്തിനെതിരെ ഉയർന്ന ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ആവിഷ്കാര സ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുതയായി ചിത്രീകരിക്കുകയും മുസ്ലിം അല്ലാത്തവർ ആ സാഹചര്യത്തിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഒപ്പു ശേഖരണം നടത്തുകയും ചെയ്തിരുന്നു.
എന്നാൽ ഹിന്ദു മതത്തിന്റെ സ്ത്രീവിരുദ്ധതക്കെതിരേയും ജാതീയതക്കെതിരെയും ഒരു നാടകം കളിക്കാനുള്ള ഇടം ഇവിടെ ഉണ്ടോ? ഈ ചോദ്യത്തിനാണ് കേസ് വന്നിരിക്കുന്നത്. ഹിന്ദു അനാചാരങ്ങൾക്കെതിരെ ഒരു നാടകം കളിക്കുകയല്ല മറിച്ചു ഒരു നാടകത്തെ കുറിച്ചുള്ള വിദൂരമായ ആലോചനക്കെതിരെയാണ് ഈ കേസ്. യഥാർത്ഥത്തിൽ എനിക്കെതിരെ കേസ് കൊടുത്തത് എന്റെ ചോദ്യത്തെ കൂടുതൽ പ്രസക്തമാക്കുകയാണ്.” രഞ്ജിത് പറയുന്നു.

ശബരിമല വിഷയത്തിൽ അഭിപ്രായങ്ങൾ പറഞ്ഞതിന് ശേഷം തനിക്കെതിരെ വരുന്ന അഞ്ചാമത്തെ കേസ് ആണിതെന്ന് ലിബി സി എസ് പറയുന്നു. സ്വന്തം നിലപാടുകൾ പറഞ്ഞതു കൊണ്ട് രഹന ഫാത്തിമയേ പോലെ താനും ജയിൽ വാസം അനുഭവിക്കേണ്ടി വരുമെന്ന് ഭയപ്പെടുന്നുവെന്ന് ലിബി ആശങ്ക അറിയിച്ചു.

കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഉടൻ അന്വേഷണം തുടങ്ങും എന്നും തുടർന്ന് മറ്റു വിവരങ്ങൾ അറിയിക്കാമെന്നും എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പ്രതികരിച്ചു.


Read More Related Articles