“നാൻ സ്നോളിൻ പേസ്റെ, ഉൻ കാതിൽ വിഴുതാ…”; തൂത്തുക്കുടി വെടിവെയ്പിന്റെ ഒന്നാം വാർഷികത്തിൽ കാസ്റ്റ്ലെസ് കളക്റ്റീവിന്‍റെ പാട്ട്

By on

“നാൻ സ്നോളിൻ പേസ്റെ, ഉൻ കാതിൽ വിഴുതാ…
ഏൻ തങ്കെ ആസിഫ എൻ കൂടെത്താ ഇര്ക്കാ
നീയെന്നെ സുട്ടേ
എൻ തായെ കദറെ വിട്ടേ
ഒടമ്പ് തൊട്ടേ
നാൻ സെത്ത പിമ്പു മുത്തമിട്ടെ
നല്ലാര്ക്കയാ? ഹാ?
ഉൻ കൊളന്തെെകളും നല്ലാര്ക്കിങ്കളാ?”
സ്നോളിൻ ചോദിക്കുന്നു.

“തുപ്പാക്കി മുഖത്തിൽ പായെ,
സ്നോളിൻ മെല്ലെ സായെ,
ആസിഫ അഴുക അഴുക
അറിവ് അതെയും എഴുതെ”

കാസ്റ്റ്ലെസ് കലക്റ്റീവിന്‌‍റെ തെരുക്കുറൾ‌ ആൽബത്തിലെ പുതിയ പാട്ട് തൂത്തുക്കുടി വെടിവെപ്പിൽ കൊല്ലപ്പെട്ട പതിനേഴുകാരി സ്നോളിനെ കുറിച്ചാണ്. അറിവും ഓഫ്രോയും ചേർന്നാണ് ‘സ്നോളിൻ’ എഴുതി പാടിയിരിക്കുന്നത്.

തൂത്തുക്കുടിയിൽ കോർപ്പറേറ്റ് വേദാന്തയുടെ സ്റ്റെർലെെറ്റ് പ്ലാന്റിനെതിരെ നടത്തിവന്ന സമരത്തിന്റെ മൂന്നാം ദിവസം കലക്ടറെ കണ്ട് നിവേദനം സമർപ്പിക്കാൻ നടത്തിയ ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുത്ത മാർച്ചിലേക്കാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. സിവിൽ വേഷത്തിലടക്കം ജനങ്ങൾക്ക് നേരെ വെടിയുതിർത്ത പൊലീസ് ഉദ്യോ​ഗസ്ഥർ കൃത്യമായ തീരുമാനത്തോടെയാണ് വെടിയുതിർത്തത് എന്ന് തെളിഞ്ഞിട്ടുണ്ട്. സ്നോളിന്റെ താടിയെല്ല് തകർത്താണ് വെടിയുണ്ട പോയത്. പതിമൂന്ന് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത് എന്നാണ് ഔദ്യോ​ഗിക കണക്കുകൾ. എന്നാൽ അമ്പതോളം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഭരണകൂടം കണക്ക് വെളിപ്പെടുത്താത്തത് മനപൂർവ്വമാണെന്നും വെടിവെപ്പ് നടന്ന ദിവസം തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.

“ആസിഫയും സ്നോളിനും ഈ രാജ്യത്തിന്റെ ഭാവിയാണ്. വർ​ഗീയ ഭീകരവാദത്തിനും ഭരണകൂട അതിക്രമത്തിനും കീഴടങ്ങിയവർ. വെടിയുണ്ടകൾ കൊണ്ടും കത്തികൊണ്ടും അവരുടെ ശബ്ദങ്ങൾ നിശ്ശബ്ദമാക്കപ്പെട്ടിട്ടുണ്ടാകാം, എങ്കിലും ഈ രാജ്യത്തിന്റെ ഓരോ തുടിപ്പിലും അവരുടെ ഓർമകൾ ജീവിക്കും.

ഈ കത്ത് വരുന്നത് ഒരു പാട്ടിന്റെ രൂപത്തിലാണ്. രണ്ടുപേരുടെ ചിന്തകളാണ് ഇത് കൊണ്ടുവരുന്നത്. അവൾ കശ്മീരിൽ നിന്നായിരുന്നു, ഞാൻ തൂത്തുക്കുടിയിൽ നിന്നും. ഞങ്ങളെങ്ങനെയാണ് കണ്ടുമുട്ടിയത്? അവൾ എങ്ങനെയാണ് എന്റെ സഹോദരിയായത്?
ഞങ്ങൾ ജീവനോടെയിരുന്നപ്പോൾ ഈ ഭരണകൂടം ഞങ്ങളെ വിഭജിച്ചുനിർത്തി, പക്ഷേ മരണത്തിൽ ഒന്നിപ്പിക്കുകയാണ് ചെയ്തത്. കാരണം ഭരണകൂടത്തിന്, വിസമ്മതിക്കുന്ന ഏതൊരു ശബ്ദവും അതൊരു കുഞ്ഞിന്റേതായാലും പ്രായപൂർത്തിയായ ഒരാളുടേതായാലും യുവത്വത്തിന്റേതായാലും അതിനെ ഇല്ലാതാക്കണം എന്നാണ്. വിസമ്മതത്തിന്റെ ശബ്ദം കൊല്ലപ്പെടണം എന്നാണ്. ഈ ഭരണകൂടം കൊലപ്പെടുത്തിയ രണ്ട് ആത്മാക്കൾ എഴുതിയ കത്താണിത്.

ഒരാൾ കൊല്ലപ്പെട്ടത് തോക്കിനാലും മറ്റൊരാൾ കൊല്ലപ്പെട്ടത് അനുകമ്പയില്ലായ്മയാലും.
സ്നേഹത്തോടെ
സ്നോളിൻ, ആസിഫ”. ‘സ്നോളിൻ’ അവസാനിക്കുന്നത് ജെനി ഡോളിയും രൂപേഷും ആന്റണി റൂബിനും ചേർന്നെഴുതിയ ഈ കുറിപ്പിലാണ്.

സ്നോളിന് വെടികൊണ്ടപ്പോൾ കൂടെയുണ്ടായിരുന്ന ഇരുപത്തിമൂന്നുകാരിയായ ഇൻഫാന്റ സംഭവത്തെക്കുറിച്ച് ട്രാൻസ് അവകാശ പ്രവർത്തകയായ ​ഗ്രെയ്സ് ബാനു(2018 ജൂൺ 5ന് സബ്രം​ഗ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്ന്)വിനോട് പറഞ്ഞത് ഇങ്ങനെ,

“ആ ദിവസം പ്രതിഷേധപരിപാടിയിൽ ഒരുപാട് ജനങ്ങളെ ഞങ്ങൾ കണ്ടു, ഞങ്ങളിൽ പലരും കരുതിയത് സർക്കാർ ഞങ്ങളുടെ ആവശ്യം അം​ഗീകരിച്ച് സ്റ്റെർലെെറ്റ് പ്ലാന്റ് അടച്ചുപൂട്ടും എന്ന് തന്നെയാണ്. സ്നോളിനും അതേ പ്രതീക്ഷയായിരുന്നു.ഞാനും സ്നോളിനും മറ്റൊരു സുഹൃത്തും പ്രതിഷേധത്തിൽ ഒരുമിച്ചായിരുന്നു. ഞങ്ങൾ പരസ്പരം കെെകൾ കോർത്തുപിടിച്ച് ആവേശത്തോടെയാണ് മുന്നോട്ടുനടന്നത്. പ്രതിഷേധമാർച്ച് വിവിടി സി​ഗ്നൽ എത്തിയപ്പോൾ ആരോ ഞങ്ങൾക്ക് നേരെ കല്ലെറിയാൻ തുടങ്ങി, എന്റെ തലയിൽ ഒരു കല്ല് കൊണ്ടു, അതോടെ പൊലീസ് ലാത്തിച്ചാർജ് തുടങ്ങി. ഒരിടവേളയ്ക്ക് ശേഷം ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചു. ലാത്തിച്ചാർജും തുടർന്നു. ടിയർ ​ഗ്യാസിൽ നിന്ന് രക്ഷപ്പെടാൻ ഞങ്ങൾ ഷോൾ‍ കൊണ്ട് മുഖം മറച്ച് മുന്നോട്ട് തന്നെ നടന്നു.

മുന്നിൽ ഇരുപതോളം ട്രാൻസ് സ്ത്രീകൾ ഉണ്ടായിരുന്നു, അതിന് പിന്നിൽ സ്ത്രീകൾ, അതിന് പിന്നിൽ പുരുഷന്മാർ. കല്ലേറിനും ടിയർ ​ഗ്യാസിനും ലാത്തിച്ചാർജിനും ബാരിക്കേഡുകൾക്കും ഇടയിലൂടെ ജനങ്ങൾ കലക്ടർ ഓഫീസിലേക്ക് തന്നെ നടന്നു. ട്രാൻസ് സ്ത്രീകളും മറ്റ് സ്ത്രീകളും ആദ്യം കലക്ടർ ഓഫീസിലെത്തി. കുറച്ച് പുരുഷന്മാരും എത്തി. ഞങ്ങൾ കലക്ടർ ഓഫീസിലെത്തിയപ്പോൾ എല്ലാം സമാധാനപരമായിരുന്നു. ഞങ്ങളവിടെ സമാധാനത്തോടെയിരുന്നു. പെട്ടെന്ന് ധാരാളം പൊലീസ് ഓഫീസിൽ നിന്നും ഇറങ്ങിവന്ന് ഞങ്ങളെ ലാത്തിച്ചാർജ് ചെയ്യാൻ തുടങ്ങി. ഞങ്ങൾ അവിടെനിന്നും ഓടാൻ തുടങ്ങി. അതിനിടയിൽ ഞങ്ങളുടെ സുഹൃത്ത് സ്പീഡ് ബ്രേക്കറിൽ തട്ടി വീണു. അവൾക്ക് ആത്സ്മ ഉണ്ടായിരുന്നു. അവൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. സ്നോളിനും ഞാനും അവളെ എഴുന്നേൽപിക്കാൻ പോയി. അപ്പോൾ വെടിയുണ്ടകൾ ഞങ്ങൾക്കിടയിലൂടെ പറക്കുന്നുണ്ടായിരുന്നു. ആദ്യത്തെ രണ്ട് വെടിയുണ്ടകളിൽ നിന്നും ഞങ്ങൾ രക്ഷപ്പെട്ടു. അടുത്ത വെടിയുണ്ട സ്നോളിന്റെ വായിലേക്ക് തന്നെ കയറി. സ്നോളിൻ നിലത്ത് വീണു. കുറച്ച് സമയത്തേക്ക് എനിക്ക് എന്നെത്തന്നെ മറന്നുപോയി. ഞാൻ മരവിച്ചുപോയി. അതിന് ശേഷം ലാത്തിയടികൾ കൊണ്ടപ്പോഴും ഞാൻ മരവിപ്പോടെ തന്നെ നിന്നു. അതിന് ശേഷം ഞങ്ങൾ സ്നോളിന്റെ ശരീരവുമായി ആശുപത്രിയിലേക്ക് പോയി, വഴിയിൽ ഇരുപതോളം ശരീരങ്ങൾ ചോരയിൽ കുതിർന്ന് കിടക്കുന്നുണ്ടായിരുന്നു.”

ഇരകൾക്ക് മതിയായ നഷ്ടപരിഹാരം നൽകിക്കഴിഞ്ഞു എന്ന് ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് അന്വേഷണം അവസാനിപ്പിച്ചു.


Read More Related Articles