സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കി കേന്ദ്ര നിലപാട്; ശബരിമലയിൽ സുപ്രീം കോടതി വിധി നടപ്പാക്കാൻ നിർദ്ദേശം

By on

ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയ്ക്കെതിരെ സംസ്ഥാനത്തെങ്ങും ബിജെപി ആർഎസ്എസ് നേതൃത്വത്തിൽ പ്രക്ഷോഭങ്ങളും അക്രമങ്ങളും നടക്കുമ്പോൾ സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കി വിധി നടപ്പാക്കാൻ കേന്ദ്ര സർക്കാരിന്‍റെ ആവശ്യം. സുപ്രീംകോടതി വിധിയെത്തുടർന്നു കേരളത്തിലുടനീളമുണ്ടായ പ്രതിഷേധ പ്രകടനങ്ങളിൽ സമാധാനം ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ശബരിമല ക്ഷേത്രദർശനത്തിന് എത്തുന്ന സ്ത്രീകൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയതായി പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നു. വനിതകൾ ശബരിമലയിലേക്ക് എത്തുന്നത് തടഞ്ഞാൽ അത് കോടതിയലക്ഷ്യമാകും. ഈ സാഹചര്യത്തിലാണ് ഒക്ടോബര്‍ 15നു തന്നെ കേരളത്തിന് നിര്‍ദേശം അയച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറയുന്നു.

സന്നിധാനത്തു ക്രമസമാധാനം ഉറപ്പാക്കുന്ന ചുമതല സംസ്ഥാന സർക്കാരിനാണെന്നും കേന്ദ്രം പറയുന്നു. പത്തിനും അന്‍പതിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് ക്ഷേത്ര ദർശനം നടത്താമെന്ന സുപ്രീം കോടതി വിധി പൂർണമായും നടപ്പാക്കാൻ സംസ്ഥാന സർക്കാർ സുരക്ഷ ഒരുക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ശബരിമലിയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ആദ്യം സ്വീകരിച്ച അനുകൂല നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് സ്ത്രീപ്രവേശന വിരുദ്ധ നിലപാട് ആർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭാ​ഗവത് നിലപാട് സ്വീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വിധി നടപ്പാക്കാൻ ആവശ്യപ്പെട്ടത്.


Read More Related Articles