കഫീൽ ഖാനെ ജയിലിലടച്ചത് എഫ്ഐആർ ഇല്ലാതെ, പ്രതി ചേർത്തിരിക്കുന്നത് സഹോദരന്‍റെ പേരിലുള്ള പഴയകേസിൽ

By on

ലക്നൌ: ഡോക്ടർ കഫീൽ ഖാനെ ​ഗൊരഖ്പുർ ജയിലിൽ അടച്ചത് സഹോദരന്റെ പേരിലുള്ള പഴയകേസിലെ എഫ്ഐആറിൽ പ്രതിചേർത്ത്. അദീൽ ഖാനെതിരായ 2009 ലെ കേസിലെ എഫ്ഐആറിൽ പേര് ചേർത്താണ് കഫീൽ ഖാനെ ഇപ്പോൾ ജയിലിൽ അടച്ചിരിക്കുന്നത്. എന്നാല്‍ ഈ എഫ്‌ഐആറില്‍ കഫീല്‍ ഖാനെതിരെ ചുമത്തിയ വകുപ്പ് ഏതാണെന്ന് കൂട്ടിച്ചേര്‍ത്തിട്ടോ പുതിയ എഫ്‌ഐആര്‍ തയ്യാറാക്കുകയോ ചെയ്തിട്ടില്ല. എഫ് ഐ ആര്‍ ലഭിക്കാതെ ജാമ്യാപേക്ഷ നല്‍കാനോ നിയമപരമായി മുന്നോട്ട് പോകാനോ കഴിയാത്ത പ്രതിസന്ധിയിലാണ് ഡോ.കഫീലിന്റെ കുടുംബം. ശനിയാഴ്ച ബഹറൈച്ചിൽ നിന്ന് അറസ്റ്റ് ചെയ്ത കഫീൽ ഖാനെ ആദ്യം കോടതി ജാമ്യം നൽകിയെങ്കിലും പൊലീസ് അദ്ദേഹത്തെ വിട്ടയച്ചില്ല. കഫീൽ ഖാനെ അന്യായമായി കസ്റ്റഡിയിൽ സൂക്ഷിച്ച പൊലീസ് ഈ സമയം കൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തുകയും സഹോദരൻ അദീൽ ഖാനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയവുകയും ചെയ്തു. ഇതിനിടെ കഫീൽ ഖാനെതിരായി പുതിയ കേസ് രൂപപ്പെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തിയത്. അങ്ങനെയാണ് അദീൽ ഖാനെതിരായ പഴയ കേസിൽ കഫീൽ ഖാനെയും പ്രതിചേർത്തത്. കഫീൽ ഖാനും സഹോരൻ അദീൽ ഖാനും ഇപ്പോൾ ​ഗോരഖ്പുർ ജയിലിലാണ്.

ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു ഡോ.കഫീല്‍ ഖാനെ ബഹ്‌റൈച്ച് ജില്ലാ ഹോസ്പിറ്റലില്‍ നിന്നും അറസ്റ്റ് ചെയ്തത്. ചീഫ് മെഡിക്കല്‍ ഓഫീസറുടെ അനുമതി നേടിയാണ് ഡോ.കഫീല്‍ ഖാന്‍ പോയതെങ്കിലും ജാപ്പനീസ് എന്‍സിഫലൈറ്റിസ് ബാധിതരായി കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്ന കാര്യത്തെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കുന്നതിന് മുമ്പ് തന്നെ ആശുപത്രിയില്‍ ബഹളമുണ്ടാക്കി എന്ന കുറ്റം ചുമത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് 18 മണിക്കൂര്‍ ഡോ.കഫീലിനെ പല സ്ഥലങ്ങളിലായി കൊണ്ടുപോകുകയും ബന്ധുക്കളെ അദ്ദേഹത്തെപ്പറ്റിയുള്ള ഒരു വിവരവും അറിയിക്കാതിരിക്കുകയും ആയിരുന്നു. പാതിരാത്രിയോടെ റിലീസ് ചെയ്യും എന്നും ബന്ധുക്കളെ അറിയിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പൂരില്‍ ഉണ്ടെന്നും വൈകീട്ട് നാലു മണി വരെ യോഗി ആദിത്യനാഥ് ടൗണില്‍ ഉണ്ടാകുമെന്നും അതു കഴിഞ്ഞ് ഡോക്ടറെ വീട്ടിലെത്തിക്കാം എന്നും കഫീൽ ഖാന്റെ ഡ്രൈവർ സൂരജ് പാണ്ഡേയോട് പൊലീസ് പറഞ്ഞു. ഇത്രയും സമയം അവര്‍ മറ്റൊരു കേസ് പ്ലോട്ട് ചെയ്യാന്‍ എടുത്തു എന്ന് ഡോ.കഫീലിന്റെ സഹോദരീ ഭര്‍ത്താവ് സമര്‍ ഖാന്‍ പറഞ്ഞു.

അതിന് ശേഷം പിറ്റേന്ന് ഉച്ചയോടെ വീട്ടില്‍ റെയ്ഡ് നടത്തിയ 12ഓളം പൊലീസുകാര്‍ കഫീലിന്റെ മൂത്ത സഹോദരന്‍ അദീല്‍ ഖാനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ ബഹ്‌റൈച്ചില്‍ നിന്ന് കസ്റ്റഡിയിലെടുത്തപ്പോള്‍ ചുമത്തിയ കേസില്‍ മജിസ്‌ട്രേറ്റ് ഡോ.കഫീല്‍ ഖാന് ജാമ്യം നല്‍കിയെന്നും റീലീസ് ചെയ്തു എന്നും ദേശീയ വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് ദേശീയ, പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. ഡോ.കഫീല്‍ ഖാനെ കസ്റ്റഡിയില്‍ നിന്നു വിട്ടയച്ചു എന്ന തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിരുന്നു.
എന്നാല്‍, സത്യം അതല്ലെന്ന് ഡോ.കഫീല്‍ ഖാന്റെ കുടുംബം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. ജാപ്പനീസ് എന്‍സിഫലൈറ്റിസ് ബാധിച്ച കുഞ്ഞുങ്ങള്‍ മതിയായ ചികിത്സ പോലും കിട്ടാതെ കൊല്ലപ്പെടുന്ന കാര്യം പുറംലോകം അറിയാതിരിക്കാന്‍ വേണ്ടിയാണ് ഭരണകൂടം ഡോ.കഫീലിനെയും തങ്ങളെയും ഉപദ്രവിച്ചുകൊണ്ടിരിക്കുന്നത് എന്ന് കഫീല്‍ ഖാന്റെ കുടുംബം പറയുന്നു. ഡോ.കഫീലിനെ നിശ്ശബ്ദനാക്കാനാണ് അവര്‍ ശ്രമിക്കുന്നത് എന്ന് ഡോ.കഫീലിന്റെ ഭാര്യ ഡോ.ഷബിസ്ത പറയുന്നു.

ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐ നല്‍കിയ പൊലീസ് വിശദീകരണ റിപ്പോര്‍ട്ടാണ് ഇന്ത്യന്‍ എക്‌സ്പ്രസ്, ദി വയര്‍, എന്‍ഡിടിവി തുടങ്ങിയ മാധ്യമസ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്‍ഡിടിവി പിന്നീട് വാര്‍ത്ത തിരുത്തി. മാതൃഭൂമി, മനോരമ, ദേശാഭിമാനി തുടങ്ങിയ മലയാളം പത്രങ്ങളും പിടിഐ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് വാര്‍ത്ത നല്‍കിയത്.
ഭരണകൂടം പൗരരെ ഇരപ്പെടുത്തുന്നത് എങ്ങനെ ഇരപ്പെടുത്തുന്നു എന്നതിന് ഉദാഹരണമാണ് ഈ കേസ് എന്നും വിശദാംശങ്ങള്‍ അന്വേഷിക്കാതെ ദി വയര്‍ നല്‍കിയ റിപ്പോര്‍ട്ട് തിരുത്തണം എന്നും ഡോ.കഫീലിന്റെ സഹോദരീ ഭര്‍ത്താവ് സമര്‍ ഖാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു.


Read More Related Articles