‘ഞാൻ പറയുന്നത് നീ ഒരിക്കലും കേൾക്കാറില്ല’; സൗദി രാജകുമാരനും ഫ്രഞ്ച് പ്രസിഡന്റ് മാക്രോയും തമ്മിലുള്ള സംഭാഷണം പുറത്ത്
ബ്യൂണസ് അയേഴ്സില്‍ ജി20 ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ നടന്ന അനൗപചാരിക സംഭാഷണം ക്യാമറയിൽ പതിഞ്ഞു. രണ്ട്പേരും മാറി നിന്ന് സംസാരിക്കുന്നതാണ് പുറത്തുവന്നത്. തനിക്ക് ആശങ്കയുണ്ടെന്ന് മാക്രോ പറയുമ്പോൾ ‘വിഷമിക്കേണ്ട എനിക്കത് കൈകാര്യം ചെയ്യാനാവും’ എന്ന് മുഹമ്മദ് രാജകുമാരൻ പറയുന്നത് വരെയുള്ള സംഭാഷണമാണ് അർജന്റൈൻ തലസ്ഥാനത്തെ എലയ്സീ കൊട്ടാരത്തിൽ വച്ച് ഇരുവരും തമ്മിൽ നടത്തിയ സംഭാഷണത്തിന്റെ രത്നച്ചുരുക്കം. അന്താരാഷ്ട്ര തലത്തിൽ കോളിളക്കമുണ്ടാക്കിയ ജമാൽ ഖഷോഗ്ഗി കൊലപാതകത്തെക്കുറിച്ചാണ് ഇരുവരും സംസാരിച്ചതെന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ സഹായ വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഇരുവരും തമ്മിലുള്ള സംഭാഷണം ഇങ്ങനെ.
മുഹമ്മദ് രാജകുമാരൻ-വിഷമിക്കണ്ട
മാക്രോ- ഞാൻ പറഞ്ഞില്ലേ, എനിക്ക് ആശങ്കയുണ്ട്, എനിക്ക് വിഷമമുണ്ട്
മുഹമ്മദ് രാജകുമാരൻ-അതേ നിങ്ങൾ എന്നോട് പറഞ്ഞിരുന്നു, ഒരുപാട് നന്ദി
മാക്രോ-ഞാൻ പറയുന്നത് നിങ്ങൾ ഒരിക്കലും കേൾക്കാറില്ല
മുഹമ്മദ് രാജകുമാരൻ–അല്ല, ഞാൻ കേൾക്കും (അടുത്ത് ക്യാമറയുടെ സാന്നിദ്ധ്യം മനസിലാക്കിയപ്പോൾ രാജകുമാരൻ പുഞ്ചിരിക്കുന്നു)
മാക്രോ-ഞാൻ പറയുന്നത് എന്തുകൊണ്ടെന്നു വച്ചാൽ അത് നിങ്ങളെ സംബന്ധിച്ചടത്തോളം വളരെ പ്രധാനമാണ് (മാക്രോ പതിയെ ക്യാമറയിൽ നിന്നും അകലം പാലിക്കുന്നു)
മുഹമ്മദ് രാജകുമാരൻ-വിഷമിക്കേണ്ട, എനിക്ക് ഇത് കൈകാര്യം ചെയ്യാനാവും
ഇടയ്ക്ക് ഇരുവരും തമ്മിലുള്ള സംഭാഷണം വ്യക്തമാവുന്നില്ല
അവസാനം ‘ഞാൻ വാക്കു പാലിക്കുന്ന ആളാണ്’ എന്ന് മാക്രോ പറയുന്നതോടെ സംഭാഷണം അവസാനിക്കുന്നു
സൗദി എഴുത്തുകാരനും രാജകുമാരന്റെ വിമർശകനുമായിരുന്ന ജമാൽ ഖഷോഗ്ഗി തുർക്കിയിലെ സൗദി എംബസിക്കുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ സംശയത്തിന്റെ നിഴലിലാണ് മുഹമ്മദ് ബിൻ സൽമാൻ. അന്താരാഷ്ട്ര തലത്തിൽ ഖഷോഗ്ഗി കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വൻ വിമർശനമാണ് കിരീടാവകാശി നേരിടുന്നതും.