ആഗ്രയില്‍ ദലിത് വിദ്യാര്‍ത്ഥിനിയെ തീകൊളുത്തി കൊന്നു
ഉത്തർപ്രദേശിലെ ആഗ്രയില്‍ പത്താംക്ലാസുകാരിയായ ദലിത് പെൺകുട്ടിയെ തീകൊളുത്തി കൊന്നു. ചൊവ്വാഴ്ചയായിരുന്നു സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന സഞ്ജലിയെ ബെെക്കിലെത്തിയ രണ്ട് പുരുഷന്മാർ പെട്രോളൊഴിച്ച് തീകൊളുത്തി. സഞ്ജലിയ്ക്ക് 55% പൊള്ളലേറ്റിരുന്നു. ശ്വാസനാളത്തിനും സാരമായ പരിക്കേറ്റിരുന്നു. നൗമീൽ ഗ്രാമത്തിലെ അഷർഫി ദേവി ചിദ്ദ സിങ് ഇന്‍റര്‍ കോളേജിലെ വിദ്യാർത്ഥിയായിരുന്നു സഞ്ജലി. പൊള്ളലേറ്റ സഞ്ജലിയെ ആദ്യം എസ്എൻ മെഡിക്കൽ കൊളേജിൽ പ്രവേശിപ്പിച്ചു, പിന്നീട് ഡൽഹിയിലെ സഫ്ദർജങ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു. 36 മണിക്കൂർ ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് മരിച്ചത്. സഞ്ജലി കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നതോടെ നാട്ടുകാർ പ്രതിഷേധപ്രകടനങ്ങൾ നടത്തുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
സഞ്ജലിയുടെ കുടുംബാംഗങ്ങളെ കണ്ട ശേഷം ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സഞ്ജലിക്ക് നീതി തേടിക്കൊണ്ട് സമരപ്രഖ്യാപനം നടത്തി.
” പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷം ഞാൻ ആ പെൺകുട്ടിയെ കണ്ടിരുന്നു . ബഹുജൻ സമൂഹത്തിൽ എത്ര സഹോദരിമാരുണ്ടോ അവരെല്ലാം എന്‍റെ സഹോദരിമാരാണ്. ഏത് തരം പ്രശ്നത്തിലായാലും നമ്മൾ ഒന്നിച്ച് നിൽക്കും. ആ പെൺകുട്ടിക്ക് സംഭവിച്ചത് ഇനി ഈ രാജ്യത്ത് സംഭവിക്കരുത്. ഇങ്ങനെ സംഭവിക്കുന്നത് എന്തുകൊണ്ടെന്നാൽ ചില ആളുകൾക്ക് എസ് സി എസ് റ്റി പീഡന നിരോധന നിയമം ലംഘിക്കൽ ഒരു വിനോദമായി മാറിയതുകൊണ്ടാണ്. ചിലർക്ക് ഇതൊരു കരിനിയമമാണ്. ആഗ്രയിലുള്ള അധികാരികൾ കേട്ടോളൂ. ഞാൻ അവിടേക്ക് വരും. നേതാവല്ല ആ പെൺകുട്ടിയുടെ സഹോദരൻ ആണ് ഞാൻ. ഞങ്ങൾക്ക് നീതി വേണം. എന്‍റെ സഹോദരിയെ കത്തിച്ചു കൊന്നു കളഞ്ഞവരെ പൊലീസ് എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം”.
ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
സഞ്ജലിയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ വലിയ സമര പരിപാടികളുമായി തെരുവിലിറങ്ങുമെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു. സഞ്ജലിയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകാനും ചന്ദ്രശേഖർ ആസാദ് യോഗി ആദിത്യനാഥ് സർക്കാരിനോട് ആവശ്യപ്പെട്ടു.
ഈ ഹീനകൃത്യത്തിനെതിരെ രാജ്യത്തെങ്ങും ഓരോ നഗരത്തിലും ഓരോ താലൂക്കിലും പ്രതിഷേധമുയരേണ്ടതുണ്ട്. എത്രയും വേദഗം തന്നെ പ്രതികളെ അറസ്റ്റ് ചെയ്ത് അതിവേഗ കോടതിയിൽ നടപടികൾ പൂർത്തിയാക്കി മൂന്ന് മാസത്തിനകം ശിക്ഷ വിധിക്കണം. ഗുജറാത്ത് വദ്ഗാം എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി പറഞ്ഞു.
കേസിൽ ആറുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
സഞ്ജലിയുടെ കസിൻ യോഗേഷിനെ കേസിൽ ചോദ്യം ചെയ്യാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. രണ്ട് തവണ വിളിപ്പിച്ചെങ്കിലും യോഗേഷ് പോയില്ല. യോഗേഷ് പിന്നീട് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. സഞ്ജലി ചികിത്സയിലായിരുന്നപ്പോൾ യോഗേഷ് ഡൽഹിയിൽ ചെന്ന് കണ്ടിരുന്നുവെന്നും അതുണ്ടാക്കിയ മാനസികപ്രയാസം കാരണമാണ് യോഗേഷ് ആത്മഹത്യ ചെയ്തത് എന്നും പൊലീസ് പറയുന്നു.