കുടിവെള്ളത്തിനായി സമരം, തോപ്പിൽ കോളനിയിലെ ദരിദ്ര-ദലിത് ജനങ്ങളുടെ സമരത്തോട് ഐക്യപ്പെടുക; സേതു

By on

കുടിവെള്ളത്തിനായി സമരം ചെയ്യുന്ന കിളിമാനൂര്‍ തോപ്പില്‍ കോളനിയിലുള്ള ദലിത് കുടുംബങ്ങളോട് എല്ലാ ജനാധിപത്യവിശ്വാസികളും ഐക്യപ്പെടണമെന്ന് ക്വാറിവിരുദ്ധ ജനകീയ മുന്നണി കണ്‍വീനറും സമരനേതാവുമായ സേതു. കിളിമാനൂര്‍ ബ്ലോക് പട്ടികജാതി വികസന ഓഫീസിന് മുന്നില്‍ കഴിഞ്ഞ നാല് ദിവസമായി മുപ്പതോളം പേര്‍ കുടിവെള്ളത്തിനായി സമരം ചെയ്യുകയാണ്.

കോളനിയില്‍ പന്ത്രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന എകെആര്‍ ക്രഷേഴ്സ് എന്ന ക്വാറിയുടെ പ്രവര്‍ത്തനമാണ് കോളനിയില്‍ കഴിയുന്നവരുടെ ജീവിതം ഇത്രയേറെ ദുസ്സഹമാക്കുന്നത്. ക്വാറിയിലേക്കുള്ള ലോറികള്‍ക്ക് പോകാന്‍ റോഡ് പുതുക്കിപ്പണിതെങ്കിലും കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിക്കായുള്ള പെെപ് ലെെനുകള്‍ ഈ വര്‍ഷം ഫെബ്രുവരി വരെ തകര്‍ന്നുകിടക്കുകയായിരുന്നു.

കോളനിയിലുള്ളവരുടെ നിരന്തര സമരം കാരണം കുടിവെള്ള പദ്ധതി ഫെബ്രുവരി 15നകം പൂര്‍ത്തിയാക്കാമെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പ് നല്‍കുകയുണ്ടായി. എന്നാല്‍ ആ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ സമരം ശക്തമാക്കിയത്.

“ആയിരം ദിവസം ആഘോഷിക്കുന്ന പിണറായി സർക്കാർ കുടിവെള്ളത്തിനായി ജനങ്ങൾ നടത്തുന്ന സമരത്തെ അവ​ഗണിക്കുകയാണ്. വർഷങ്ങളോളം മുടങ്ങിക്കിടന്ന കുടിവെള്ള പദ്ധതി ജനങ്ങളുടെ പ്രതിരോധത്തിന് വഴങ്ങി പഞ്ചായത്ത് അധികൃതർ പുനരാരംഭിച്ചപ്പോൾ അതിന്റെ ക്രെഡിറ്റ് തങ്ങളുടേതാക്കി മാറ്റാൻ സിപിഎം നേതൃത്വം വീടുകളിൽ കയറി പ്രചരണം നടത്തി എന്നാൽ ജനങ്ങൾക്കിടയിൽ അത് വിലപ്പോകുന്നില്ല. ഇത് ചെയ്യുന്നതോടൊപ്പം പദ്ധതി നടത്തിപ്പ് പതുക്കെയാക്കാനുള്ള എല്ലാ ശ്രമങ്ങളും അവർ ചെയ്യുകയും ചെയ്യുന്നു.

ഇവർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത് തന്നെ കോളനിക്കകത്തു ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി പ്രവർത്തിക്കുന്ന എ കെആർ എന്ന ക്വാറിക്കു വേണ്ടിയാണ് എന്നത് അവിടത്തെ ഓരോരുത്തർക്കും അറിയാവുന്നതാണ്. മുടങ്ങിയ കുടിവെള്ളപദ്ധതി ജനങ്ങളുടെ ശ്രമത്തിനാൽ വീണ്ടും പ്രവർത്തനം ആരംഭിക്കുമ്പോൾ അത് നിർത്തലാക്കാൻ നോക്കുന്ന, വോട്ട് മാത്രം ആവശ്യപ്പെടുന്ന ജനദ്രോഹികൾക്കെതിരെ ഉറച്ചുനിൽക്കാൻ ജനങ്ങൾ തീരുമാനിക്കുകയും അതുമൂലം കിളിമാനൂർ പട്ടികജാതി വകുപ്പ് ബ്ലോക്ക് ഓഫീസിനു മുൻപിൽ തോപ്പിൽ കോളനിയിലെ ദരിദ്ര ദലിത് ജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീകളും കുട്ടികളുമടക്കം കുത്തിയിരിപ്പു സമരം തുടങ്ങിയിട്ട് നാല് ദിവസമായിരിക്കുകയാണ്. ഇത്തരം ജനകീയ സമരങ്ങൾക്ക് ശക്തിപകരാൻ എല്ലാ ജനാധിപത്യവിശ്വാസികളെയും സ്വാഗതം ചെയ്യുന്നു,” സേതു പറയുന്നു.


Read More Related Articles