ഡേറ്റയുടെ കുത്തകവത്കരണം രൂക്ഷമായ അസമത്വം സൃഷ്ടിക്കും-യുവാല്‍ നോവ ഹരാരി

By on

ഇസ്രായേലി ചരിത്രകാരന്‍ യുവാല്‍ നോവ ഹരാരിയുടെ 21ആം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങള്‍ എന്ന പുസ്തകത്തിലെ ‘സമത്വം’ എന്ന  അധ്യായത്തിന്‍റെ പരിഭാഷ. 

ഡേറ്റയുടെ ഉടമ ഭാവിയുടെയും ഉടമയായിരിക്കും

കഴിഞ്ഞ കുറേ ദശകങ്ങളായി ലോകം മുഴുവനുമുള്ള ആളുകളോട് പറയപ്പെട്ടിരുന്നത് മനുഷ്യരാശി സമത്വത്തിലേക്കുള്ള പാതയിലാണെന്നും ആ​ഗോളവത്കരണവും പുത്തൻ സാങ്കേതിക വിദ്യകളും അവിടേയ്ക്ക് അതിവേ​ഗം എത്താൻ നമ്മെ സഹായിക്കും എന്നുമാണ്. സത്യത്തിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ചരിത്രത്തിലെ ഏറ്റവും അസമത്വമുള്ള സമൂഹങ്ങളെ സൃഷ്ടിക്കാനാണ് സാധ്യത. ആ​ഗോളവത്കരണവും ഇന്റർനെറ്റും രാജ്യങ്ങൾ തമ്മിലുള്ള അകലം കുറക്കുന്നുണ്ടെങ്കിലും അവ വർ​ഗങ്ങൾ തമ്മിലുള്ള അകലം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ആ​ഗോള ഏകീകരണം എന്ന ലക്ഷ്യം മനുഷ്യവംശം നേടിയെടുക്കുന്നു എന്ന് തോന്നുമ്പോൾ തന്നെ മനുഷ്യവംശം വ്യത്യസ്ത ജൈവ ജാതികളായി വേർതിരിയാൻ സാധ്യതയുണ്ട്.
അസമത്വം ശിലായു​ഗത്തോളം പഴക്കമുള്ളതാണ്. മുപ്പതിനായിരം വർഷങ്ങൾക്ക് മുൻപ് വേട്ടക്കാർ-ശേഖരണക്കാർ (hunter gatherer) സംഘങ്ങൾ അവരുടെ അം​ഗങ്ങളിൽ ചിലരെ വെറും കുഴികളിൽ അടക്കം ചെയ്തപ്പോൾ മറ്റു ചിലരെ ആയിരക്കണക്കിന്, ​ഗജദന്ത മുത്തുകളും കങ്കണങ്ങളും രത്നങ്ങളും കലാവസ്തുക്കളും കൊണ്ടുമൂടിയ ആഡംബര കല്ലറകളിൽ അടക്കം ചെയ്തു. എന്നിരിക്കിലും പുരാതന വേട്ടക്കാർ-ശേഖരണക്കാർ സമൂഹങ്ങൾ, പിന്നാലെ വന്ന ഏതൊരു മനുഷ്യ സമൂഹങ്ങളേക്കാളും സമത്വാധിഷ്ഠിതിമായിരുന്നു. കാരണം അവർക്ക് വളരെ കുറച്ച് സമ്പത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സമ്പത്ത് ആയിരുന്നു അതി ദീർഘമായ അസമത്വത്തിന് വേണ്ടിയിരുന്ന മുൻകരുതൽ.
കാർഷിക വിപ്ലവത്തിന് പിന്നാലെ സമ്പത്തും അതിനൊപ്പം അസമത്വവും ​ഗുണീഭവിച്ചു. മനുഷ്യർ ഭൂമിയ്ക്കും മൃ​ഗങ്ങൾക്കും ചെടികൾക്കും ഉപകരണങ്ങൾക്കും മേൽ ഉടമസ്ഥാവകാശം നേടിയപ്പോൾ‌ കർക്കശമായ അധികാരക്രമമുള്ള സമൂഹങ്ങൾ ആവിർഭവിച്ചു. അവയിൽ ചെറിയ പ്രമാണികൾ ഭൂരിപക്ഷം സ്വത്തും അധിരകാരവും തലമുറകളോളം കുത്തകയാക്കി. അധികാര ക്രമം മാനദണ്ഡം മാത്രമായിരുന്നില്ല ഉത്കൃഷ്ട മാതൃക കൂടിയായിരുന്നു. ഉന്നതകുലജാതർക്കും സാധാരക്കാർക്കും ഇടയിൽ, പുരുഷനും സ്ത്രീയ്ക്കും ഇടയിൽ, അല്ലെങ്കിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമിടയിൽ വ്യക്തമായ ഒരു അധികാര ഘടന ഇല്ലാതെ എങ്ങനെയാണ് ക്രമം ഉണ്ടാവുക? ‘കാല് തലയെ അനുസരിക്കണം എന്നപോലെ’, ‘മനുഷ്യശരീരത്തിലെ എല്ലാ അവയവങ്ങളും തുല്യമല്ലാത്തതുപോലെ’ മനുഷ്യസമൂഹത്തിലെ സമത്വം താറുമാറല്ലാതെയൊന്നും കൊണ്ടുവരില്ല എന്ന് ലോകത്തെങ്ങുമുള്ള പുരോഹിതരും തത്വചിന്തകരും കവികളും ക്ഷമാപൂർവ്വം വിശദീകരിച്ചുകൊണ്ടിരുന്നു.
അതേസമയം ആധുനിക യു​ഗത്തിന്റെ പിൽക്കാലത്ത് തുല്യത എന്നത് എല്ലാ മാനവിക സമൂഹത്തിലും ഒരു ആദർശമായിത്തീർന്നു. ഭാ​ഗികമായി അത് കമ്യൂണിസം, ഉദാരവാദം എന്നീ ആശയങ്ങളുടെ ഉയർച്ച മൂലമായിരുന്നു. എന്നാൽ മുമ്പൊരിക്കലും ഇല്ലാതിരുന്നപോലെ പൊതുജനത്തിന്റെ പ്രാധാന്യം വർദ്ധിപ്പിച്ച വ്യവസായ വിപ്ലവം കൊണ്ടു കൂടിയാണ് അതുണ്ടായത്. വ്യാവസായിക സമ്പദ്വവസ്ഥകൾ തൊഴിലാളി ജനസമൂഹത്തെ ആശ്രയിച്ചപ്പോൾ വ്യാവസായിക സേനകൾ സാധാരണക്കാരെ ആശ്രയിച്ചു. ജനാധിപത്യ സർക്കാരുകളും ഏകാധിപത്യ ഭരണകൂടങ്ങളും ഒരുപോലെ ബഹുജനാരോ​ഗ്യത്തിലും വിദ്യാഭ്യാസത്തിലും അവരുടെ ക്ഷേമത്തിലും വൻ നിക്ഷേപം നടത്തി. എന്തുകൊണ്ടെന്നാൽ നിർമ്മാണം നിലനിർത്താൻ അവർക്ക് ദശലക്ഷണക്കിന് ആരോ​ഗ്യമുള്ള ആളുകളെയും ട്രെഞ്ചുകളിൽ പോരാടാൻ വിശ്വസ്ത സൈനികരെയും വേണമായിരുന്നു.
തത്ഫലമായി, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചരിത്രം വർ​ഗ-ലിം​ഗ-വംശ ഭേദ ലഘൂകരണത്തെ ചുറ്റിത്തിരിഞ്ഞു. അധികാരക്രമത്തിന്റെ കാര്യത്തിൽ 2000ങ്ങളിലെ ലോകത്തിന് ഇപ്പോഴും അതിന്റെ പങ്കുണ്ടെങ്കിലും 1900ങ്ങളിലെ ലോകത്തേക്കാൾ ഏറെ തുല്യതയുള്ളതാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ജനാധിപത്യവത്കരണ പ്രക്രിയ തുടരുമെന്നും വേ​ഗത കൈവരിക്കുമെന്നും ആളുകൾ പ്രതീക്ഷിച്ചു. സാമ്പത്തിക ഉന്നമനം പടർത്തുമെന്നും അതിന്റെ ഫലമായി ഇന്ത്യയിലേയും ഈജിപ്റ്റിലേയും ആളുകൾക്ക് ഫിൻലൻഡിലേയും ക്യാനഡയിലേയും ആളുകളുടെ അതേ അവസരങ്ങളും സവിശേഷാധികാരങ്ങളും ആസ്വദിക്കാൻ ആ​ഗോളവത്കരണം അവസരമൊരുക്കുമെന്നും പ്രത്യേകിച്ചും അവർ പ്രതീക്ഷിച്ചു. ഒരു തലമുറയാകെ ഈ വാ​ഗ്ദാനത്തിൻമേൽ വളർന്നു വന്നു.
ഇപ്പോൾ മനസിലാവുന്നത് ഈ വാ​ഗ്ദാനം നടപ്പാകാൻ ഇടയില്ലെന്നാണ്. തീർച്ചയായും ആ​ഗോളവത്കരണം മനുഷ്യരാശിയുടെ വലിയ വിഭാ​ഗങ്ങൾക്ക് ​ഗുണകരമായിട്ടുണ്ട്. പക്ഷേ സമൂഹങ്ങൾക്കകത്തും അവ തമ്മിലും അസമത്വം വളരുന്നതിന്റെ സൂചനകളുമുണ്ട്. കോടിക്കണക്കിന് ആളുകൾ പിന്നാക്കമാകുമ്പോൾ ചില വിഭാ​ഗങ്ങൾ ആ​ഗോളവത്കരണത്തിന്റെ ഫലങ്ങളെ അധികമായി കുത്തകയാക്കുന്നു. ഇപ്പോൾ തന്നെ ഏറ്റവും ധനാഢ്യരായ ഒരു ശതമാനം ആളുകൾ ലോകത്തെ പകുതി സമ്പത്ത് കയ്യാളുന്നു. കുറേക്കൂടി അമ്പരപ്പിക്കും വിധം, ഏറ്റവും പണക്കാരായ 100 പേർ 400 കോടി ദരിദ്രരുടെ സ്വത്തിനേക്കാൾ അധികം കയ്യാളുന്നു.
ഇത് കൂടുതൽ വഷളാവാനാണ് സാധ്യത. മുൻ അധ്യായങ്ങളിൽ വിശദീകരിച്ചതുപോലെ കൃത്രിമ ബുദ്ധിയുടെ ഉയർച്ച മിക്ക മനുഷ്യരുടെയും സാമ്പത്തിക രാഷ്ട്രീയ മൂല്യം ഇല്ലാതാക്കിയേക്കാം. അതേസമയം ജൈവസാങ്കേതിക വിദ്യയിലെ അഭിവൃദ്ധി, സാമ്പത്തിക അസമത്വത്തെ ജൈവ അസമത്വമായി പരിഭാഷപ്പെടുത്താനും ഇടയാക്കിയേക്കാം. അവസാനം അതി സമ്പന്നർക്ക് തങ്ങളുടെ ആശ്ചര്യകരമായ സമ്പത്തുകൊണ്ട് തക്കതായ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞേക്കാം. ഇതുവരെ തങ്ങളുടെ പദവി സൂചകകമായ വസ്തുക്കൾക്കപ്പുറം ചിലത് വാങ്ങാൻ അവർക്ക് ആയെങ്കിൽ, ഉടൻ തന്നെ ജീവൻ തന്നെ വാങ്ങാനും അവർക്ക് കഴിഞ്ഞേക്കാം. കായികമായും ബൗദ്ധികമായും ഉള്ള കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ആയുസ് ദീർ‌ഘിപ്പിക്കുന്നതിനുമുള്ള ചികിത്സകൾ ചെലവേറിയതാകുമെങ്കിൽ മനുഷ്യവംശം ജൈവജാതികളായി പിരിഞ്ഞേക്കാം.
ചരിത്രത്തിലുടനീളം സമ്പന്നരും ഉന്നതകുലജാതരും എല്ലായ്പോഴും കരുതിപ്പോന്നിരുന്നത് അവർക്ക് മറ്റുള്ളവരേക്കാൾ ശ്രേഷ്ഠമായ കഴിവുകളുണ്ടെന്നാണ്, അതാണ് കാര്യങ്ങളെ നിയന്ത്രിക്കാൻ അവരെ പ്രാപ്തരാക്കുന്നതെന്നാണ്. നമുക്കറിയുന്നിടത്തോളം അത് സത്യമല്ല. ഒരു ശരാശരി ഭൂപ്രഭു ഒരു ശരാശരി കർഷകനെക്കാൾ കഴിവുള്ളയാളായിരുന്നില്ല. അയാളുടെ ശ്രേഷ്ഠതയ്ക്ക് കാരണം അന്യായമായ നിയമ, സാമ്പത്തിക വേർതിരിവ് മാത്രമായിരുന്നു. എന്നിരുന്നാലും 2100 ത്തോടെ സമ്പന്നർ ശരിക്കും ചേരി നിവാസികളേക്കാൾ കഴിവുള്ളവരും സർ​ഗാത്മക ശേഷിയുള്ളവരും ബുദ്ധിശാലികളും ആയി മാറും. പാവങ്ങൾക്കും പണക്കാർക്കുമിടയിൽ കഴിവുകളുടെ കാര്യത്തിൽ ഒരു വിടവ് ഒരിക്കൽ തുറക്കുന്നതോടെ അത് അടയ്ക്കുക എന്നത് എതാണ്ട് അസാധ്യമായിരിക്കും. സമ്പന്നർ അവരുടെ ശ്രേഷ്ഠ കഴിവുകൾ അവരെത്തന്നെ പിന്നെയും പരിപോഷിപ്പിക്കാൻ ഉപയോ​ഗിച്ചാൽ, പണം കൊണ്ട് അവർക്ക് മെച്ചപ്പെട്ട ശരീരങ്ങളും മസ്തിഷ്കങ്ങളും വാങ്ങാൻ‌ കഴിഞ്ഞാൽ, കാലം കഴിയും തോറും ആ വിടവ് വർദ്ധിക്കുകയേ ഉള്ളൂ. 2100ഓടെ, ഒരു ശതമാനമുള്ള അതിസമ്പന്നർക്ക് ലോകത്തെ മുഴുവൻ സമ്പത്ത് മാത്രമല്ല ലോകത്തെ മുഴുൻ സൗന്ദര്യവും, സർ​ഗാത്മകതയും, ആരോ​ഗ്യവും സ്വന്തമാക്കാൻ കഴിയും.
കൃത്രിമബുദ്ധിയുടെ ഉയർച്ചയും ജൈവസാങ്കേതിക വിദ്യയും കൂടിച്ചേർന്നാൽ അത് മനുഷ്യവംശത്തെ ചെറിയൊരു വർ​ഗം അതിമാനുഷരായും വലിയൊരു വിഭാ​ഗം ഉപയോ​ഗ ശൂന്യരായ ഹോമോ സേപിയൻസായും വേർതിരിയാന്‍ ഇടവരുത്തിയേക്കാം. ഇപ്പോൾ തന്നെ അശുഭകരമായ സാഹചര്യത്തെ കൂടുതൽ വഷളാക്കിക്കൊണ്ട്, ബഹുജനത്തിന് സാമ്പത്തിക പ്രാധാന്യവും രാഷ്ട്രീയ അധികാരവും നഷ്ടമാവുന്നതോടെ അവരുടെ ആരോ​ഗ്യത്തിനും ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി നിക്ഷേപിക്കാനുള്ള പ്രേരണ ഭരണകൂടത്തിനും നഷ്ടമാവും. ആവശ്യത്തിലേറെയാവുക എന്നത് അപകടകരമാണ്. അപ്പോൾ ബഹുജനത്തിന്റെ ഭാവി എന്നത് ചെറിയൊരു വിഭാ​ഗം സമ്പന്നരുടെ സൗമനസ്യത്തിലാശ്രയിച്ചാവും നിലനിൽക്കുക. ചിലപ്പോൾ കുറേ ദശകങ്ങളോളം ഈ സൗമനസ്യം ഉണ്ടായേക്കാം. പക്ഷേ ഒരു പ്രതിസന്ധിയുടെ ഘട്ടത്തിൽ (പ്രകൃതി ദുരന്തം) അധികപ്പറ്റായ ആളുകളെ എറിഞ്ഞുകളയാൻ തോന്നാനും അങ്ങനെ ചെയ്യാനും എളുപ്പമാവും.
ഉദാര ചിന്തകളുടയും ക്ഷേമ രാഷ്ട്ര (welfare State) ശീലങ്ങളുടെയും കരുത്തുറ്റ പാരമ്പര്യമുള്ള ഫ്രാൻസും സ്വിറ്റ്സർലൻഡും പോലെയുള്ള രാജ്യങ്ങളിൽ ഒരു പക്ഷേ സമ്പന്ന വർ​ഗം, ബഹുജനത്തെക്കൊണ്ട് ആവശ്യമില്ലെങ്കിലും അവരെ പരിപാലിക്കുന്നത് തുടർന്നേക്കാം. എന്നാൽ കൂടുതൽ മുതലാളിത്തമുള്ള അമേരിക്കയിൽ അവർ ആദ്യം ചെയ്യുക അവശേഷിക്കുന്ന ക്ഷേമ രാഷ്ട്രം കൂടി അവസാനിപ്പിക്കുക എന്നതായിരിക്കും. അതിലും വലിയ പ്രശ്നമായിരിക്കും ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ വലിയ വികസ്വര രാഷ്ട്രങ്ങളിൽ കാണാനാവുക. അവിടെ സാധാരണക്കാർക്ക് സാമ്പത്തിക മൂല്യം നഷ്ടമാവുന്നതോടെ അസമത്വം കുതിച്ചുയരും.
തത്ഫലമായി, ആ​ഗോളീകരണം ആ​ഗോള ഏകീകരണമായി ഭവിക്കുന്നതിനു പകരം പുതുജീവിവർ​ഗ പരിണാമത്തിൽ കലാശിച്ചേക്കാം. അതായത് വ്യത്യസ്ത ജൈവ ജാതികളായോ വ്യത്യസ്ത ജീവിവർ​ഗങ്ങളായോ മനുഷ്യ വർ​ഗത്തിന്റെ വിഭജനം. ദേശീയ അതിർത്തികളെ മായ്ച്ച്കൊണ്ട് ആ​ഗോളീകരണം ലോകത്തെ തിരശ്ചീനമായി ഏകീകരിക്കും. പക്ഷേ അതേസമയം അത് മനുഷ്യവംശത്തെ ലംബമായി വിഭജിക്കും. അമേരിക്കയും റഷ്യയും പോലെയുള്ള, വൈജാത്യങ്ങൾ ഏറെയുള്ള രാജ്യങ്ങളുടെ ഭരണപ്രഭുത്വങ്ങൾ, സാധാരണക്കാരായ സേപിയൻസിനെതിരെ ഒരുമിച്ച് നിൽക്കാനായി പരസ്പരം ലയിച്ചേക്കാം. ഈ കാഴ്ചപ്പാടിൽ നോക്കിയാൽ നിലവിൽ സമ്പന്ന വർ​ഗത്തോടുള്ള ജനപ്രിയ അവജ്ഞ ശക്തമായ അടിത്തറയുള്ളതാണ്. നാം ശ്രദ്ധാലുക്കളായില്ലെങ്കിൽ സിലിക്കൺ വാലിയിലെ കച്ചവട ഭീമൻമാരുടെയും റഷ്യയിലെ കോടീശ്വരരുടെയും ചെറുമക്കൾ അപ്പലാച്ചൻ ഹില്ലിബില്ലികളുടെയും സൈബീരിയൻ ​ഗ്രാമീണരുടെയും ചെറുമക്കളേക്കാൾ ശ്രേഷ്ഠ വംശമായി മാറും.
ഉപരിവർ​ഗം ഒരു സ്വയം പ്രഖ്യാപിത നാ​ഗരികതയായി സമ്മേളിക്കുകയും പുറത്തുള്ള ‘ബാർബേറിയൻ’ കൂട്ടങ്ങളെ വേർതിരിക്കാനായി മതിലുകളും കിടങ്ങുകളും ചുറ്റും പണിയുകയും ചെയ്താൽ, ദീർഘകാലാടിസ്ഥാനത്തിൽ, അത്തരമൊരു സാഹചര്യം ലോകത്തെ അപ​ഗോളീകരിക്കാൻ(deglobalization) പോലും സാധ്യതയുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ വ്യാവസായിക നാ​ഗരികത ചെലവ് കുറഞ്ഞ അദ്ധ്വാനത്തിനായും അസംസ്ക‍ത വസ്തുക്കൾക്കും വിപണികൾക്കുമായി ഈ ‘ബാർബേറിയൻസിനെ’ ആശ്രയിച്ചിരുന്നു. അതിനാൽ അത് അവരെ കീഴടക്കുകയും ആ​ഗിരണം ചെയ്യുകയും ചെയ്തു. പക്ഷേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, കൃത്രിമ ബുദ്ധിയെയും ജൈവ എഞ്ജിനീയറിം​ഗിനെയും നാനോ റ്റെക്നോളജിയെയും ആശ്രയിക്കുന്ന ഒരു വ്യാവസായികവത്കരണാനന്തര നാ​ഗരികത കുറച്ചു കൂടി സ്വയം പര്യാപ്തവും സ്വയം നിലനിർത്തുന്നതുമായിരിക്കാൻ സാധ്യതയുണ്ട്. വർ​ഗങ്ങൾ എന്ന് മാത്രമല്ല രാഷ്ട്രങ്ങളും ഭൂഖണ്ഡങ്ങളും അപ്രസക്തമായേക്കാം. സൈബോർ​ഗുകൾ യുക്തി ബോംബുകൾ കൊണ്ട് പരസ്പരം പോരടിക്കുന്ന, ഡ്രോണുകളും റോബോട്ടുകളും കാവലുള്ള കോട്ടകൊത്തളങ്ങൾ ഈ സ്വയം പ്രഖ്യാപിത നാ​ഗരികതാ മേഖലകളെ, ‘വന്യമാനവർ’ കൊടുവാളുകളും കലാഷ്നിക്കോവുകളും കൊണ്ട് പരസ്പരം പോരടിക്കുന്ന ഭൂമികയിൽ നിന്നും വേർതിരിച്ചേക്കാം.
ഈ പുസ്തകത്തിലുടനീളം, മനുഷ്യരാശിയുടെ ഭാവിയെപ്പറ്റി സംസാരിക്കുമ്പോൾ ‘നമ്മൾ‌’ എന്ന് ഞാൻ പലപ്പോഴും ഉപയോ​ഗിച്ചേക്കാം. ‘നമ്മുടെ’ പ്രശ്നങ്ങൾക്ക് ‘നമുക്ക്’ എന്ത് ചെയ്യാനാവും എന്ന് ഞാൻ പറയുന്നു. പക്ഷേ ‘നമ്മൾ’ എന്നൊന്ന് ഉണ്ടായിരിക്കുകയില്ല. ഒരുപക്ഷേ ‘നമ്മുടെ’ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് വ്യത്യസ്ത മനുഷ്യ സംഘങ്ങൾക്ക് വ്യത്യസ്ത ഭാവിയാണ് ഉള്ളത് എന്നതാണ്. ലോകത്തിന്റെ ചില ഭാ​ഗങ്ങളിൽ ചിലപ്പോൾ നിങ്ങൾ നിങ്ങളുടെ കുട്ടികളെ കമ്പ്യൂട്ടർ കോഡ് എഴുതാൻ പഠിപ്പിക്കണമായിരിക്കും, മറ്റൊരിടത്ത് നേരെ വെടിവയ്ക്കാനും.

ആർക്കാണ് ഡേറ്റയുടെ ഉടമസ്ഥത?

ഒരു ചെറിയ സമ്പന്ന സംഘത്തിന്റെ കൈവശം എല്ലാ സമ്പത്തും കേന്ദ്രീകരിക്കാതിരിക്കാൻ നാം മുഖ്യമായും ചെയ്യേണ്ടത് ഡേറ്റയുടെ ഉടമസ്ഥത നിയന്ത്രിക്കുക എന്നതാണ്. പുരാതന കാലത്ത് ഭൂമിയായിരുന്നു ലോകത്തെ ഏറ്റവും വലിയ സമ്പത്ത്. ഭൂമിയ്ക്കുമേലുള്ള നിയന്ത്രണത്തിന് വേണ്ടിയായിരുന്നു രാഷ്ട്രീയം. കുറച്ച് ആളുകളുടെ കൈയ്യിൽ ഒരുപാട് ഭൂമി കേന്ദ്രീകരിച്ചപ്പോൾ സമൂഹം സാധാരണക്കാരെന്നും ഉന്നതകുലജാതരെന്നും രണ്ടായി തിരിഞ്ഞു. ആധുനിക യു​ഗത്തിൽ യന്ത്രങ്ങളും ഫാക്റ്ററികളും ഭൂമിയേക്കാൾ മുഖ്യമായി. ഉത്പാദനത്തിന്റെ ഈ മുഖ്യോപാധികളുടെ നിയന്ത്രണത്തിനു വേണ്ടിയായി രാഷ്ട്രീയ പോരാട്ടം. ഒരുപാട് യന്ത്രങ്ങൾ വളരെ കുറച്ച് പേരുടെ കൈകളിൽ മാത്രം കേന്ദ്രീകരിച്ചപ്പോൾ സമൂഹം മുതലാളികളും തൊഴിലാളികളുമായി പിരിഞ്ഞു. ഇരുത്തിയൊന്നാം നൂറ്റാണ്ടിൽ ഡേറ്റ ഏറ്റവും വിലപ്പെട്ട സമ്പത്തെന്ന നിലയിൽ ഭൂമിയെയും യന്ത്രങ്ങളെയും വിഴുങ്ങും. രാഷ്ട്രീയ പോരാട്ടം ഡേറ്റയുടെ നിയന്ത്രണത്തിന് വേണ്ടിയായിരിക്കും. ഡേറ്റയുടെ നിയന്ത്രണം ചെറിയൊരു വിഭാ​ഗത്തിന്റെ കൈകളിലായാൽ മനുഷ്യർ രണ്ട് വംശങ്ങളായി പിരിയും.
ഡേറ്റ ഭീമൻമാരായ ​ഗൂ​ഗിൾ, ഫെയ്സ്ബുക്, ബെയ്ദു, റ്റെൻസെന്റ് തുടങ്ങിവരുടെ നേതൃത്വത്തിൽ, ഡേറ്റ കയ്യടക്കാനുള്ള മത്സരം ഇപ്പോൾ തന്നെ നടക്കുന്നുണ്ട്. ഇതുവരെ ഈ ഭീമൻമാർ ‘ശ്രദ്ധാ വ്യാപാരം (attention merchants)’ എന്ന വിപണന മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. സൗജന്യ വിവരങ്ങളും സേവനങ്ങളും വിനോദവും തന്ന് ഇവർ നമ്മുടെ ‘ശ്രദ്ധ’ നേടിയെടുക്കും, എന്നിട്ട് നമ്മുടെ ‘ശ്രദ്ധ’യെ പരസ്യദാതാക്കൾക്ക് വിൽക്കും. ഡേറ്റ ഭീമൻമാർ ലക്ഷ്യം വയ്ക്കുന്നത് മുന്നത്തെ ശ്ര​ദ്ധാ വ്യാപാരികളെക്കാൾ ഏറെ ഉയരത്തിലാണ്. അവരുടെ യഥാർത്ഥ വ്യാപാരം പരസ്യം വിറ്റഴിക്കുക എന്നതല്ല. മറിച്ച് നമ്മുടെ ശ്രദ്ധ നേടിക്കൊണ്ട് അവർ നമ്മെപ്പറ്റി അതിഭീമമായ വിവരങ്ങൾ ശേഖരിക്കും, ഈ വിവരങ്ങൾ ഏത് പരസ്യവരുമാനത്തേക്കാളും ഏറെ വിലപിടിപ്പുള്ളതാണ്. നമ്മൾ അവരുടെ ഉപഭോക്താക്കളല്ല; ഉത്പന്നങ്ങളാണ്.
ഒരു ഹ്രസ്വ കാലയളവിൽ ഈ വിവര ശേഖരം വിപ്ലവകരമായ ഒരു പുതിയ വാണിജ്യ മാതൃകയ്ക്ക് വഴിതുറക്കും. അതിന്റെ ആദ്യത്തെ ഇര പരസ്യവിപണി തന്നെയായിരിക്കും. തിരഞ്ഞെടുക്കാനും വാങ്ങാനുമുള്ള അധികാരം അടക്കം മനുഷ്യനിൽ നിന്നും അൽ​ഗോരിതത്തിലേക്ക് നിയന്ത്രണം കൈമാറ്റം ചെയ്യുക എന്നതാണ് പുതിയ മാതൃകയുടെ അടിസ്ഥാനം. അൽ​ഗോരിതം നമുക്കായി തിരഞ്ഞെടുക്കലും വാങ്ങലും നടത്തുമ്പോൾ പരമ്പരാ​ഗത പരസ്യ വ്യവസായം തകരും. ​ഉദാഹരണത്തിന് ​ഗൂ​ഗിൾ എടുക്കാം. ​ഗൂ​ഗിളിന് വേണ്ടത് നമുക്ക് അതിനോട് എന്തും ചോദിക്കാനാവുകയും ലോകത്തിലെ ഏറ്റവും മികച്ച ഉത്തരം ലഭിക്കുകയും ചെയ്യുക എന്ന നിലയിലേക്ക് എത്തുക എന്നതാണ്. ‘ഹായ് ​ഗൂ​ഗിൾ, കാറുകളെപ്പറ്റിയും നിനക്ക് എല്ലാമറിയുന്നതുകൊണ്ടും, എന്നെപ്പറ്റി (എന്റെ ആവശ്യങ്ങളും ശീലങ്ങളും ആ​ഗോളതാപനത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായവും മധ്യേഷ്യൻ രാഷ്ട്രീയത്തേക്കുറിച്ചുള്ള എന്റെ നിലപാട് അടക്കം) നിനക്ക് എല്ലാമറിയുന്നതിനാലും ഏതായിരിക്കും എനിക്ക് പറ്റിയ ഏറ്റവും മികച്ച കാർ?’ എന്ന് നമുക്ക് ​ഗൂ​ഗിളിനോട് ചോദിക്കാൻ കഴിയുമെങ്കിൽ എന്തു സംഭവിക്കും? ഇതിന് സാധ്യമായ ഏറ്റവും മികച്ച ഉത്തരം തരാൻ ​ഗൂ​ഗിളിന് കഴിയുമെങ്കിൽ, എളുപ്പത്തിൽ സ്വാധീനിക്കാവുന്ന സ്വന്തം തോന്നലുകളേക്കാൾ ​ഗൂ​ഗിളിന്റെ ജ്ഞാനത്തെ വിശ്വസിക്കാൻ പരിചയം കൊണ്ട് നമ്മൾ പഠിക്കുകയാണെങ്കിൽ പിന്നെ കാർ പരസ്യങ്ങളുടെ ആവശ്യമെന്താണ്?
കുറേക്കാലം കൊണ്ട്, വേണ്ടത്ര ഡേറ്റയും കമ്പ്യൂട്ടിം​ഗ് കഴിവുകളും ചേർത്ത് നമ്മുടെ ഏറ്റവും ആഴത്തിലുള്ള ആ​ഗ്രഹം പോലും ചോർത്തിയെടുക്കാനും പിന്നെ ആ അറിവുപയോ​​ഗിച്ച് നമുക്കായി തിരഞ്ഞെടുപ്പുകൾ നടത്താനും നമ്മെ സ്വാധീനിക്കാനും ഡേറ്റ ഭീമമൻമാർക്ക് കഴിയും. മാത്രമല്ല നൈസർ​ഗിക ജീവനെ (organic life) അഴിച്ച് പണിത് അജൈവ ജീവരൂപങ്ങൾ (inorganic life) നിർമ്മിക്കാനും സാധിക്കും.
പരസ്യം വിറ്റഴിക്കൽ ഈ ഭീമൻമാരെ നിലനിർത്തുന്നതിന് ഒരു ചെറിയ കാലത്തേയ്ക്ക് വേണ്ടിവരുമായിരിക്കും. അവ ഉത്പാദിപ്പിക്കുന്ന പണത്തേക്കാളും ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആപ്പുകളെയും ഉത്പന്നങ്ങളേയും കമ്പനികളെയും വിലയിരുത്തുകയായിരിക്കും പലപ്പോഴും. ഒരു ജനപ്രിയ ആപ് ഒരുപക്ഷേ പണമുണ്ടാക്കുന്നതിൽ പരാജയമായിരിക്കാം, ചിലപ്പോൾ ധനനഷ്ടം തന്നെയായിരിക്കാം പക്ഷേ ‍ഡേറ്റ വലിച്ചെടുക്കുന്നുണ്ടെങ്കിൽ അതിന് കോടികളുടെ വിലമതിപ്പുണ്ടായിരിക്കും. നിങ്ങളുടെ കൈയ്യിലുള്ള ഡേറ്റ എങ്ങനെ പണമാക്കണമെന്ന് ഇന്ന് അറിയില്ലെങ്കിലും അത് ഉണ്ടായിരിക്കുന്നത് മൂല്യവത്താണ്, കാരണം അത് ഭാവിജീവിതത്തെ രൂപപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സുപ്രധാനമായിത്തീർന്നേക്കാം. ‍ഡേറ്റ ഭീമൻമാർ കൃത്യമായും ഇങ്ങനെ ചിന്തിക്കുന്നുണ്ടോയെന്ന് എനിക്ക് അറിയില്ല, പക്ഷേ അവരുടെ പ്രവ‍ൃത്തികൾ സൂചിപ്പിക്കുന്നത്, വെറും സെന്റുകൾക്കും ഡോളറുകൾക്കും അപ്പുറം അവർ ഡേറ്റയ്ക്ക് വില കൽപ്പിക്കുന്നുണ്ട് എന്നാണ്.
സാധാരണ മനുഷ്യർക്ക് ഈ പ്രക്രിയയെ ചെറുക്കുക വളരെ ബുദ്ധിമുട്ടായിരിക്കും. നിലവിൽ, സൗജന്യ ഇമെയിൽ സേവനങ്ങൾക്ക് വേണ്ടിയും രസകരമായ പൂച്ച വിഡീയോകൾക്ക് വേണ്ടിയും ആളുകൾ സന്തോഷത്തോടെ തങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള സ്വത്ത്-തങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ-വിട്ടു കൊടുക്കും. ഇത് കുറേയൊക്കെ, അമേരിക്കൻ തദ്ദേശ വാസികളും ആഫ്രിക്കൻ ​ഗിരിവർ​ഗക്കാരും വർണശബളമായ മണിമാലകൾക്ക് വേണ്ടിയും വിലകുറഞ്ഞ കളിക്കോപ്പുകൾക്ക് വേണ്ടിയും രാജ്യങ്ങൾ തന്നെ യൂറോപ്യൻ സാമ്രാജ്യത്വവാദികൾക്ക് വിറ്റതിന് തുല്യമാണ്. പിന്നീടൊരു ഘട്ടത്തിൽ തങ്ങളുടെ വിവരങ്ങളുടെ ഒഴുക്ക് തടയണമെന്ന് സാധാരണക്കാർ കരുതിയാലും അത് അങ്ങേയറ്റം ബുദ്ധിമുട്ടായിരിക്കും. തങ്ങളുടെ ആരോ​​ഗ്യത്തിന്റെയും നിലനിൽപ്പിന്റെയും പോലുള്ള കാര്യങ്ങളിലുള്ള തീരുമാനങ്ങൾ നെറ്റ്വർക്കുകളെ ആശ്രയിച്ചാണെങ്കിൽ പ്രത്യേകിച്ചും.
നെറ്റ്വർക്കുകളിൽ നിന്നും വേർപെടുത്തിയാൽ നിലനിൽക്കാത്ത വിധം മനുഷ്യരും യന്ത്രങ്ങളും പൂർണ്ണമായും ലയിച്ചേക്കാം. ​ഗർഭപാത്രത്തിൽ വച്ച് തന്നെ നിങ്ങൾ ബന്ധിപ്പിക്കപ്പെടാം, പിന്നീടൊരു ഘട്ടത്തിൽ ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചാൽ ഇൻഷുറൻസ് കമ്പനികൾ നിങ്ങളെ ഇൻഷ്വർ ചെയ്യില്ല, തൊഴിൽ ദാതാക്കൾ തൊഴിൽ തരില്ല, ആരോ​ഗ്യ സേവനദാതാക്കൾ നിങ്ങളെ പരിപാലിക്കാൻ തയ്യാറാവില്ല. സ്വകാര്യതയ്ക്കും ആരോ​ഗ്യത്തിനുമിടിയിലുള്ള വൻ യുദ്ധത്തിൽ ആരോ​ഗ്യം പാട്ടും പാടി ജയിക്കും.
ബയോമറ്റ്രിക് സെൻസറുകൾ വഴി സ്മാർട് മഷീനുക​ളിലേക്ക് നിങ്ങളുടെ ശരീരത്തിൽ നിന്നും മസ്തിഷ്കത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ഒഴുകുന്നതോടെ കോർപറേഷനുകൾക്കും സർക്കാർ ഏജൻസികൾക്കും നിങ്ങളെ കൂടുതൽ മനസിലാക്കാനും സ്വാധീനിക്കാനും നിങ്ങൾക്കായി തീരുമാനങ്ങൾ എടുക്കാനും കഴിയും. അതിലും പ്രധാനമായി അവർക്ക് ശരീരങ്ങളുടെയും തലച്ചോറുകളുടെയും പ്രവർത്തന രീതികളുടെ ദുരൂഹതകൾ വ്യാഖ്യാനിക്കാൻ കഴിയുകയും അതുവഴി ജീവൻ നിർമ്മിക്കാനുള്ള കഴിവ് ലഭിക്കുകയും ചെയ്യും. അത്തരം ദൈവതുല്യ ശക്തികൾ ഒരു ചെറുവിഭാ​ഗം ധനികർക്ക് ലഭിക്കുന്നത് തടയണമെങ്കിൽ, മനുഷ്യവംശം ജൈവ ജാതികളായി തിരിയുന്നത് തടയണമെങ്കിൽ, മുഖ്യമായ ചോദ്യം ഇതാണ്; ആരാണ് ഡേറ്റയുടെ ഉടമസ്ഥർ? എന്റെ ഡിഎൻഎയെക്കുറിച്ചും എന്റെ തലച്ചോറിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിവരങ്ങൾ എന്റെ പക്കലാണോ സർക്കാരിന്റെ കൈയ്യിലാണോ അതോ മാനവിക കൂട്ടായ്മക്കുള്ളതാണോ?
ഡേറ്റ ദേശസാത്കരിക്കാൻ സർക്കാരിനെ ചുമതലപ്പെടുത്തുന്നത് ഒരുപക്ഷേ വൻ കോർപറേഷനുകളുടെ അധികാരം കുറയ്ക്കാൻ സഹായിച്ചേക്കാം. പക്ഷേ അത് ഡിജിറ്റൽ ഏകാധിപത്യത്തിലും കലാശിക്കാം. രാഷ്ട്രീയക്കാർ അൽപ്പമൊക്കെ സം​ഗീതജ്ഞരെപ്പോലെയാണ്. ജനങ്ങളുടെ വൈകാരിക-ജൈവ രാസ വ്യവസ്ഥയാണ് അവരുടെ സം​ഗീതോപകരണം. അവർ ഒരു പ്രസം​ഗം നടത്തുമ്പോൾ രാജ്യത്ത് ഭയത്തിന്റെ തരം​ഗമുണ്ടാവുന്നു. അവർ ഒരു റ്റ്വീറ്റ് ചെയ്യുമ്പോൾ വെറുപ്പിന്റെ വിസ്ഫോടനമുണ്ടാകുന്നു. ഈ സം​ഗീതജ്ഞർക്ക് വായിക്കാൻ കൂടുതൽ പരിഷ്കൃതമായൊരു ഉപകരണം നാം നൽകരുത് എന്നാണ് ഞാൻ കരുതുന്നത്. നമ്മുടെ വൈകാരിക ബട്ടനുകളിൽ നേരിട്ട് അമർത്തി, ഉത്കണ്ഠയും വെറുപ്പും ആനന്ദവും വിരസതയും ഉളവാക്കാനുള്ള അധികാരം ലഭിച്ചാൽ രാഷ്ട്രീയം എന്നത് വെറും വൈകാരിക സർക്കസ് ആയി മാറും. ചരിത്രം സൂചിപ്പിക്കുന്നത്, എത്രത്തോളം വൻ കോർപറേഷനുകളുടെ ശക്തിയെ എത്രമാത്രം നാം ഭയക്കണമോ അത്ര തന്നെ നാം ഈ ശ്കതമായ ഭരണകൂടങ്ങളുടെ കൈയ്യിലും സുരക്ഷിതരല്ല എന്നാണ്. 2018 മാർച്ച് എത്തി നിക്കവേ, എന്റെ ‍വിവരങ്ങൾ വ്ലാദിമിർ പുട്ടിന്റെ കൈകളിലാവുന്നിതനേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് സക്കർബർ​ഗിന്റെ കൈവശമായിരിക്കാനാണ് (സക്കർബർ​ഗിന്റെ കൈയ്യിലുള്ള ഡേറ്റ പുട്ടിന്റെ കൈയ്യിലെത്തുമെന്ന് കേംബ്രിഡ്ജ് അനലറ്റിക്ക വിവാദം തെളിയിച്ചതോടെ ഇക്കാര്യത്തിൽ ഒരു തിര‍ഞ്ഞെടുപ്പിന് വലിയ സാധ്യതകൾ ഇല്ല എന്നാണ് മനസിലാകുന്നത്).
ഒരാളുടെ സ്വന്തം വിവരങ്ങൾ സ്വകാര്യ ഉടമസ്ഥതയിലാവുക എന്നത് മേൽപ്പറഞ്ഞ രണ്ട് സാധ്യതകളേക്കാൾ ആകർഷകമായി തോന്നാം. എന്നാൽ അതിന്റെ അർത്ഥം എന്താണെന്നതിൽ വ്യക്തതയില്ല. ഭൂമിയുടെ ഉടമസ്ഥത നിയന്ത്രിക്കുന്നതിൽ നമുക്ക് ആയിരക്കണക്കിന് വർഷങ്ങളുടെ പരിചയം ഉണ്ടായിരുന്നിട്ടുണ്ട്. ഒരു വയലിന് ചുറ്റും വേലി കെട്ടാനും ഒരു വാതിൽ പിടിപ്പിക്കാനും അവിടേക്ക് കടക്കുന്നവരെ നിയന്ത്രിക്കാനും നമുക്ക് അറിയാം. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായി വ്യവസായങ്ങളുടെ ഉടമസ്ഥത നിയന്ത്രിക്കുന്നതിൽ നാം അങ്ങേയറ്റം പരിഷ്കൃതരായിക്കഴിഞ്ഞു. അതിനാൽ എനിക്ക് ഇന്ന് ഓഹരി വാങ്ങുന്നതിലൂടെ ജെനറൽ മോട്ടോഴ്സിന്റെയും റ്റൊയോറ്റയുടെയും ഓരോ കഷണങ്ങൾ സ്വന്തമാക്കാനാവും. എന്നാൽ ഡേറ്റ നിയന്ത്രിക്കുന്നതിൽ നമുക്ക് തീരെ പരിചയമില്ല. അത് വളരെയേറെ ബുദ്ധിമുട്ടേറിയ ഒരു പണിയാണ്. കാരണം, യന്ത്രങ്ങളും ഭൂമിയും പോലെയല്ല ഡേറ്റ, അത് ഒരേ സമയം എല്ലായിടത്തുമുണ്ട് എന്നാൽ എങ്ങുമില്ല, അതിന് പ്രകാശവേ​ഗതയിൽ നീങ്ങാൻ കഴിയും, അതിന്റെ വേണ്ടത്ര പകർപ്പുകൾ ഉണ്ടാക്കാനാവും.
അത്കൊണ്ട് നാം നമ്മുടെ അഭിഭാഷകരെയും രാഷ്ട്രീയക്കാരെയും തത്വചിന്തകരെയും കവികളെയും ഒക്കെ കണ്ട്, ഡേറ്റയുടെ ഉടമസ്ഥാവകാശം നിങ്ങൾ എങ്ങനെ നിയന്ത്രിക്കും? എന്ന ഈ പ്രഹേളികയിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ഈ യു​ഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം തന്നെയായിരിക്കും. ഈ ചോദ്യത്തിന് വേ​ഗത്തിൽ ഉത്തരം കണ്ടെത്താൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥ തകരും. വരാനിരിക്കുന്ന വിപത്തിനെ ആളുകൾ ഇപ്പോൾ തന്നെ മണത്ത് തുടങ്ങിയിരിക്കുന്നു. ഒരുപക്ഷേ ഇതുകൊണ്ടായിരിക്കാം ലോകത്തെങ്ങുമുള്ള ആളുകൾക്ക്, ഒരു ദശകം മുൻപ് അപ്രതിരോധ്യമായി തോന്നിയിരുന്ന ലിബറൽ ചിന്തകളിൽ ഇപ്പോൾ വിശ്വാസം നഷ്ടപ്പെടുന്നത്.
അപ്പോൾ എങ്ങനെ നാം ഇവിടെ നിന്നും മുന്നോട്ട് പോകും? ജൈവസാങ്കേതിക-വിവരസാങ്കേതിക വിപ്ലവങ്ങൾ ഉയർത്തുന്ന വമ്പൻ വെല്ലുവിളികളോട് നാം എങ്ങനെ ചേർന്നുപോകും? ഒരുപക്ഷേ ലോകത്തെ തകർത്ത ഇതേ ശാസ്ത്രജ്ഞർക്കും വ്യവസായികൾക്കും തന്നെ എന്തെങ്കിലും സാങ്കേതിക പരിഹാരം നിർമ്മിക്കാനാവുമോ? ഉദാഹരണത്തിന്, മനുഷ്യ വംശത്തിന് ആകമാനമായി ഡേറ്റ പൊതുവായി ഉടമസ്ഥതപ്പെടുത്താനാവുന്ന തരത്തിൽ ജാലികാബന്ധിതമായ അൽ​ഗോരിതത്തിന് ഒരു ചട്ടക്കൂട് രൂപീകരിക്കാനാവുമോ? ആ​ഗോള അസമത്വം ഉയരുകയും സാമൂഹ്യ സംഘർഷങ്ങൾ വർദ്ധിക്കുകയും ചെയ്യുമ്പോൾ ഒരുപക്ഷേ മാർക് സക്കർബർ​ഗിന് തന്റെ 200 കോടി സുഹൃത്തുക്കളെക്കൂട്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമോ?


Read More Related Articles