ഒമ്പത് മാസങ്ങള്‍ക്ക് ശേഷം കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ഖ്വാസി ഷിബ്ലി ജയില്‍ മോചിതനായി
ഒമ്പത് മാസങ്ങള്‍ക്ക് ശേഷം കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ഖ്വാസി ഷിബ്ലിക്ക് ജയില്‍ മോചനം. ദ കശ്മീരിയത് എന്ന ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റിന്റെ എഡിറ്ററായ ഷിബ്ലി പബ്ലിക് സേഫ്റ്റി ആക്റ്റ് ചുമത്തപ്പെട്ട് 2019 ജൂലൈയിലാണ് അറസ്റ്റിലായത്. ജമ്മു കശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുമ്പായി കശ്മീരില്‍ സായുധ സൈന്യത്തെ വിന്യസിപ്പിച്ചതിനെ കുറിച്ച് ട്വീറ്റ് ചെയ്തതായിരുന്നു ഷിബ്ലിക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം. ഉത്തര്‍പ്രദേശ് ബറേലിയിലെ ജയിലിലായിരുന്നു ഷിബ്ലി.
ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കുന്നതിന് ഒരാഴ്ച മുമ്പായിരുന്നു ഷിബ്ലിയുടെ അറസ്റ്റ്. ഇന്ത്യന്‍ യൂണിയനില്‍ നിന്നും കശ്മീരിനെ വിഭജിക്കാന്‍ ശ്രമിച്ചുവെന്നും അനന്ത്‌നാഗ് ജില്ലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്നും ആരോപിച്ച് ഓഗസ്റ്റ് എട്ടിന് ഷിബ്ലിക്കെതിരെ പബ്ലിക് സെക്യൂരിറ്റി ആക്റ്റ് ചുമത്തുകയായിരുന്നു.
ഏപ്രില്‍ 13ന് പിഎസ്എ ഓര്‍ഡര്‍ പിന്‍വലിക്കപ്പെട്ടെങ്കിലും കോവിഡ് ലോക്ഡൗണ്‍ യാത്രാനിയന്ത്രണം കാരണം ഷിബ്ലിയുടെ കുടുംബത്തിന് കശ്മീര്‍ ഡിവിഷണല്‍ കമ്മീഷണറില്‍ നിന്നും അനുമതി വാങ്ങേണ്ടിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ജയില്‍ മോചിതനായ ശേഷം കുടുംബാംഗത്തോടൊപ്പം കശ്മീരിലേക്ക് യാത്ര ചെയ്യുകയാണ് ഷിബ്ലി.
കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് ഉള്‍പ്പെടെ നിരവധി മനുഷ്യാവകാശ സംരക്ഷണ സംഘടനകള്‍ ഷിബ്ലിയുടെ മോചനത്തിനായി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കശ്മീരി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഭരണകൂട അടിച്ചമര്‍ത്തല്‍ തീവ്രമായ സാഹചര്യമാണ് കശ്മീരില്‍ നിലനില്‍ക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ശേഷം ഇന്‍റര്‍നെറ്റ് പൂര്‍ണമായും വിച്ഛേദിച്ചതോടെ വലിയ വെല്ലുവിളികള്‍ക്കിടയിലാണ് കശ്മീരി മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നത്.
സാമൂഹ്യമാധ്യമങ്ങളില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതിന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തക മസ്രത് സഹ്രയ്‌ക്കെതിരെ ദിവസങ്ങള്‍ക്ക് മുമ്പാണ് യുഎപിഎ ചുമത്തിയത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗൗഹര്‍ ഗീലാനിക്കെതിരെ ചാര്‍ജുകള്‍ വ്യക്തമാക്കാത്ത കുറ്റപത്രവും ഇതേത്തുടര്‍ന്ന് ജമ്മു കശ്മീര്‍ പൊലീസ് തയ്യാറാക്കി. ദ ഹിന്ദു റിപ്പോര്‍ട്ടറായ പീര്‍സാദ ആഷിഖിനെതിരെ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് വസ്തുതാരഹിതമാണ് എന്നാരോപിച്ച് എഫ്‌ഐആര്‍ തയ്യാറാക്കി. ഈ കുറ്റപത്രങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് കശ്മീരിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ക്യാംപെയ്‌നുകള്‍ ശക്തമാകുകയാണ്. യുഎപിഎ ചുമത്തപ്പെട്ട് കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന കശ്മീര്‍ നറേറ്ററിലെ ലേഖകന്‍ ആസിഫ് സുല്‍ത്താന്‍, ഫോട്ടോ ജേണലിസ്റ്റ് കമ്രാന്‍ യൂസഫ് എന്നീ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കുറ്റപത്രങ്ങള്‍ പിന്‍വലിക്കണമെന്നും അന്താരാഷ്ട്രതലത്തില്‍ ക്യാംപെയിനുകള്‍ ശക്തമാകുകയാണ്.