‘നിരാശയും ഭീതിയും തോന്നുന്നു’ ചീഫ് ജസ്റ്റിസിനെതിരെ ലൈം​ഗിക പീഡന പരാതി ഉന്നയിച്ച സ്ത്രീ പറയുന്നു

By on

‘അങ്ങേയറ്റം നിരാശയും ഭീതിയും’ തോന്നുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗോയ്ക്കെതിരെ താനുന്നയച്ച പരാതി തള്ളിയതിനോട് പരാതിക്കാരിയായ സ്ത്രീയുടെ പ്രതികരണം. മൂന്നം​ഗ സുപ്രീം കോടതി സമിതിയാണ് രഞ്ജൻ ​ഗോ​ഗോയ്ക്കെതിരായ പരാതിയിൽ കഴമ്പില്ലെന്ന തീർപ്പിലെത്തിയത്. തനിക്കും കുടുംബാം​ഗങ്ങൾക്കും എതിരായി ഉണ്ടാവാൻ ഇടയുള്ള ആക്രമണമോർത്ത് അതിയായ ഭയമുണ്ടെന്നും അവർ പറഞ്ഞു. ”വ്യവസ്ഥയിലെ അധികാരമുള്ളവർക്കെതിരെ നിൽക്കുന്ന ദുർബലർക്ക് നീതി നൽകാൻ കഴിവില്ലാത്ത ഈ വ്യവസ്ഥിതിയിൽ എനിക്ക് വിശ്വാസം നഷ്ടമാവുകയാണ്” എന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു.

സുപ്രീംകോടതി പാനലിൽ നിന്നും തനിക്ക് നീതി ലഭിക്കില്ല എന്ന് പറഞ്ഞുകൊണ്ട് പരാതിക്കാരി ഹിയറിം​ഗിൽ നിന്നും പിൻമാറിയിരുന്നു. ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി, എസ് എ ബോബ്ഡെ എന്നിവരടങ്ങിയ സമിതി ഹിയറിം​ഗുമായി മുന്നോട്ട് പോവുകയും ചെയ്തിരുന്നു. സമിതിയ്ക്ക് മുന്നിൽ ചീഫ് ജസ്റ്റിസ് ബുധനാഴ്ച ഹാജരായിരുന്നു.

അന്വേഷണ റിപ്പോർട്ട് തനിയ്ക്ക് ലഭ്യമാകില്ല എന്ന് സമിതി അറിയിച്ചിരുന്നു എന്നതിനാൽ തന്റെ പരാതി തള്ളിക്കളയാനുള്ള കാരണങ്ങൾ തനിക്ക് മനസിലാവില്ല എന്നും പരാതിക്കാരി പ്രസ്താവനയിൽ പറഞ്ഞു. ഏപ്രിൽ 20 ന് ചേർന്ന ഹിയറിം​ഗ് തന്‍റെ അസാന്നിധ്യത്തിൽ തന്നെ സ്വഭാവഹത്യ നടത്തിയെന്നും തനിക്കെതിരായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടെന്നും പരാതിക്കാരി ആരോപിക്കുന്നു.

സുപ്രധാന കേസുകൾ കേൾക്കുന്ന സാഹ​ചര്യത്തിൽ തനിക്കെതിരായ ആരോപണമുയർന്നതിന് പിന്നിൽ കൂടുതൽ ശക്തരായവർ ഉണ്ടന്നും അവർക്ക് ചീഫ് ജസ്റ്റിസിന്റെ ഓഫിസിനെ നിർജ്ജീവമാക്കേണ്ടതുണ്ടെന്നും ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് സമിതിയ്ക്ക് മുന്നിൽ ബോധിപ്പിച്ചു. ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യം ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Read More Related Articles