ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ ഡോ.സഫറുല്‍ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹക്കേസ്

By on

ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.സഫറുല്‍ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹക്കേസ്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രകോപനപരമായ രീതിയില്‍ പ്രതികരിച്ചു എന്നാരോപിച്ചാണ് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ സഫറുല്‍ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹ കേസ് ചുമത്തിയത്. ഐപിസി 124എ, 153എ എന്നിവയാണ് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനെതിരെ ചുമത്തിയിരിക്കുന്നത്.
വസന്ത്കുഞ്ചില്‍ നിന്നുള്ള ഒരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

2017 ജൂലൈയിലാണ് ഡോ.സഫറുല്‍ ഇസ്ലാം ഖാന്‍ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. ഇനിയും മൂന്നുമാസങ്ങള്‍ കൂടി ചുമതലയില്‍ തുടരാന്‍ ബാക്കി നില്‍ക്കെയാണ് രാജ്യദ്രോഹ കേസ്. ഇതു സംബന്ധിച്ച് എഫ്‌ഐആര്‍ ലഭ്യമാകാതെ പ്രതികരിക്കുന്നില്ല എന്നാണ് ഡോ.സഫറുല്‍ ഇസ്ലാം ഖാന്‍ പറയുന്നത്.

ഏപ്രില്‍ 28ന് ചെയ്ത ട്വീറ്റ് ഇങ്ങനെയാണ്,
‘ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന് നന്ദി കുവൈറ്റ്. ഹിന്ദുത്വ ഭീകരവാദികള്‍ കണക്കുകൂട്ടിയത് ഇന്ത്യയുടെ ഭീമമായ സാമ്പത്തിക പങ്കാളിത്തം കാരണം മുസ്ലിം, അറബ് ലോകം ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കെതിരായ ഹിംസയ്‌ക്കെതിരെ ശബ്ദിക്കില്ലെന്നാണ്. ഇസ്ലാമികമായ കാര്യങ്ങളിലുള്ള സംഭാവനകള്‍, ലോക പാരമ്പര്യത്തിലേക്കുള്ള സാംസ്‌കാരികമായ സംഭാവനകള്‍, ഇസ്ലാമിക, അറബ് പാണ്ഡിത്യത്തിലുള്ള മികവ് എന്നിവയെക്കുറിച്ചെല്ലാമുള്ള കാഴ്ചപ്പാടുകളില്‍ അറബ്, മുസ്ലിം ലോകത്തില്‍ ഇന്ത്യന്‍ മുസ്ലിം ആസ്വദിക്കുന്ന ഇടം എന്താണ് എന്ന് ഭീകരവാദികള്‍ മറന്നുപോയി. ഷാ വലിയുല്ലാഹി ദെഹ്ലാവി, ഇഖ്ബാല്‍, അബുല്‍ ഹസന്‍ നദ്വി, വഹീദുദ്ദീന്‍ ഖാന്‍, സാക്കിര്‍ നായിക് തുടങ്ങി അനേകം പേര്‍ അറബ് മുസ്ലിം ലോകത്ത് പരിചിതമായ ഇന്ത്യന്‍ പേരുകളാണ്.
മതഭ്രാന്തര്‍ ഓര്‍ത്തുവെക്കേണ്ടത് ഇതാണ്, ഇതുവരെയും ഇന്ത്യന്‍ മുസ്ലിങ്ങള്‍ നിങ്ങള്‍ നടത്തിവന്നിരുന്ന വിദ്വേഷ പ്രചരണങ്ങളെ പറ്റിയും കൊലപാതകങ്ങളെപ്പറ്റിയും വംശീയ ആക്രമണങ്ങളെ പറ്റിയും അറബ്, മുസ്ലിം ലോകത്തോട് പരാതിപ്പെട്ടിട്ടില്ല. അവര്‍ക്കത് ചെയ്യേണ്ടിവരുന്ന ദിവസം തീര്‍ച്ചയായും നിങ്ങള്‍ വലിയ പതനം നേരിടും.’

ട്വീറ്റിലൂടെ ചര്‍ച്ചയാക്കാന്‍ ഉദ്ദേശിച്ചത് ഇന്ത്യന്‍ മുസ്ലിങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചാണ്. ദിവസങ്ങള്‍ക്ക് മുമ്പ് യുനൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഫോര്‍ റിലീജസ് ഫ്രീഡം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വലിയ അളവില്‍ തകര്‍ച്ച നേരിട്ടുവെന്നും ഭരണകൂടം നേതൃത്വം നല്‍കുന്ന ആക്രമണങ്ങള്‍ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ ശക്തമാകുകയാണ് എന്ന കാര്യം മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുകയാണ് എന്നും ഡോ.സഫറുല്‍-ഇസ്ലാം വിശദീകരിച്ചു.അതിനെ തുടര്‍ന്നുണ്ടായ വിദ്വേഷ പ്രചരണങ്ങളെ ശക്തമാക്കിയ മാധ്യമങ്ങളുടെ ശ്രദ്ധയും ഈ റിപ്പോര്‍ട്ടിലേക്ക് ആവശ്യപ്പെട്ടു. ഇന്ത്യ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും മുസ്ലിങ്ങള്‍ക്ക് സ്വര്‍ഗമാണ് എന്നും അവരുടെ സാമൂഹിക സാമ്പത്തിക, മതപരമായ അവകാശങ്ങള്‍ ഇവിടെ സുരക്ഷിതമാണ് എന്നും ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവന അന്താരാഷ്ട്ര തലത്തില്‍ രൂക്ഷ വിമര്‍ശനം നേരിട്ടത് ഏപ്രില്‍ മൂന്നാം ആഴ്ചയോടെയായിരുന്നു.

കോവിഡ്19 വ്യാപനത്തിന് മുസ്ലിങ്ങള്‍ കാരണമാകുന്നു എന്നാരോപിച്ച് സംഘടിതമായ ആക്രമണങ്ങളും വിദ്വേഷ പ്രചരണങ്ങളും തുടരവേ ക്വാറന്റൈന്‍ സെന്ററുകളില്‍ മുസ്ലിങ്ങള്‍ നേരിടുന്ന വിവേചനങ്ങള്‍ക്കെതിരെയും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ പ്രതികരിച്ചു. ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ തമിഴ്‌നാട് സ്വദേശികളായ ഹാജി റിസ്വാന്‍, മുഹമ്മദ് മുസ്തഫ എന്നീ തബ്ലീഗി ജമാഅത് അംഗങ്ങള്‍ പ്രമേഹ രോഗ പരിചരണവും ചികിത്സയും ഭക്ഷണവും കിട്ടാതെ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നും ക്വാറന്റൈനില്‍ കഴിയുന്ന മുസ്ലിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

ഭരണകൂടം സന്തോഷത്തോടെ തബ്ലീഗി ജമാഅത് അംഗങ്ങളുടെ പ്ലാസ്മ എടുക്കുന്നു, കുറ്റവാളികളെപ്പോലെ അവരെ ഫ്‌ലാറ്റുകളില്‍ അടച്ചിടുന്നു

‘അന്തേവാസികളുമായി സംസാരിച്ചതിലൂടെ ഞാന്‍ മനസ്സിലാക്കിയത് ഡല്‍ഹിയിലെ കോവിഡ് ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ (സുല്‍ത്താന്‍പുരി, വസീറാബാദ്, നന്ദനഗിരി) ആയിരക്കണക്കിന് ജനങ്ങളെ മതിയായ ഭക്ഷണവും മരുന്നും ആരോഗ്യപരിചരണവും നല്‍കാതെ തടവിലാക്കപ്പെട്ടിരിക്കുകയാണ് എന്നാണ്. പുറമെ നിന്ന് എന്തെങ്കിലും വാങ്ങാന്‍ അവരെ അനുവദിക്കുന്നുമില്ല. നന്ദനഗിരിയില്‍ 2,000 പേരെയാണ് കുറ്റവാളികളെപ്പോലെ ഫ്‌ളാറ്റുകളില്‍ അടച്ചിട്ടിരിക്കുന്നത്. കോവിഡ് നെഗറ്റീവായി പരിശോധനാ ഫലം വന്നിട്ടും അവരില്‍ പലരും 48 ദിവസങ്ങളിലധികമായി തടവിലാണ്. അവരുടെ പ്ലാസ്മ എടുക്കാന്‍ ഭരണകൂടത്തിന് സന്തോഷമാണ്, പക്ഷെ അവര്‍ പകര്‍ച്ചവ്യാധി ബാധിച്ചവരെപ്പോലെ തൊട്ടുകൂടാത്തവരുമാണ്.’ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ഏപ്രില്‍ 28ന് ട്വീറ്റ് ചെയ്തു.

ക്വാറന്റൈനില്‍ 28 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ തബ്ലീഗി ജമാഅത് അംഗങ്ങള്‍ അടക്കമുള്ളവരെ കൂടുതല്‍ ദിവസങ്ങള്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിര്‍ത്തുന്നത് നിയമവിരുദ്ധമായ തടവിന് തുല്യമാണ് എന്ന് ഏപ്രില്‍ 28ന് ന്യൂനപക്ഷ കമ്മീഷന്‍ പ്രതികരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ സ്വന്തമായി നിലപാട് കൈക്കൊള്ളണമെന്നും കൊറോണയെ പ്രതിരോധിക്കേണ്ടത് എങ്ങനെയെന്ന് അറിയാത്ത ഭരണാധികാരികള്‍ പൗരരുടെ ജീവന്‍ വില കൊടുപ്പിക്കരുത് എന്നും ന്യൂനപക്ഷ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയില്‍ നടന്നത് ഏകപക്ഷീയവും സംഘടിതവുമായ ആക്രമണം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെ, നോര്‍ത് ഈസ്റ്റ് ഡല്‍ഹിയില്‍ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന ഹിന്ദു ഭീകരവാദികളുടെ വംശീയ ആക്രമണം ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആരംഭിച്ചതാണെന്നാണ് ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഏകപക്ഷീയമായ ആക്രമണമാണ് ഫെബ്രുവരി 23ന് സൗത് ഡല്‍ഹിയിലെ വിവിധ പൗരത്വ പ്രക്ഷോഭ വേദികളില്‍ നടന്നത്. പിന്നീട് നാല് ദിവസങ്ങളോളം നീണ്ട സംഘടിതമായ ആക്രമണം നോര്‍ത് ഈസ്റ്റ് ഡല്‍ഹിയില്‍ നടത്തുകയായിരുന്നു. ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് അറുപതോളം മുസ്ലിങ്ങളാണ്. മാര്‍ച്ചില്‍ ഈ ആക്രമണങ്ങള്‍ ആസൂത്രിതവും ഏകപക്ഷീയമാണെന്നും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. മുസ്ലിം വീടുകള്‍ക്ക് നേരെയും കടകള്‍ക്ക് നേരെയും പരമാവധി നഷ്ടം അക്രമകാരികള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം വംശീയ ആക്രമണത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് ജീവിതം വീണ്ടെടുക്കാന്‍ മതിയാകില്ലെന്നും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. വംശീയ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്കെതിരെ ചുമത്തിയ എഫ്‌ഐആറുകള്‍, അറസ്റ്റുകള്‍, ഇനിയും രേഖപ്പെടുത്തിയിട്ടില്ലാത്ത കസ്റ്റഡി, എന്നിവ വംശഹത്യയ്ക്ക് ശേഷവും തുടര്‍ന്ന ഭരണകൂട വേട്ടയാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഷര്‍ജീല്‍ ഇമാം, സഫൂറ സര്‍ഗാര്‍, മീരാന്‍ ഹൈദര്‍, ഗുലിഫ്ഷാ തുടങ്ങിയ വിദ്യാര്‍ത്ഥികളെ രാജ്യദ്രോഹം, യുഎപിഎ, കലാപമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി തടവിലാക്കിയിരിക്കുകയാണ്. ഖാലിദ് സൈഫി, ഡോ.കഫീല്‍ ഖാന്‍, ഇസ്രത് ജഹാന്‍, താഹിര്‍ മഅ്ദനി, ആമിര്‍ മിന്റോ തുടങ്ങിയവരും പൗരത്വ ഭേദഗതി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് തടവില്‍ തുടരുകയാണ്.


Read More Related Articles