വിദ്യാർത്ഥിനികൾക്ക് സ്വകാര്യ ഭാ​ഗങ്ങളിലടക്കം പരിക്ക് ; പൊലീസ് മർദ്ദനത്തിൽ 10 ലധികം ജാമിയ വിദ്യാർത്ഥികൾ ആശുപത്രിയിൽ

By on

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പാർലമെന്റിലേക്ക് ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥികൾ നടത്തിയ മാർച്ചിനു നേരെ ഡെല്‍ഹി പൊലീസ് നടത്തിയ മർദ്ദനത്തിൽ പെൺകുട്ടികൾ അടക്കം നിരവധി വിദ്യാർത്ഥികൾക്ക് ​ഗുരുതരമായി പരിക്കേറ്റു. പത്തിലധികം വിദ്യാർത്ഥിനികൾക്ക് സ്വകാര്യ ഭാ​ഗങ്ങളിൽ പരിക്കേറ്റതായി അവരെ പ്രവേശിപ്പിച്ച ജാമിയ ഹെൽത് സെന്ററിലെ ഡോക്റ്റർമാർ പറയുന്നു. പല പരിക്കുകളും ​ഗുരുതരമായതിനാൽ പലരെയും അൽ ഷിഫ ആശുപത്രിയിലേക്ക് മാറ്റി. പത്തിലധികം കുട്ടികൾക്ക് സ്വകാര്യ ഭാ​ഗങ്ങളിൽ ശക്തമായ മുറിവുണ്ട്. പരിക്കുകകൾ ​​ഗുരുതരമായതിനാൽ പലരേയും ഞങ്ങൾക്ക് അൽ ഷിഫയിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്. ഡോക്റ്റർമാർ പറഞ്ഞു. ലാത്തി കൊണ്ട് നെഞ്ചിൽ അടിയേറ്റതിനാൽ‍ ചില വിദ്യാർത്ഥികൾക്ക് ആന്തരിക മുറിവുകളുണ്ട് എന്നും അവർ പറഞ്ഞു. മുഖപടം വലിച്ചഴിച്ച് വനിതാ പൊലീസ് സ്വകാര്യ ഭാ​ഗത്ത് ലാത്തികൊണ്ട് മർദ്ദിച്ചതായി ഒരു വിദ്യാർത്ഥിനി പറഞ്ഞതായി ഇന്ത്യാറ്റുഡേ റിപ്പോർട്ട് ചെയ്തു. ”പൊലീസ് ബൂട്ടുകൊണ്ട് എന്‍റെ സ്വകാര്യഭാ​ഗങ്ങളിൽ ചവിട്ടി. ഒരു വനിതാ പൊലീസ് എന്‍റെ മുഖപടം വലിച്ചഴിക്കുകയും ലാത്തി കൊണ്ട് സ്വകാര്യ ഭാ​ഗത്ത് അടിക്കുകയും ചെയ്തു” വിദ്യാർത്ഥിനി പറഞ്ഞു.
ക്യാമറയിൽ പതിയാതിരിക്കാനായി അരയ്ക്ക് താഴെയാണ് പൊലീസ് മർദ്ദിച്ചതെന്ന് പല വിദ്യാർത്ഥികളും പറഞ്ഞു. ”പൊലീസ് കാലുകൊണ്ടാണ് സ്വകാര്യ ഭാ​ഗങ്ങളിൽ മർദ്ദിച്ചത്. അവർ പെൺകുട്ടികളെ മർദ്ദിക്കുന്നത് കണ്ട് അവരുടെ രക്ഷയ്ക്കായി എത്തിയതാണ് ഞാൻ. അവർ വടികൊണ്ട് എന്‍റെ നെഞ്ചിലും പുറത്തും അടിച്ചു. ലാത്തികൊണ്ട് എന്‍റെ കാലുകളിലും സ്വകാര്യഭാ​ഗത്തും മർദ്ദിച്ചു. ഡോക്റ്റർ എന്നെ എമർജൻസിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്” ഒരു വിദ്യാർത്ഥി പറയുന്നു.

ജാമിയ വിദ്യാർത്ഥികളടക്കം ഒൻപത് പേരെയാണ് അൽ ‌ഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ഇന്ത്യാറ്റുഡേ റിപ്പോർട്ട് ചെയ്യുന്നു. വിദ്യാർത്ഥികളിലൊരാളെ ഐസിയുവിലേക്ക് മാറ്റി എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ജാമിയ വിദ്യാർത്ഥിനി ഇമാൻ ഉസ്മാനി അടക്കം പരിക്കേറ്റു വീണ നിരവധി വിദ്യാർത്ഥികളുടെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുകയാണ്.


Read More Related Articles