‘സംസാരിക്കുന്നതിന്‍റെ പേരിൽ ആരെയും അറസ്റ്റ് ചെയ്യരുത്; കഫീലിനെയും കുടുംബത്തെയും വേട്ടയാടുന്നത് അവസാനിപ്പിക്കുക’: ഷബിസ്ത ഖാന്‍

By on

ഭരണകൂടത്തെ വിമര്‍ശിച്ചതിന്‍റെയും അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിടച്ചതിന്‍റെയും പേരില്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഡോ. കഫീല്‍ ഖാന്‍റെ ഭാര്യ ഡോക്റ്റര്‍ ഷബിസ്ത ഖാന്‍. അസംഗഡില്‍ കഫീല്‍ തെറ്റായൊന്നും പറഞ്ഞില്ല. ഗൊരഖ്പുര്‍ മെഡിക്കല്‍ കോളജില് ഓക്സിജന്‍ കിട്ടാതെ  70 കുഞ്ഞുങ്ങളും 18 മുതിര്‍ന്നവരും കൊല്ലപ്പെട്ടതിന് പിന്നില്‍ ആരാണ് എന്നും മരിച്ചവര്‍ക്ക് നീതി ലഭിക്കണ്ടേ എന്നും ചോദ്യങ്ങളുയര്‍ത്തിയതിനാണ് കഫീലിനെ നിശബദ്മാക്കാന്‍ വേണ്ടി അറസ്റ്റും പീഡനവും എന്ന് ഷബിസ്ത ഖാന്‍ ദില്ലിയില്‍  പറഞ്ഞു.  മാന്‍ഡി ഹൌസില്‍ നിന്ന് പാര്‍ലമെന്‍റിലേക്കുള്ള മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ഡോക്റ്റര്‍ ഷബിസ്ത. ഷബിസ്ത ഖാന്‍റെ പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം.

”അസലാമു അലൈക്കും, ഞാൻ ഷബിസ്ത ഖാൻ, ഡോ. കഫീൽ ഖാന്റെ ഭാര്യ. എന്റെ ഭർത്താവ് എപ്പോഴൊക്കെ ഈ ഭരണകൂടത്തിനെതിരെ പറഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ അറസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. എതിർത്ത് സംസാരിക്കുക തന്നെ വേണ്ട, എന്ത് പറഞ്ഞാലും അറസ്റ്റ് ചെയ്യപ്പെടുകയാണ്. അതിലൂടെ അദ്ദേഹത്തെ നിശബ്ദനാക്കാനാണ് ശ്രമിക്കുന്നത്. നിങ്ങൾക്കെല്ലാവർക്കും അറിയാമായിരിക്കും ബി ആർ ഡി മെഡിക്കൽ കോളജിലെ കേസ്. കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിന്റെ പേരിൽ അവർ ഡോക്റ്റർ കഫീലിനെ ഒൻപത് മാസം ജയിലിലടച്ചു. ഡോക്റ്റർ കഫീൽ ഏറ്റവും ജൂനിയർ ഡോക്റ്റർ ആയിരുന്നു. കൊല്ലപ്പെട്ട കുഞ്ഞുങ്ങളെ രക്ഷിക്കാൻ പാതിരാത്രിയിൽ വീട്ടിൽ നിന്നിറങ്ങി. കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി. കുറച്ച് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനും കഴിഞ്ഞു. അതിന്റെ പേരിൽ ഒൻപത് മാസം കഫീൽ ജയിലിൽ പീഡനം അനുഭവിച്ചു. പുറത്തിറങ്ങിയപ്പോൾ അലഹബാദ് ഹൈ കോടതി അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകി. പക്ഷേ ഞങ്ങൾക്ക് നഷ്ടപ്പെട്ട ഒൻപത് മാസങ്ങൾ തിരിച്ചു കിട്ടുകയില്ല. ഓക്സിജൻ കിട്ടാതെ 70 കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദി ആരാണ്? (18 മുതിർന്നവരും കൊല്ലപ്പെട്ടിരുന്നു). കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് നീതി ലഭിക്കണ്ടേ? ഈ രണ്ട് ചോദ്യങ്ങൾ ഡോക്റ്റർ കഫീൽ എത്തുന്ന വേദികളിലെല്ലാം ഉയർത്തിയിരുന്നു. ഇക്കാരണം കൊണ്ടാണ് കഫീലിനെ ജയിലിൽ അടച്ചിരിക്കുന്നത്. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ അവർ അദ്ദേഹത്തെയും കുടുംബത്തേയും നിരന്തരമായി പീഡിപ്പിക്കുകയാണ്.
അലി​ഗഡിൽ നടത്തിയ ആ പ്രസം​ഗം, സ്വന്തം അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവർക്കെതിരാണ് ഈ ഹിന്ദു‌സ്ഥാനും മുഴുവൻ ലോകം തന്നെയും. എന്നാൽ തെറ്റായ കാര്യമൊന്നുമല്ല ഡോ. കഫീൽ പറഞ്ഞത്. എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ട് ആരും അറസ്റ്റ് ചെയ്യപ്പെടാൻ പാടില്ല. സംസാരിക്കുന്നത് ഒരാളെ അറസ്റ്റ് ചെയ്യാനുള്ള കാരണം ആവാൻ പാടില്ല. ഇത് നമ്മുടെ അവകാശമാണ്. നമ്മുടെ അവകാശത്തിനു വേണ്ടി നാം സംസാരിക്കേണ്ടതുണ്ട്. ​ഗോരഖ്പുർ മെഡിക്കൽ കോളജിലെ 11 അധികാരികൾ നടത്തിയ അന്വേഷണത്തിലും ഡോ. കഫീലിന് ക്ലീൻ ചിറ്റ് ലഭിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ രക്ഷിക്കാൻ മാത്രമാണ് അദ്ദേഹം ശ്രമിച്ചത്. അയാൾ ഒരു അച്ഛൻ കൂടിയാണ്. ആ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള മുഴുവൻ ശ്രമങ്ങളും അയാൾ നടത്തി. ഞാനും ഒരു അമ്മയാണ്. ആ കുഞ്ഞുങ്ങളുടെ അമ്മമാർക്ക് നീതി വേണമെന്ന് പറയുമ്പോഴെല്ലാം ഈ സർക്കാർ ‌നിശബ്ദമാക്കാനായി എന്റെ ഭർത്താവിനെ അറസ്റ്റ് ചെയ്ത് പീഡിപ‌പ്പിക്കുകയാണ് ചെയ്യുന്നത്. നമുക്ക് നമ്മുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പോലും കഴിയാത്ത രാജ്യമാണ് ഇത്. എനിക്ക് ഒരപേക്ഷയേയുള്ളൂ കൊല്ലപ്പെട്ട കുഞ്ഞുങ്ങൾക്ക് നീതി നൽകണം. കഫീലിനെയും കുടുംബത്തെയും പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം”.

Translated by Mrudula Bhavani


Read More Related Articles