ഡോ. കഫീൽ ഖാനെ മുംബൈയിൽ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു; നടപടി അമിത് ഷായ്ക്കെതിരായ പ്രസം​ഗത്തിന്റെ പേരിൽ

By on

ഡോക്റ്റർ കഫീൽ ഖാനെ ഉത്തർപ്രദേശ് പൊലീസ് മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തു. രണ്ട് വിഭാ​ഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കിയെന്നാരോപിച്ച് 153 എ ചാർത്തിയാണ് നടപടി. യുപി സ്പെഷൽ റ്റാസ്ക് ഫോഴ്സ് ഐജി അമിതാഭ് യാഷ് അറസ്റ്റ് വിവരം സ്ഥിരീകരിച്ചു. അറസ്റ്റ് പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ അലി​ഗഡിൽ കഴിഞ്ഞ ഡിസംബർ 12ന് നടത്തിയ പ്രസം​ഗത്തിന്റെ പേരിലാണെന്നാണ് സൂചന. അലി​ഗഡ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ മതവികാരം ഇളക്കിവിട്ടു എന്ന് എഫ് ഐആറിൽ പറയുന്നു. 600 ഓളം വിദ്യാർത്ഥികൾക്ക് മുന്നിൽ നടത്തിയ പ്രസം​ഗത്തിലൂടെ അലി​ഗഡിലെ അമുസ്ലിങ്ങളായ വിദ്യാർത്ഥികൾക്കെതിരെ വികാരമുണ്ടാക്കിയെന്നാണ് ആരോപണം. അലി​ഗഡിൽ കഫാൽ ഖാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ സംസാരിച്ചുവെന്ന് എഫ് ഐ ആറിൽ പറയുന്നു. മുംബൈയിലെ ബാ​ഘിൽ ഒരു പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുന്നതിന് തൊട്ടു മുൻപാണ് അറസ്റ്റ്.
സിഎഎ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാ​ഗമായി കേരളത്തിലേക്കും വരാനിരിക്കുകയായിരുന്നു കഫീൽ ഖാൻ. പറ്റ്നയിൽ നിന്നും എത്തിയ ഉടനെ മുംബൈ വിമാനത്താവളത്തിൽ വച്ചാണ് കഫീൽഡ ഖാനെ അറസ്റ്റ് ചെയ്തത്. ഒന്നാം തീയതി കാസർകോട് നടക്കുന്ന ലോങ്‌ മാർച്ച് ഉദ്ഘാടനവും, രണ്ടാം തിയ്യതി കണ്ണൂരിലെ ശാഹീൻ ബാഗ് സമരത്തിലും ഉൾപ്പെടെ നാലാം തിയതിവരെ കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ പുറപ്പെടാനിരിക്കെയാണ് അറസ്റ്റ്.
2017 ൽ ​യുപി ​ഗരഖ്പുരിൽ സംസ്ഥാന സർക്കാരിന്റെ അനാസ്ഥമൂലം ഓക്സിജൻ ലഭിക്കാതെ സർക്കാർ മെഡിക്കൽ കോളജിൽ കുട്ടികൾ മരിക്കുമ്പോൾ സ്വന്തം നിലക്ക് ഓക്സിജൻ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശ്രമം നടത്തിയ ശിസുരോ​ഗ വിദ​ഗ്ധനാണ് കഫീൽ ഖാൻ. 61 കുഞ്ഞുങ്ങളാണ് ബിആർഡി മെഡിക്കൽ കോളജിൽ അന്ന് പ്രാണവായു ലഭിക്കാതെ മരിച്ചത്. യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ ഉയർന്ന രോഷത്തിന് അന്ന് സർക്കാർ കണക്ക് തീർത്തത് കഫീൽ ഖാനെ അറസ്റ്റ് ചെയ്തുകൊണ്ടാണ്. കഫീൽ‌ ഖാൻ ഇപ്പോഴും സസ്പെൻഷനിലാണ്.


Read More Related Articles