‘പൗരത്വബില്ലും, പശുവും’ നിശബ്ദമാക്കി മാത്രം സെൻസർ അനുമതി കൊടുത്തു; ‘കാറ്റ്, കടൽ, അതിരുകൾ’ പ്രദർശനത്തിന് എത്തുന്നു

By on

പൗരത്വബിൽ, പശു എന്നീ വാക്കുകൾ നിശബ്ദമാക്കിയ ശേഷം മാത്രം സെൻസർബോഡ് അനുമതി നൽകിയതിനെ തുടർന്ന് പൗരത്വനിയമവും റോഹിം​ഗ്യൻ അഭയാർത്ഥി പ്രശ്നവും വിഷയമാക്കിയ മലയാള ചിത്രം കാറ്റ്, കടൽ, അതിരുകൾ’ ജനുവരി 31 ന് പ്രദർശനത്തിന് എത്തുന്നു. സെൻസർ ബോർഡിന്റെ ഭാഗത്ത് നിന്നും ഒട്ടേറെ എതിർപ്പുകൾ  നേരിടേണ്ടി വന്ന ചിത്രമാണ് ‘കാറ്റ് കടല്‍ അതിരുകള്‍’. അഭയാർത്ഥി സമൂഹങ്ങളുടെ കഥ പറയുന്നതിനാൽ അത് വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദത്തെ ബാധിക്കുന്ന വിഷയമാണെന്നും അക്കാരണത്താൽ അനുമതി തരാൻ കഴിയില്ലെന്നും പറഞ്ഞ് റീജിണല്‍ സെൻസർ ബോർഡ് ആദ്യം സിനിമയ്ക്ക് അനുമതി നിഷേധിച്ചു. സെൻസർ ബോർഡിന്റെ ഗൈഡ്ലൈൻസ് പ്രകാരം വിദേശരാജ്യങ്ങളുമായുള്ള സൗഹൃദത്തെ ബാധിക്കുന്നതരത്തിലുള്ള സിനിമകൾക്ക് അനുമതി നിഷേധിക്കാൻ കഴിയും എന്നതായിരുന്നു അവരുടെ വിശദീകരണം. പിന്നീട് സെൻസർ ബോർഡിന്റെ റിവൈസിംഗ് കമ്മിറ്റി സിനിമ കാണുകയും ഈ പ്രശ്നം നിലനിൽക്കുന്നതല്ല എന്ന് പറഞ്ഞ് അനുമതി നൽകുകയുമായിരുന്നു. എന്നാൽ പകരം ഈ സിനിമയിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള “പൗരത്വ ബിൽ’ എന്ന വാക്കും “പശു’ എന്ന വാക്കും ഒഴിവാക്കണം (മ്യൂട്ട് ചെയ്യണം) എന്ന വ്യവസ്ഥ അവർ മുന്നോട്ടുവച്ചു. അതുപ്രകാരമാണ് ഈ സിനിമയ്ക്ക് ഒടുവിൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്.

ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധി നേടുന്ന വംശീയ സമൂഹമായ റോഹിം​ഗ്യൻ അഭയാർത്ഥികളുടെ കഥപറയുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് ‘കാറ്റ് കടൽ അതിരുകൾ എന്ന് ചിത്രത്തിന്റെ അണിയറക്കാർ പറയുന്നു. അടുത്തകാലത്ത് ഇന്ത്യയിലേക്ക് അഭയം തേടിവന്ന റോഹിം​ഗ്യൻ ജനതയുടെയും അറുപത് വർഷം മുമ്പ് ദലൈ ലാമയോടൊപ്പം ഇന്ത്യയിലേക്ക് പലായനം ചെയ്ത റ്റിബറ്റൻ സമൂഹത്തിന്റെയും ജീവിതാവസ്ഥകളാണ് “കാറ്റ്, കടൽ, അതിരുകൾ’ പങ്കുവയ്ക്കുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾ ഇന്ത്യയെമ്പാടും നടക്കുന്ന സമയത്ത് അഭയാർത്ഥി പ്രശ്നവും പൗരത്വവും ദേശീയതയും വംശീയതയും എല്ലാം ചർച്ച ചെയ്യുന്ന ഒരു സിനിമയാണ് മലയാളത്തിൽ നിന്നും ഒരുങ്ങിയിരിക്കുന്നത് എന്നത് വളരെ പ്രസക്തമാണെന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. കൊക്കൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി. ഇ.കെ നിർമ്മിച്ച് സമദ് മങ്കട സംവിധാനം ചെയ്ത ചിത്രമാണ് ‘കാറ്റ്, കടൽ, അതിരുകൾ’. ജനുവരി 31ന് കേരളത്തിലെ വിവിധ തീയേറ്ററുകളിൽ സിനിമ റിലീസ് ചെയ്യും.
ജിയോ ക്രിസ്റ്റി എന്ന ഗവേഷക വിദ്യാർത്ഥിയും ആബിദ ഹസ്സൻ എന്ന ഒരു യുവ മാദ്ധ്യമപ്രവർത്തകയും നടത്തുന്ന രണ്ട് വ്യത്യസ്തമായ യാത്രകളിലൂടെയാണ് കഥ വികസിക്കുന്നത്. കേരളത്തിൽ ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്നതിനായി എത്തിയ ധാവാ ലാമോ എന്ന തിബറ്റൻ അഭയാർത്ഥി പെൺകുട്ടിയോടുള്ള പ്രണയവും ബുദ്ധനോട് തോന്നിയ അനുഭാവവുമായിരുന്നു ജിയോ ക്രിസ്റ്റിയുടെ യാത്രകൾക്ക് പിന്നിൽ. ആബിദയുടേതാകട്ടെ അവൾക്ക് മുന്നിലെത്തിയ ഖൈറുൽ അമീൻ എന്ന റോഹിങ്ക്യൻ അഭയാർത്ഥിയുടെ ഉറ്റവരെത്തേടിയുള്ള നീണ്ട അലച്ചിലായിരുന്നു. വ്യത്യസ്തമായ ഈ രണ്ട് യാത്രകളിലൂടെയാണ് ഒരേ ലക്ഷ്യത്തിലേക്ക് സിനിമയും സഞ്ചരിക്കുന്നത്. കർണ്ണാടകയിലെ ബൈലക്കൂപ്പ, സിക്കിമിലെ നാഥുല, ഗുരുദേഗ്മാർ, ഹിമാചൽ പ്രദേശിലെ മക്ലിയോഡ്ഗഞ്ച്, മണാലി, ദില്ലി എന്നീ വിവിധ പ്രദേശങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

അനു മോഹൻ, ലിയോണ ലിഷോയ്, കൈലാഷ്, അനിൽ മുരളി, ഡോ. വേണുഗോപാൽ, ശരൺ തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം ധാവാ ലാമോ എന്ന തിബറ്റൻ അഭയാർത്ഥിയായി അഭിനയിക്കുന്നത് അതേ പേരിലുള്ള ബൈലക്കുപ്പ അഭയാർത്ഥി സെറ്റിൽമെന്റിലെ അന്തേവാസി തന്നെയാണ്. സംവിധാനം: സമദ് മങ്കട, നിർമ്മാണം: ഷാജി. ഇ.കെ, കഥ: എസ്. ശരത്, തിരക്കഥ, സംഭാഷണം: കെ. സജിമോൻ, ഛായാഗ്രഹണം: അൻസർ ആഷ് ത്വയിബ്, എഡിറ്റിംഗ്: വിപിൻ മണ്ണൂർ, പശ്ചാത്തല സംഗീതം: റോണി റാഫേൽ, ശബ്ദമിശ്രണം: ബോണി എം ജോയ്, പ്രൊഡക്ഷൻ കണ്ട്രോളർ: സേതു അടൂർ, പ്രൊഡക്ഷൻ മാനേജർ: സജി കോട്ടയം.


Read More Related Articles