പായൽ സൽമാൻ തദ്വി കൊല്ലപ്പെട്ടതെന്ന് സംശയം; ശരീരത്തിൽ പലയിടത്തും മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മുംബൈയിലെ ബിവൈഎൽ നായർ ഹോസ്പിറ്റലിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി-മുസ്ലിം വിഭാഗക്കാരിയായ ഡോക്റ്റർ പായൽ സൽമാൻ തദ്വിയെ കൊലപ്പെടുത്തിയതെന്ന് സംശയം. പായലിന്‍റെ കഴുത്തിലും മറ്റ് ശരീര ഭാഗങ്ങളിലും മുറിവ് ഉണ്ടെന്ന് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തിയ സാഹചര്യത്തിൽ ആത്മഹത്യയല്ല എന്നും കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും അഭിഭാഷകൻ നിതിൻ സത്പുത് കോടതിയിൽ ആവശ്യപ്പെട്ടു.
ഈ മാസം മെയ് 22 നാണ് പായൽ സൽമാൻ തദ്വിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സീനിയർ ഡോക്റ്റർമാരിൽ നിന്നും നിരന്തരം ജാതിയധിക്ഷേപം നേരിടുന്നതായി പായൽ പരാതിപ്പെട്ടിരുന്നു. എന്നാൽ പായലിന്‍റെ പരാതിയിൻമേൽ ആശുപത്രി അധികൃതര്‍ നടപടി ഒന്നും തന്നെ എടുത്തിരുന്നില്ല.
വിളിക്കുമ്പോഴൊക്കെ ആശുപത്രിയിൽ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് മകൾ പറയാറുണ്ടെന്ന് പായലിന്‍റെ മാതാവ് ആബിദ സലിം വെളിപ്പെടുത്തിയിരുന്നു. പായലിന്‍റെ ഭർത്താവ് ഡോക്റ്റർ സൽമാനും തന്‍റെ ഭാര്യ നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.
പായലിന്‍റെ മരണവുമായി ബന്ധപ്പെട്ട മൂന്ന് സീനിയർ വനിതാ ഡോക്റ്റർമാരെ മുംബൈയിലെ അഗ്രിപാദ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭക്തി മെഹാര, ഹേമ അഹൂജ, അങ്കിത ഖണ്ഡേൽവാൽ എന്നിവരാണ് അറസ്റ്റിലായത്. മരിച്ച പായൽ സൽമാൻ താദ്വിയുടെ സഹപ്രവർത്തകരാണ് മൂവരും.