സവർക്കറുടെ ജൻമദിനത്തിൽ കുട്ടികൾക്ക് കത്തി വിതരണം ചെയ്ത് ഹിന്ദു മഹാസഭ; ഹിന്ദുക്കളെ സൈനികവത്കരിക്കൽ സവർക്കറുടെ സ്വപ്നമായിരുന്നുവെന്ന് അശോക് പാണ്ഡെ

By on

ഹിന്ദുമഹാസഭ പ്രസിഡന്‍റും ഹിന്ദുത്വത്തിന്‍റെ പ്രചാരകനുമായിരുന്ന സവർക്കറുടെ ജൻമദിനാഘോഷത്തിന്‍റെ ഭാ​ഗമായി 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളായ കുട്ടികൾക്ക് കത്തികൾ വിതരണം ചെയ്ത് അഖിൽ ഭാരത് ഹിന്ദു മഹാസഭ. സംഘടനയുടെ വക്താവ് അശോക് പാണ്ഡെയെ ഉദ്ധരിച്ച് ഔട്ലുക് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

‘രാഷ്ട്രീയത്തിന്‍റെ ഹിന്ദുവത്കരണവും ഹിന്ദുക്കളുടെ സൈനിക വത്കരണവും’ സവർക്കറുടെ സ്വപ്നമായിരുന്നു’ വെന്ന് അശോക് പാണ്ഡെ പറയുന്നു. ”ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ മഹാവിജയത്തോടെ അദ്ദേഹത്തിന്റെ സ്വപ്നത്തിന്‍റെ ആദ്യഭാ​ഗം മോദിജി സാക്ഷാത്കരിച്ചു കഴിഞ്ഞു. കത്തികൾ വിതണം ചെയ്ത് ഹിന്ദു സൈനികരെ സൃഷ്ടിക്കുന്നതിലൂടെ മറ്റേ ഭാ​ഗം ഞങ്ങൾ സാക്ഷാത്കരിക്കുകയാണ് ഞങ്ങൾ. ഹിന്ദുക്കൾക്ക് സ്വയം സംരക്ഷിക്കുകയും അവരുടെ രാഷ്ട്രത്തെ സംരക്ഷിക്കുകയും വേണമെങ്കിൽ അവർ ആയുധം ഉപയോ​ഗിക്കാൻ അറിഞ്ഞിരിക്കണം എന്നും പാണ്ഡെ കൂട്ടിച്ചേർത്തു.

ഇത് ഹിന്ദുക്കളെ ശാക്തീകരിക്കാനുള്ള നീക്കത്തിന്‍റെ ഭാ​ഗമാണ് പ്രത്യേകിച്ച് യുവതലമുറയെ എന്ന് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെ പറയുന്നു. മഹാത്മാ​ഗാന്ധിയെ വധിച്ച സംഭവം പുനരാവിഷ്കരിച്ച് ​ഗാന്ധിയുടെ കോലത്തിന് നേരേ തോക്ക് ചൂണ്ടി നിന്നതിന്‍റെ വിഡിയോയിലൂടെ വാർത്തകളിൽ ഇടം പിടിച്ച ആളാണ് പൂജ ശകുൻ പാണ്ഡെ.

പരീക്ഷയിൽ നല്ല പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് ​ഗീതയോടൊപ്പം കത്തികൾ നൽകിയെന്നും എപ്പോൾ എവിടെ ആയുധം ഉപയോ​ഗിക്കണമെന്ന് അവർ അറിയുന്നതിന് വേണ്ടിയാണെന്നും പൂജ പറയുന്നു.


Read More Related Articles