ബാബറി മസ്ജിദ് കാലത്തെ കോൺഗ്രസിന്റെ പ്രതീകമാണ് നിലയ്ക്കലെ കെ സുധാകരൻ
ബാബറി മസ്ജിദ് തകര്‍ക്കല്‍ മുതൽ ഗുജറാത്ത് വംശഹത്യ വരെ, സാമ്പത്തിക നയം മുതൽ ചങ്ങാത്ത മുതലാളിത്തം വരെ, കോൺഗ്രസ് നയവും സംഘപരിവാർ നയവും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന വിമർശനം പണ്ടേ ഉയരുന്നതാണ്. ബിജെപിയുടെയും ആർഎസ്എസിന്‍റെയും വളർച്ചയ്ക്ക് കോൺഗ്രസ് ഒത്താശ ചെയ്യുന്നുവെന്ന വിമർശനം ഇടതുപക്ഷ പാർട്ടികൾ ഉയർത്തിയിരുന്നെങ്കിലും ബാബറി മസ്ജിദും സാമ്പത്തിക ഉദാരവത്കരണവും ഒക്കെ അങ്ങ് കുറച്ച് ദൂരെയായിരുന്നതുകൊണ്ട് കേരളത്തിൽ ആ വിമർശനം ജനങ്ങൾക്ക് വിശ്വസിക്കാൻ അത്രയക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. എന്നാൽ ശബരിമല പ്രശ്നത്തോടെ ആ കോൺഗ്രസ് കേരളത്തിലും തെളിഞ്ഞ് തെളിഞ്ഞ് വന്നു. നിലയ്ക്കൽ സംഘപരിവാര സംഘടനകളുടെ പന്തലിൽ ആ രൂപം മൂർത്ത രൂപമായി. കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍റെ രൂപത്തിൽ അത് ഉറഞ്ഞ് തുള്ളി. ബാബറി മസ്ജിദ് തകർച്ചയുടെയും തുടർന്നുണ്ടായ കലാപങ്ങളുടെയും കൂട്ടക്കുരുതികളുടെയും ഇന്ന് ദേശീയ തലത്തിൽ കോൺഗ്രസ് വിമുക്ത ഭാരത സാക്ഷാത്കാരത്തിലെത്തി നിൽക്കുന്ന കേന്ദ്രാധികാരത്തിന്‍റെ ഉടലെടുക്കലും മുന്നിലുണ്ടായിട്ടും സംഘപരിവാർ രാഷ്ട്രീയത്തിന് ഒപ്പം മാത്രമാണ് ചരിത്രപരമായി കോൺഗ്രസിന് നിൽക്കാനാവുക എന്ന് നിലയ്ക്കൽ തെളിയിച്ചു. വനിതാ മാധ്യമ പ്രവർത്തകരെ കൺമുന്നിലിട്ട് മർദ്ദിച്ചിട്ടും, നിലയ്ക്കലും ശബരിമലയുമടങ്ങുന്ന പ്രദേശങ്ങൾ മുഖംമൂടി ധാരികളായ സാമൂഹ്യ വിരുദ്ധർ കയ്യേറിയിട്ടും, അവരെ പിരിച്ചു വിടാൻ പൊലീസ് കൈക്കൊണ്ട നടപടിയെ അമിത ബലപ്രയോഗമായി ആണ് ആന്‍റോ ആന്‍റണി എംപി അടക്കമുള്ള കോൺഗ്രസുകാർ വിശേഷിപ്പിച്ചത്. നിലയ്ക്കല്‍ സമൂഹവിരുദ്ധരെ പിരിച്ചുവിട്ട പൊലീസുകാരോട് ആക്രോശിക്കുന്ന കെ സുധാകരനാണ് കോൺഗ്രസിന്റെ യഥാർത്ഥ രാഷ്ട്രീയത്തിന്‍റെ മറയില്ലാത്ത മുഖം.