ബാബറി മസ്ജിദ് കാലത്തെ കോൺ​ഗ്രസിന്‍റെ പ്രതീകമാണ് നിലയ്ക്കലെ കെ സുധാകരൻ

By on

ബാബറി മസ്ജിദ് തകര്‍ക്കല്‍  മുതൽ ​ഗുജറാത്ത് വംശഹത്യ വരെ,  സാമ്പത്തിക നയം മുതൽ ചങ്ങാത്ത മുതലാളിത്തം വരെ, കോൺ​ഗ്രസ് നയവും സംഘപരിവാർ നയവും തമ്മിൽ വലിയ വ്യത്യാസമില്ലെന്ന വിമർശനം പണ്ടേ ഉയരുന്നതാണ്. ബിജെപിയുടെയും ആർഎസ്എസിന്‍റെയും വളർച്ചയ്ക്ക് കോൺ​ഗ്രസ് ഒത്താശ ചെയ്യുന്നുവെന്ന വിമർശനം ഇടതുപക്ഷ പാർട്ടികൾ ഉയർത്തിയിരുന്നെങ്കിലും ബാബറി മസ്ജിദും സാമ്പത്തിക ഉദാരവത്കരണവും ഒക്കെ അങ്ങ് കുറച്ച് ദൂരെയായിരുന്നതുകൊണ്ട് കേരളത്തിൽ ആ വിമർശനം ജനങ്ങൾക്ക് വിശ്വസിക്കാൻ അത്രയക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. എന്നാൽ ശബരിമല പ്രശ്നത്തോടെ ആ കോൺ​ഗ്രസ് കേരളത്തിലും തെളിഞ്ഞ് തെളിഞ്ഞ് വന്നു. നിലയ്ക്കൽ സംഘപരിവാര സംഘടനകളുടെ പന്തലിൽ ആ രൂപം മൂർത്ത രൂപമായി. കോൺ​ഗ്രസ് വർക്കിം​ഗ് പ്രസിഡന്‍റ് കെ സുധാകരന്‍റെ രൂപത്തിൽ അത് ഉറഞ്ഞ് തുള്ളി. ബാബറി മസ്ജിദ് തകർച്ചയുടെയും തുടർന്നുണ്ടായ കലാപങ്ങളുടെയും കൂട്ടക്കുരുതികളുടെയും ഇന്ന് ദേശീയ തലത്തിൽ കോൺ​ഗ്രസ് വിമുക്ത ഭാരത സാക്ഷാത്കാരത്തിലെത്തി നിൽക്കുന്ന കേന്ദ്രാധികാരത്തിന്‍റെ ഉടലെടുക്കലും മുന്നിലുണ്ടായിട്ടും സംഘപരിവാർ രാഷ്ട്രീയത്തിന് ഒപ്പം മാത്രമാണ് ചരിത്രപരമായി കോൺ​ഗ്രസിന് നിൽക്കാനാവുക എന്ന് നിലയ്ക്കൽ തെളിയിച്ചു. ​​വനിതാ മാധ്യമ പ്രവർത്തകരെ കൺമുന്നിലിട്ട് മർദ്ദിച്ചിട്ടും, നിലയ്ക്കലും ശബരിമലയുമടങ്ങുന്ന പ്രദേശങ്ങൾ മുഖംമൂടി ധാരികളായ സാമൂഹ്യ വിരുദ്ധർ കയ്യേറിയിട്ടും, അവരെ പിരിച്ചു വിടാൻ പൊലീസ് കൈക്കൊണ്ട നടപടിയെ അമിത ബലപ്രയോ​ഗമായി ആണ് ആന്‍റോ ആന്‍റണി എംപി അടക്കമുള്ള കോൺ​ഗ്രസുകാർ വിശേഷിപ്പിച്ചത്. നിലയ്ക്കല്‍ സമൂഹവിരുദ്ധരെ പിരിച്ചുവിട്ട പൊലീസുകാരോട് ആക്രോശിക്കുന്ന കെ സുധാകരനാണ് കോൺ​ഗ്രസിന്റെ യഥാർത്ഥ രാഷ്ട്രീയത്തിന്‍റെ മറയില്ലാത്ത മുഖം.

 


Read More Related Articles