ബാലഭാസ്കറുടെ ശസ്ത്രക്രിയ പൂർത്തിയായി; ഐസിയുവിലേക്ക് മാറ്റി
തിരുവനന്തപുരം: പള്ളിപ്പുറത്ത് വച്ച് കാറപടകടത്തിൽപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്കറുടെ അടിയന്തിര ശസ്ത്രക്രിയ പൂർത്തിയായി. ബാലഭാസ്കറുടെ ആരോഗ്യനിലയെപ്പറ്റി ഗായകരായ വിധു പ്രതാപ്, രാകേഷ് ബ്രഹ്മാനന്ദൻ എന്നിവർ ശബ്ദസന്ദേശത്തിലൂടെ വിവരങ്ങൾ കൈമാറിയിരുന്നു. ബാലഭാസ്കറുടെ ഭാര്യ ലക്ഷ്മിയുടെ നില മെച്ചപ്പെട്ടതായും ആശുപത്രിയിൽ നിന്നും വിധു പ്രതാപ് അറിയിച്ചിരുന്നു. ബാലഭാസ്കർക്ക് നട്ടെല്ലിന് പരിക്കുണ്ട്. ബാലഭാസ്കറുടെ ശരീരത്തിൽ നിരവധി എല്ലുകൾ ഒടിഞ്ഞിട്ടുമുണ്ട്.
audio here
ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട് ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല (2) മരിച്ചു. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഹൈവേ പട്രോളിങ്ങ് സംഘമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കാറിന്റെ ചില്ല് പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ രക്ഷിച്ചതെന്ന് ഹൈവേ പട്രോളിങ്ങ് സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പുറത്തെടുത്തപ്പോൾ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലഭാസ്കറും മകളും മുൻഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. .