സംഗീത ഇതിഹാസം എന്യോ മോറിക്കോണെ അന്തരിച്ചു; വിടവാങ്ങിയത് സിനിമാ പാരഡീസോയും ദ ഗുഡ്, ദ ബാഡ്, ദി അഗ്ലിയുമടക്കം നിരവധി ലോകപ്രസിദ്ധ ചിത്രങ്ങൾക്ക് സംഗീതം പകർന്ന പ്രതിഭ
ലോകസിനിമ സംഗീതത്തിലെ ഐതിഹാസിക പ്രതിഭ എന്യോ മോറിക്കോണെ അന്തരിച്ചു. 91 വയസായിരുന്നു. റോമിലായിരുന്നു അന്ത്യം. ഒരു വീഴ്ചയെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. സെർജിയോ ലിയോണിന്‍റെ ‘ദ ഗുഡ്, ദ ബാഡ്, ദി അഗ്ലി’ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതമാണ് ഈ ഇറ്റാലിയൻ സംഗീതകാരന്റെ ഏറ്റവും ജനപ്രിയമായ രചന. വൈല്‍ഡ് വെസ്റ്റ് സിനിമകളെ വിപ്ലവകരമായി മാറ്റിമറിക്കുന്നതില്‍ വലിയ പങ്കാണ് മോറിക്കോണെയുടെ സംഗീതം വഹിച്ചത്. സ്പഗെറ്റി വെസ്റ്റേണ്‍ എന്നറിയപ്പെടുന്ന ചലച്ചിത്രങ്ങളുടെ മോറിക്കോണെ സംഗീതം ലോകമെങ്ങും ആളുകളുടെ ചുണ്ടില്‍ ചൂളമായി മുഴങ്ങും എക്കാലവും. റ്റെലിവിഷനും സിനിമയും അടക്കം 400 ലധികം സൃഷ്ടികൾക്ക് സംഗീതം പകർന്നിട്ടുണ്ട് മോറിക്കോണെ. ഗിസെപ്പെ തൊർണാതോറെയുടെ ലോകപ്രസിദ്ധ ചിത്രം സിനിമാ പാരഡീസോയ്ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് മോറിക്കോണെയാണ്. സെർജിയോ ലിയോണിന്‍റെ എല്ലാ ചിത്രങ്ങളുടെയും സംഗീതം അദ്ദേഹമാണ് നിർവഹിച്ചത്. ലോക ക്ലാസിക് ആയ ബാറ്റിൽ ഓഫ് അൾജിയേഴ്സ്, ഡാരിയോ അർജന്‍റോയുടെ ആനിമൽ റ്റ്രിലജി തുടങ്ങി ഡേയ്സ് ഓഫ് ഹെവൻ, ദി അൺടച്ചബിൾസ് എന്നിങ്ങനെ നിരവധി പ്രസിദ്ധ ചിത്രങ്ങളുടെ സംഗീതവും മോറിക്കോണെയുടേതാണ്. ക്വെന്‍റിന്‍ റ്റാരന്‍റിനോയുടെ ‘ഹേറ്റ്ഫുൾ എയ്റ്റ്’ എന്ന ചിത്രത്തിലെ സംഗീതത്തിന് 2016 ൽ ഓസ്കർ പുരസ്കാരം നേടിയിരുന്നു.
1928 ൽ റോമിൽ ജനിച്ച മോറിക്കോണെ ഒരു ഫുട്ബോൾ കളിക്കാരനായാണ് ജീവിതം ആരംഭിച്ചത്. എന്നാൽ വേഗം തന്നെ അദ്ദേഹം സംഗീതത്തിലേക്ക് തിരിഞ്ഞു. 1966 മുതൽ 80 വരെ അദ്ദേഹം ഇൽ ഗ്രുപ്പോ എന്ന, പരീക്ഷണാത്മക സംഗീതജ്ഞരുടെ സംഘത്തിൽ അംഗമായിരുന്നു. 1970 തോടെ മോറിക്കണെ ഹോളിവുഡിൽ തിരക്കേറിയ സംഗീത സംവിധായകനായി മാറി. അക്കാലത്ത് ബ്രയൻ ഡി പാമ, ഒലിവർ സ്റ്റോൺ, വാറൻ ബീറ്റീ, ഡോൺ സീഗെൽ, മൈക് നിക്കോൾസ്, ബാരി ലെവിൻസൺ, ക്വെന്‍റിന്‍ റ്റാരന്‍റിനോ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി മോറിക്കോണെയുടെ തൊഴിൽ ജീവിതം കുതിച്ചുയർന്നു.
യൂറോപ്പിൽ അദ്ദേഹം സഹകരിച്ചത് ബെർണാഡോ ബെർത്തലൂച്ചി, റോളൻഡ് ഹോഫെ, റൊമാൻ പൊളാൻസ്കി, ഹെൻറി വെന്യൂവിൽ തുടങ്ങിയവരുമായായിരുന്നു. സൂക്കെറോ, ആൻഡ്രിയ ബോച്ചെല്ലി തുടങ്ങിയ ഗായകർക്ക് വേണ്ടിയും മോറിക്കോണിയെന്ന മഹാപ്രതിഭ സംഗീതമൊരുക്കിയിട്ടുണ്ട്. 2016 ന് വരെ ലോകമെങ്ങും മോറിക്കോണെയുടെ 700 ലക്ഷം റെക്കോഡുകളാണ് വിറ്റുപോയത്.