ഫെയ്സ്ബുക് റദ്ദാക്കിയത് കൂടുതലും കോണ്‍ഗ്രസ് പെയ്ജുകള്‍; ബിജെപി ബന്ധമുള്ള സില്‍വര്‍ റ്റച്ചിന്‍റെ പേജും നീക്കി
ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തിൽ വ്യാജ വാർത്തകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോൺഗ്രസുമായി ബന്ധമുള്ള ബന്ധമുള്ള 600 ലധികം പെയ്ജുകള്‍ നീക്കം ചെയ്തതായി ഫെയ്സ്ബുക് അറിയിച്ചു. ബിജെപിയുമായി ബന്ധമുള്ള സിൽവർ റ്റച്ച് എന്ന ഐ റ്റി കമ്പനിയുടെ പേജും നീക്കം ചെയ്തിട്ടുണ്ട്. “ഐഡന്റിറ്റി വെളിപ്പെടുത്താത്ത അറുന്നൂറില്പരം പെയ്ജുകൾ പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഐറ്റി സെല്ലുമായി ബന്ധം പുലർത്തിയിരുന്നതായി മനസിലാക്കിയതായി ഫെയ്‌സ്ബുക്കിന്റെ സൈബർ സെക്യൂരിറ്റി പോളിസി ഹെഡ് നാഥനിയേൽ ഗ്ലെയച്ചറെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘നമോ ആപ്’ അടക്കം ഉണ്ടാക്കിയ, ബിജെപിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ‘സിൽവർ റ്റച് ‘ എന്ന ഐറ്റി കമ്പനിയുടേതായി കണ്ടെത്തിയ പതിനഞ്ചോളം പേജുകളും റദ്ദാക്കിയതായും ഫെയ്സ്ബുക് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാനായി ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ ഫെയ്‌സ്ബുക്ക് മേധാവികളോട് സക്കർബർഗ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പെയ്ജുകള്‍ റദ്ദാക്കിയത്. ഫെയ്‌സ്ബുക്കിന്റെ പുതിയ നീക്കം കോൺഗ്രസിനെ ലക്ഷ്യം വെക്കുന്നു എന്നതും ശ്രദ്ധേയമായി. നിലവിൽ സമൂഹമാധ്യമങ്ങൾ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന സൈബർ വിംഗ് ബിജെപിയുടേതാണ്, മാത്രമല്ല, തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിൽ സദാ ജാഗരൂകരായിരിക്കുന്നവരാണിവർ. അതുകൊണ്ട് ഇത്തരത്തിലൊരു പ്രഖ്യാപനം കോൺഗ്രസിനെ പ്രശ്നത്തിലാക്കുകയും ബിജെപി ക്ക് സോഷ്യൽ മീഡിയയിലെ ഇടം കൂടുതൽ അനുകൂലമാക്കുകയും ചെയ്യും. രാഷ്ട്രീയ എതിരാളികളുടെ ‘ഹേറ്റ് ക്യാംപെയ്നുകളുടെ’ ഇരയാണ് താനെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.