ഇന്ത്യൻ വ്യോമസേനാ ആക്രമണത്തിന്‍റേതായി പ്രചരിക്കുന്നത് വിഡിയോ ഗെയിം ക്ലിപ്പ്
പാകിസ്താനിൽ ജെയ്ഷെ മുഹമ്മദ് താവളങ്ങളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന്‍റേതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് പഴയ ഒരു വിഡിയോ ഗെിയിമിന്‍റെ മാറ്റം വരുത്തിയ ക്ലിപ്പ്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഡിജിറ്റൽ വസ്തുതാ പരിശോധനാ നെറ്റ്വർക്ക് സൈറ്റായ ബൂം ലൈവാണ് വ്യാജ വിഡിയോയുടെ യാഥാർത്ഥ്യം പുറത്തു കൊണ്ട് വന്നത്. ഇന്ന് പുലർച്ചെ നിന്ത്രണരേഖ കടന്ന് പാകിസ്താനിലെ ബലാകോട്ടിൽ കയറി ജെയ്ഷെ മുഹമ്മദ് താവളങ്ങൾ ആക്രമിച്ചതായി ഇന്ത്യൻ വ്യോമസേന അവകാശപ്പെട്ടതിന് പിന്നാലെയാണ് ഫെയ്ബുക്, വാട്സാപ്, റ്റ്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ പ്രചരിച്ചത്. ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന്‍റെ ദൃശ്യങ്ങളെന്ന നിലയ്ക്കാണ് വിഡിയോ പ്രചരിക്കപ്പെട്ടതും വൈറലായതും. പ്രചരിക്കപ്പെടുന്ന വിഡിയോ ചുവടെ
വിഡിയോ കീഫ്രെയിമുകളായി പിരിച്ച് റിവേഴ്സ് സേർച്ച് നടത്തിയാണ് ബൂം ലൈവ് ആക്രമണ വിഡിയോ ഗെയിം ക്ലിപ്പാണെന്ന് കണ്ടെത്തിയത്. ‘Really Short Engagement (ft. Taliban) – Apache Gunner FLIR Cam #6 – Arma 2’. എന്ന പേരിൽ 2015 ജൂലൈ 9 ന് യൂറ്റ്യൂബിൽ പ്രസിദ്ധീകരിച്ച വിഡിയോയുടെ ഒരു ഭാഗമാണ് മിന്നലാക്രമണമായി പ്രചരിപ്പിക്കപ്പെടുന്നത്. യഥാര്‍ത്ഥ വിഡിയോ ലിങ്ക് ചുവടെ
ഈ വിഡിയോയിൽ നിന്നുള്ള 20 സെക്കന്റാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത്. ARMA 2 എന്ന ഗെയിമാണ് ഈ വിഡിയോയിലുള്ളത്. ഒരു സൈനികാനുഭൂതി ഗെയിമാണ് എർമ 2.