വംശീയ ഉന്‍മൂലനത്തിന് കോവിഡ് ഉപയോഗപ്പെടുത്തണമെന്ന് തീവ്ര വലതുപക്ഷ വാദികളും നവ നാസികളും

By on

ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുകയും പതിനായിരങ്ങളുടെ ജീവൻ അപഹരിക്കുകയും പതിറ്റാണ്ടുകളായി ഉണ്ടാവാത്ത സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് കാരണമാവുകയും ചെയ്ത കൊറോണ വൈറസ് ബാധ തീവ്ര വലതുപക്ഷ വംശീയവാദികളെ  സംബന്ധിച്ചിടത്തോളം സ്വാഗതാർഹമാണ്. മുതലാളിത്ത അതിവേഗ വാദികളും (ആക്സിലറഷനിസ്റ്റുകള്‍) നാഗരിക ബഹുസ്വരത  തകരാൻ ആഗ്രഹിക്കുന്ന അക്രമാസക്തരായ നവ നാസികളും COVID-19 തങ്ങളുടെ രഹസ്യ ആയുധമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
വടക്കൻ യൂറോപ്പ് ആസ്ഥാനമായുള്ള ഒരു നവ-നാസി പ്രസ്ഥാനമായ നോർഡിക് റെസിസ്റ്റൻസ് മൂവ്‌മെന്‍റിന്‍റെ (എൻ‌ആർ‌എം)  നേതാവ് പറയുന്നത് തന്റെ സംഘം കാണാൻ ആഗ്രഹിക്കുന്ന ലോകത്തെ സൃഷ്ടിക്കാൻ സഹായിക്കുന്നതിന് ആവശ്യമാണ് പാൻഡെമിക്ക് എന്നാണ്.
“COVID-19 ഒരു യഥാർത്ഥ ദേശീയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനും നാസി രാഷ്ട്രീയ ശക്തികളെ ശക്തിപ്പെടുത്തുന്നതിനും കൃത്യമായ അവസരമാണ് നമുക്ക് ഒരുക്കുന്നത്” എന്ന് എൻ‌ആർ‌എമ്മിന്റെ സ്വീഡിഷ് ബ്രാഞ്ചിന്റെ നേതാവ് സൈമൺ ലിൻഡ്ബർഗ് പ്രസ്ഥാനത്തിന്റെ വെബ്‌സൈറ്റിൽ എഴുതി. ”ജീര്‍ണ്ണിച്ച ഒരു അടിത്തറയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നിലനില്‍ക്കാനുള്ള ഒരു ഭാവി നമുക്ക് പടുത്തുയര്‍ത്താനാവില്ല. അവരുടെ നിര്‍മ്മിതികളുടെ അവശിഷ്ടങ്ങള്‍ക്ക് മേലാവണം നാമത് പണിതുയര്‍ത്തേണ്ടത്”. എന്നും ലിന്‍ഡ്ബര്‍ഗ് പറയുന്നു.
മറ്റ് തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ വൈറസിനെ  വംശീയമായ പ്രചാരണത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള അവസരമായി കാണുന്നു. ജർമ്മനിയിൽ, നവ-നാസി ഗ്രൂപ്പായ ദി റൈറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടത് ജർമ്മൻ അതിർത്തികൾ യൂറോപ്യരല്ലാത്തവര്‍ക്ക് മുന്നില്‍ അടയ്ക്കണം എന്നായിരുന്നു.
മധ്യേഷ്യയില്‍ നിന്നും വരാനിരിക്കുന്ന അഭയാര്‍ത്ഥി പ്രളയത്തിനായി വൈറസിനെ ജര്‍മ്മന്‍ ഭരണാധികാരികള്‍ മറയാക്കുകയാണെന്ന് മറ്റൊരു നവനാസി സംഘമായ തേഡ് വേ ആരോപിച്ചു. വൈറസ് ബാധ വെളുത്ത വംശജരുടെ കുറ്റം മാത്രമല്ലെന്നും ഇതിനകം 8000 ലധികം ആളുകള്‍ മരിച്ച ഇറ്റലിയില്‍ വൈറസ് ബാധയുടെ ഉത്തരവാദിത്തം അവിടുത്തെ ന്യൂനപക്ഷ വംശജരുടേതു കൂടിയാണെന്നും ഉക്രൈനിലെ തീവ്ര വലത് സംഘടനയായ അസോവ് റ്റെലഗ്രാം ആപ്പിലൂടെ പുറത്തുവിട്ട സന്ദേശത്തില്‍ ആരോപിക്കുന്നു. നവനാസി-മുതലാളിത്ത അതി വേഗതാവാദികള്‍ റ്റെലഗ്രാമിലൂടെ അസ്ഥിരതയ്കക്കും അക്രമത്തിനും വേണ്ടിയുള്ള ആഹ്വാനങ്ങള്‍ ഇരട്ടിയിലധികമാക്കിയിട്ടുണ്ട്. നിലവിലുള്ള അവസ്ഥയെ ആക്രമണോത്സുകത വളര്‍ത്താനായി ഇത്തരം ഗ്രൂപ്പുകള്‍ ഉപയോഗിക്കുകയാണെന്ന് ഇത്തരം ഭീകരവാദ സംഘങ്ങളെക്കുറിച്ച് പഠനം നടത്തുന്നവർ പറയുന്നു.
ഡിസ്കോഡ് എന്ന ഓണ്‍ ലൈന്‍ പ്ലാറ്റ്ഫോമിലെ ചാറ്റ് ലോഗില്‍ നിന്നും ചോര്‍ത്തിയ ചില സമീപകാല സന്ദേശങ്ങളില്‍ നിന്നും വ്യക്തമാവുന്നത് ജര്‍മ്മനിയിലെ നവനാസി ഫ്യൂവര്‍ക്രെയ്ഗ് ഡിവിഷനിലെ അംഗങ്ങള്‍ തങ്ങളിലാര്‍ക്കെങ്കിലും കോവിഡ് ബാധിച്ചാല്‍ അത് മന:പൂര്‍വ്വം ജൂതരിലേക്കും ഇതര വംശജരിലേക്കും പകര്‍ത്തണമെന്ന് ചര്‍ച്ച ചെയ്തുവെന്നാണ്. അമേരിക്കയിലടക്കം സാന്നിധ്യമുള്ളതും സമീപകാലത്ത് നിരവധി അക്രമ പ്രവര്‍ത്തികള്‍ നടത്തുകയും ചെയ്ത ചെറിയ നാസി സംഘമാണ് ഇവര്‍. കൗമാരക്കാരടക്കമുള്ളവർ ഈ സംഘടനയില്‍ അംഗങ്ങളാണ്.
അമേരിക്കയില്‍ കോവിഡ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രി ആക്രമിക്കാന്‍ പദ്ധതിയിട്ട തീവ്ര വലതുപക്ഷ നേതാവ് തിമോത്തി വില്‍സന്‍ (36) അടുത്തിയിടെയാണ് എഫ് ബി ഐ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അക്രമം പ്രോത്സാഹിപ്പിക്കുന്ന റ്റെലഗ്രാം ഗ്രൂപ്പിന്‍റെ അഡ്മിനാണ് തിമോത്തി വില്‍സന്‍.


Read More Related Articles