35 കോടി മനുഷ്യരെ പട്ടിണിയിലാക്കി, കോവിഡ് വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരമായി രാജിവെക്കണം; ചന്ദ്രശേഖര്‍ ആസാദ്

By on

അസംഘടിതമായി തൊഴില്‍ ചെയ്യേണ്ടിവരുന്ന കോടിക്കണക്കിന് മനുഷ്യരെ നരേന്ദ്രമോദി പട്ടിണിയിലേക്ക് തള്ളി എന്നും അടിയന്തരമായി പ്രധാനമന്ത്രി സ്ഥാനത്തുനിന്നും മോദി രാജിവെക്കണമെന്നും ആസാദ് സമാജ്പാര്‍ട്ടി ചീഫ് ചന്ദ്രശേഖര്‍ ആസാദ്. ഫെബ്രുവരി അഞ്ചിന് ലോക ആരോഗ്യ സംഘടന കൊറോണ വൈറസ് ബാധയെ ‘പാന്‍ഡമിക്’ ആയി പ്രഖ്യാപിച്ചിട്ടും അതിനെ പ്രതിരോധിക്കാന്‍ മതിയായ തയ്യാറെടുപ്പുകള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു എന്നും ആസാദ് പറഞ്ഞു.

“കോവിഡ്19നെ നേരിടാന്‍ കൃത്യമായ പദ്ധതി ആവശ്യമായിരുന്നപ്പോള്‍ ഈ ഭരണകൂടം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു, മധ്യപ്രദേശില്‍ അധികാരം നിലനിര്‍ത്താനുള്ള തിരക്കിലായിരുന്നു. കൃത്യമായി ആസൂത്രണം ചെയ്യാതെ ഇരുപത്തിയൊന്ന് ദിവസത്തേക്ക് ലോക് ഡൗണ്‍ പ്രഖ്യാപിച്ച നരേന്ദ്രമോദി അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 35 കോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളുകയാണ് ചെയ്തത്. ഭരണകൂടം നിഷ്‌കളങ്കരായ ഈ ജനങ്ങളെ മരണത്തിന് വിട്ടുകൊടുക്കുകയാണ് ചെയ്തത്.” ആസാദ് പറഞ്ഞു.

കൊറോണ ലോക് ഡൗണ്‍ കാരണം നഷ്ടം നേരിടുന്നവര്‍ക്ക് വേണ്ടി പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ പാക്കേജ് സംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ ഗുണം ചെയ്യൂ. ബാങ്ക് അക്കൗണ്ടും രേഖകളും ഉള്ളവര്‍ക്ക് മാത്രം. അസംഘടിത മേഖലയിലുള്ളവര്‍ക്ക് ഇത് ലഭ്യമാകില്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മോദി ഗവണ്മെന്റ് 5.5 ലക്ഷം കോടി രൂപയുടെ വ്യാവസായിക ലോണുകള്‍ എഴുതിത്തള്ളിയിട്ടുണ്ട് എന്നും ആസാദ് പറയുന്നു.

മാര്‍ച്ച് 24ാം തീയ്യതി എട്ടുമണിക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കൊറോണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. 22ന് നടത്തിയ ജനതാ കര്‍ഫ്യൂവിന്റെ അടുത്ത ഘട്ടമാണ് ഇതെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതോടെ രാജ്യത്തിന്റെ മെട്രോ നഗരങ്ങളിലും ഏകദേശം എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നഗരം വിട്ട് ഗ്രാമങ്ങളിലേക്ക് കാല്‍നടയായി യാത്ര ചെയ്യേണ്ടി വന്നു. ദിവസങ്ങളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ നടക്കേണ്ടിവന്ന ഇവര്‍ക്ക് പൊലീസ് മര്‍ദ്ദനവും നേരിടേണ്ടിവന്നു. സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തകരുടെയും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരുടെയും സഹായം മാത്രമാണ് ഇവര്‍ക്ക് ലഭ്യമായത്.

സാമൂഹ്യമാധ്യമങ്ങളില്‍ പ്രശ്‌നം ശക്തമായ രോഷമുയര്‍ത്തിയതോടെ ഗ്രാമങ്ങളിലേക്ക് നടന്നുപോകുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ബസ് സൗകര്യം ഏര്‍പ്പെടുത്താന്‍ ഭരണകൂടം നിര്‍ബന്ധിതമാകുകയായിരുന്നു.


Read More Related Articles