ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ കൂടതൽ തെളിവുകൾ

By on

തന്റെ ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നിയമിച്ചത് യോഗ്യതയുള്ളവരെ കിട്ടാത്തത് കൊണ്ടാണെന്ന മന്ത്രി കെ. ടി. ജലീലിന്റെ വാദങ്ങൾ പൊളിയുന്നു. ജനറല്‍മാനേജര്‍ തസ്തികയിലേക്ക് നടന്ന കൂടിക്കാഴ്ചയില്‍ ഏഴ് പേരായിരുന്നു പങ്കെടുത്തിരുന്നത്. ഇതില്‍ അഞ്ച് പേരും നിശ്ചിത യോഗ്യതയുള്ളവരും ഒരാള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിചെയ്യുന്നയാളുമായിരുന്നുവെന്നത് സംബന്ധിച്ച തെളിവുകൾ പുറത്ത് വന്നു. സർക്കാർ നിർദ്ദേശിച്ച എല്ലാ യോഗ്യതകളും അപേക്ഷകർക്ക് ഉണ്ടായിരിക്കെ തന്നെയാണ് ബന്ധുവിനെ നിയമിക്കാൻ അപേക്ഷകർക്ക് യോഗ്യത ഇല്ലെന്ന് പറഞ്ഞു അപേക്ഷകൾ തള്ളിയത്. പൊതുമേഖലാ സ്വകാര്യ ബാങ്കുകളിൽ ജോലി പരിചയം ഉള്ളവരും മതിയായ പ്രവർത്തി പരിചയം ഉള്ളവരുമായിരുന്നു അപേക്ഷകരിൽ 4 പേരും ഇവരെ തഴഞ്ഞാണ് ബന്ധുവിന് നിയമനം നൽകിയത്.

മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവായ കെ.ടി.അദീബിന് വിജ്ഞാപനത്തിൽ പറയുന്ന എംബിഎ ഇല്ല. മാത്രമല്ല അപേക്ഷ നൽകുന്ന സമയത്ത് സൗത്ത് ഇന്ത്യൻ ബാങ്കിലെ ബ്രാഞ്ച് മാനേജർ മാത്രമായിരുന്നു. പരിചയസമ്പന്നനായ ആളുടെ സേവനം കോർപറേഷന് ആവശ്യമായതിനാൽ, അപേക്ഷകരിൽ യോഗ്യതയുള്ള ഒരാളെ ബന്ധപ്പെട്ടു എന്നാണു മന്ത്രിയുടെ വിശദീകരണം.

ബന്ധുവിനെ നിയമിക്കാൻ കോർപറേഷനിൽ മനഃപൂർവം ഒഴിവുണ്ടാക്കുകയായിരുന്നു എന്ന വിവരവും പുറത്തുവന്നു. നേരത്തേ ഈ തസ്തികയിലുണ്ടായിരുന്ന വനിതാ വികസന കോർപറേഷനിലെ റീജനൽ മാനേജരെ മാതൃസ്ഥാപനത്തിലേക്കു തിരിച്ചയച്ചാണ് ഒഴിവുണ്ടാക്കിയെടുത്തത്. അദ്ദേഹത്തിന്റെ സേവനം ആവശ്യമാണെന്ന ഡയറക്ടർ ബോർഡിന്റെ ശുപാർശ തള്ളുകയായിരുന്നു. ഡപ്യൂട്ടേഷൻ കാലാവധി 5 വർഷം വരെ നീട്ടാമെന്നിരിക്കെയാണു പ്രവർത്തന പരിചയമുള്ള ആളെ ഒരു വർഷം കഴിഞ്ഞയുടനെ പറഞ്ഞുവിട്ടത്.


Read More Related Articles