ശ്രീജിവിന്‍റെ കസ്റ്റഡി കൊലപാതകത്തിന് അഞ്ച് വര്‍ഷം; തിരുവനന്തപുരത്ത് അനുസ്മരണയോഗം
ശ്രീജിവിന്‍റെ പൊലീസ് കസ്റ്റഡി കൊലപാതകത്തിന്‍റെ അഞ്ചാം വാർഷിക അനുസ്മരണം സെക്രട്ടറിയേറ്റിന് മുന്നിൽ നടന്നു. തിരുവനന്തപുരം പാറശാല സ്വദേശി ശ്രീജീവിനെ 2014 മെയ് 19ന് പാറശാല പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ക്രൂര മർദ്ദനത്തെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ 21ന് മരണപ്പെടുകയുമാണുണ്ടായത്. ശ്രീജീവിന്‍റെ നീതിക്കുവേണ്ടി സഹോദരൻ ശ്രീജിത്ത് കഴിഞ്ഞ നാലുവർഷമായി സെക്രട്ടറിയേറ്റ് പടിക്കൽ സമരത്തിലാണ്.
കൈവശം സൂക്ഷിച്ചിരുന്ന വിഷം കഴിച്ചാണ് ശ്രീജീവ് മരിച്ചത് എന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാൽ പോലീസിന്‍റെ ക്രൂരമർദ്ദനം മൂലമാണ് ശ്രീജീവ് കൊല്ലപ്പെട്ടതെന്ന് പോലീസ് കംപ്ലെയ്ന്‍റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംഭവത്തിൽ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാനും അദ്ദേഹം നിർദ്ദേശിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഒരു നടപടിയും സർക്കാർ കൈക്കൊണ്ടിട്ടില്ല.
നീണ്ടനാളത്തെ പോരാട്ടത്തിന്‍റെ ഭാഗമായി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുകയും സമരത്തിന് വലിയ രീതിയിലുള്ള ജനപിന്തുണയുള്ള സാഹചര്യത്തിൽ സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിക്കുകയും നിരാഹാരം അവസാനിപ്പിക്കാൻ ശ്രീജിത്തിനോട് ആവശ്യപ്പെടുകയും ചെയ്തു. ശേഷം സിബിഐ ഉദ്യോഗസ്ഥർ ആണെന്ന് പറഞ്ഞു പേരോ മറ്റ് ഔദ്യോഗിക വിവരങ്ങളോ വെളിപ്പെടുത്താതെ മൂന്നുപേർ സാധാരണ വേഷത്തിൽ തന്നെ സമീപിക്കുകയും അന്വേഷണം നടത്തുന്നുണ്ടെന്നും പറഞ്ഞുവെന്നും ശ്രീജിവിന്‍റെ സഹോദരന്‍ ശ്രീജിത് വെളിപ്പെടുത്തിയിരുന്നു. എന്നാൽ നാലു വർഷം പിന്നിട്ടിട്ടും ഒരിക്കൽ പോലും തന്നെ സമീപിക്കുകയോ മൊഴി എടുക്കുകയോ വിവരങ്ങൾ അറിയിക്കുകയോ ചെയ്തിട്ടില്ല എന്നും ശ്രീജിത് പറയുന്നു.
പോലീസ് ഒത്തുകളിക്കുകയാണ് എന്നാണ് ശ്രീജിത്ത് ആരോപിക്കുന്നത്. പോലീസ് കംപ്ളെയ്ന്‍റ് അതോറിറ്റി നിർദ്ദേശിച്ചപോലെ കൊലപാതകത്തിൽ ഉത്തരവാദികളായ പാറശ്ശാല സർക്കിൾ ഇൻസ്പെക്ടറായിരുന്ന ഗോപകുമാർ, എസ്.ഐ ഫിലിപ്പോസ്, കുറ്റകൃത്യത്തിന് കൂട്ടുനിന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രതാപചന്ദ്രൻ, എസ്.ഐ വിജയദാസ് എന്നിവരേയും, രേഖകൾ അട്ടിമറിച്ച പോലീസ് ഓഫീസർ ബിജുകുമാറിനെയും കൊലക്കുറ്റത്തിന് കേസെടുത്തു അറസ്റ്റ് ചെയ്യണമെന്നും പോലീസ് അതിക്രമത്തിൽ ഇരകളായ മുഴുവൻ ആളുകൾക്കും നീതി ലഭ്യമാക്കണമെന്നും അതിനു വേണ്ടിയുള്ള സമരത്തിൽ അതിൽ മുഴുവൻ ആളുകളും പങ്കാളികളാകണം എന്നും അനുശോചനയോഗത്തിൽ സഹോദരൻ ശ്രീജിത്ത് ആവശ്യപ്പെട്ടു.
തുടർന്ന് യോഗത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് പുരോഗമന യുവജനപ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി പി നഹാസ്, പൊലീസ് അതിക്രമങ്ങൾക്കെതിരായ വിദ്യാർത്ഥി- യുവജന കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ഹനീൻ, ബ്രിജേഷ്, ഷിബിൻ ഷാ എന്നിവർ സംസാരിച്ചു. ശ്രീജിത്തിന്‍റെ സുഹൃത്ത് മനു ഇമ്മാനുവൽ യോഗം സ്വാഗതം ചെയ്തു.