മോദിയുടെ ഭൂമിയിടപാടിനെക്കുറിച്ച് ഹര്‍ജി സമര്‍പ്പിച്ചയാളോട് വിശദീകരണം തേടി സുപ്രിം കോടതി രജിസ്ട്രി; ജഡ്ജിയുടെ ജോലി രജിസ്ട്രി എന്തിന് ചെയ്യുന്നുവെന്ന് ഹര്‍ജിക്കാരന്‍

By on

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ യഥാർത്ഥ സ്വത്ത് വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി മറച്ചുപിടിച്ചതിനെതിരെ സുപ്രിം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ച  മുന്‍ മാധ്യമപ്രവർത്തകനോട് ഇതിൽ മോദി എങ്ങനെ കക്ഷി ചേരും എന്ന് വിശദീകരിക്കണമെന്ന് സുപ്രിം കോടതി രജിസ്റ്റ്രി. ഏപ്രിൽ 15നാണ് സാകേത് ​ഗോഖലെ പൊതുതാൽപര്യ ഹർജി സമർപ്പിച്ചത്. ​

ഗുജറാത്ത് ​സർക്കാർ 1990ൽ നടപ്പിലാക്കിയ ഭൂവിതരണ നയത്തിലൂടെ നിയമനിർമാതാക്കൾക്ക് പൊതുഭൂമി തുച്ഛവിലയ്ക്ക് നൽകിയിരുന്നു. ​ഗാന്ധിന​ഗർ സിറ്റിയുടെ ഹൃദയഭാ​ഗത്ത് ഈ നയമനുസരിച്ച് സെക്ടർ 1ലെ പ്ലോട്ട് നമ്പർ 411 മോദിക്ക് 2002ൽ 13 ലക്ഷം രൂപയ്ക്ക് കിട്ടി എന്ന് സാകേത് ​ഗോഖലെയുടെ പരാതിയിൽ പറയുന്നു. 2007ൽ ​ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സത്യവാങ്മൂലത്തിൽ മോദി ഈ ഭൂമിയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിരുന്നു.

2000ൽ തന്നെ ​ഗുജറാത്ത് ഹെെക്കോടതി ഈ ഭൂനയത്തിൽ സ്വമേധയാ ഇടപെട്ടിരുന്നു. തുടർന്ന് സുപ്രിം കോടതിയും ​ഗുജറാത് സർക്കാരിന്റെ അനധികൃത ഭൂവിതരണത്തിനെതിരെ വിധി പ്രഖ്യാപിച്ചു. ഹെെക്കോടതിയുടെ അനുമതിയില്ലാതെ ഇത്തരത്തിൽ പലരും കെെപ്പറ്റിയ ഭൂമി കെെമാറ്റം ചെയ്യരുതെന്നും കോടതി പറഞ്ഞിരുന്നു. സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക മീനാക്ഷി ലേഖി 2000ന് ശേഷം ഭൂവിതരണം നടന്നിട്ടില്ല എന്നും നയം പുനപരിശോധിക്കപ്പെട്ടിട്ടുണ്ട് എന്നും കോടതിയോട് പറഞ്ഞു. എന്നാൽ മോദിക്ക് ഭൂമി ലഭിച്ചത് 2002ലാണ് എന്ന് സാകേത് ​ഗോഖലെ ചൂണ്ടിക്കാണിക്കുന്നു.

2014 ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രിയായ ശേഷമുള്ള സ്വത്തുവിവര കണക്കുകളിലും മോദി ഈ ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ ഒഴിവാക്കി എന്നും സാകേത് ​ഗോഖലെയുടെ പൊതുതാൽപര്യ ഹർജിയിൽ പറയുന്നുണ്ട്. പ്ലോട് നമ്പർ 401/എ സത്യവാങ്മൂലത്തിൽ സ്വത്ത് വിവരമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അങ്ങനെയൊരു ഭൂമി ഇല്ലെന്നും സാകേത് ​ഗോഖലെ ഹർജിയിൽ ചൂണ്ടിക്കാട്ടി. പൊതുവിവര രേഖകളിൽ പ്ലോട്ട് നമ്പർ 411 ഇപ്പോഴും മറ്റനേകം ബിജെപി നേതാക്കളുടെ പേരിൽ ​ഗാന്ധിന​ഗറിലുള്ള പ്രധാനസ്ഥലങ്ങൾക്കൊപ്പം മോദിയുടെ പേരിൽ തന്നെ തുടരുകയാണെന്നും സാകേത് ​ഗോഖലെ പറയുന്നു.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) അനുസരിച്ച് സ്ഥാനാർത്ഥിയെക്കുറിച്ച് ജനങ്ങൾക്ക് അറിയാനുള്ള അവകാശത്തെയാണ് മോദിയുടെ വ്യാജ സത്യവാങ്മൂലം ലംഘിക്കുന്നത്. ഈ കേസിൽ ഒരു റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും സാകേത് ​ഗോഖലെ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

പിയുസിഎൽ, എഡിആർ, ലോക് പ്രഹരി കേസുകളിലെ സുപ്രിം കോടതി വിധികൾ അനുസരിച്ച് ഇത്തരത്തിൽ സ്വത്ത് വിവരങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരു ജനപ്രതിനിധി വിവരങ്ങൾ മറച്ചുപിടിക്കുന്നത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 123(2) വകുപ്പിന്റെ ലംഘനമാണെന്നും സാകേത് ​ഗോഖലെ ഹർജിയിൽ പറയുന്നു.

ഈ ഹർജിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ട് ഈ ഹർജിയോട് പ്രതികരിക്കണം എന്ന വിശദീകരണമാണ് സാകേത് ​ഗോഖലെയോട് സുപ്രിം കോടതി രജിസ്ട്രി ആവശ്യപ്പെട്ടത്.

“പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തന്റെ സത്യവാങ്മൂലത്തിൽ നുണ പറഞ്ഞിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഭൂസ്വത്തിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുപിടിച്ചത്. പൊതുരേഖകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപരമായ ഭൂസ്വത്ത് വിവരങ്ങൾ അവ്യക്തവും പിന്തുടരാൻ കഴിയാത്തതുമായി ഉള്ളത്. പക്ഷേ അപ്പോഴും എന്തുകൊണ്ട് മോദി ഇതിൽ കക്ഷി ചേരണം എന്ന് എന്നോട് വിശദീകരണം ചോദിക്കുകയാണ് കോടതി ചെയ്യുന്നത്. കുറ്റവും നിരപരാധിത്വവും എന്താണ് എന്ന് തീരുമാനിക്കാനുള്ള അധികാരം ബഹുമാനപ്പെട്ട ജഡ്ജികൾക്കാണ്. വിചാരണയ്ക്കായി ഒരു ഹർജി ലിസ്റ്റ് ചെയ്യേണ്ട ചുമതലയുള്ളവരാണ് എന്റെ പൊതുതാൽപര്യ ഹർജിയുടെ സാധുതയെ ചോദ്യം ചെയ്തിരിക്കുന്നത്. ഇതൊരു ദുഷ്കരമായ യുദ്ധമായിരിക്കും എന്നെനിക്കറിയാം. പുതിയ ഇന്ത്യയിൽ ഇതെങ്ങനെയാണ് എന്ന് ഞാൻ മനസ്സിലാക്കി വരികയാണ്. പോരാട്ടം തുടരുക തന്നെ ചെയ്യും, എത്ര ശ്രമിച്ചാലും ഇതിൽ നിന്നും മോദിക്ക് രക്ഷപ്പെടാൻ കഴിയില്ല.” സാകേത് ​ഗോഖലെ പറയുന്നു.


Read More Related Articles