കിളിനക്കോട് സംഭവിച്ചതെന്തെന്ന് വിശദീകരിച്ച് പെൺകുട്ടികൾ; രാഷ്ട്രീയ നേതാവ് പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ

By on

മലപ്പുറം കിളിനക്കോട് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ സദാചാര പൊലീസിം​ഗിന് ഇരയായതിനെ തുടർ‌ന്ന് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചുകൊണ്ട് വിഡിയോ എടുക്കാനിടയായ സാഹചര്യം വിശദീകരിച്ച് പെൺകുട്ടികൾ. വിവാഹ ചടങ്ങ് കഴിഞ്ഞ് തിരികെ പോവുന്നതിനിടയിൽ രാഷ്ട്രീയ നേതാവ് വഴിയിൽ വച്ച് അക്രമാസക്തമായ വാക്കുകൾ കൊണ്ട് ഭയപ്പെടുത്തിയെന്നും ബസ് കിട്ടാതെ പരിഭ്രാന്തരായി നടന്നപ്പോൾ പിന്തുടർന്നെത്തി ഭീഷണിപ്പെടുത്തിയെന്നും കുട്ടികൾ വെളിപ്പെടുത്തുന്നു. ഇനിയും തങ്ങളുടെ വിഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി എടുക്കുമെന്നും പെൺകുട്ടികൾ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയിലുള്ള പെൺകുട്ടികളാണ് ഞങ്ങളെന്നും. വിഡിയോയുടെ പേരിൽ വൻ അക്രമമാണ് സമൂഹമാധ്യമങ്ങളിലൂടെ നേരിടുന്നതെന്നും പ്രാദേശിക ചാനലായ സിറ്റിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ പെൺകുട്ടികൾ പറയുന്നു. തങ്ങൾക്കെതിരെ സദാചാര ആക്രമണം നടത്തുകയും വോയ്സ് ക്ലിപ്പ് പ്രചരിപ്പിക്കുകയും ചെയ്ത പ്രാദേശിക രാഷ്ട്രീയ നേതാവാണ് തങ്ങളെ പിന്തുടർന്നതെന്നും വിഡിയോ പകർത്താൻ ശ്രമിച്ചതെന്നും പെൺകുട്ടികൾ പറയുന്നു. സഹപാഠികൾ മാത്രമുള്ള വാട്സാപ്പ് ​ഗ്രൂപ്പിലാണ് തങ്ങൾ വിഡിയോ അയച്ചതെന്നും പെൺകുട്ടികൾ വെളിപ്പെടുത്തി. ആ ദിവസത്തെപ്പറ്റി അവർ പറയുന്നു.

”സത്യാവസ്ഥ മനസിലാക്കാതെ ഞങ്ങളുടെ ജീവിതത്തെയും ഭാവിയെയും ബാധിക്കുന്ന തരത്തിൽ ഒരുപാട് ആളുകൾ കമന്റ് ചെയ്യുകയും ചെയ്തു. വിഡിയോയുടെ പേരിൽ ഒരുപാട് വയലൻസുണ്ടായി.നിങ്ങളുടെ ഫോണുകളിലുള്ള വിഡിയോ ഡിലീറ്റ് ചെയ്യണമെന്നും ഇനി ആ വിഡിയോ പ്രചരിപ്പിക്കരുത് എന്ന് പറയാനും സംഭവത്തിന്റെ സത്യാവസ്ഥ പറയാനുമാണ് ഞങ്ങൾ വന്നിരിക്കുന്നത്. എന്തുകൊണ്ടാണ് ആ വിഡിയോ ഞങ്ങളെടുത്തത് എന്നതിന് തക്കതായ കാരണം കൂടി പറയാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. പതിനാറാം തീയതി ഞായറാഴ്ച ഞങ്ങളുടെ ഫ്രണ്ടിന്റെ കല്യാണത്തിന് വേണ്ടിയിട്ട്, വേങ്ങര പഞ്ചായത്തിലുള്ള കിളിനക്കോട് എന്ന സ്ഥലത്ത് പോയതായിരുന്നു. അത് ഒരു ​ഗ്രാമ ഏരിയ ആയിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് അവിടെ എത്തി. കല്യാണവീട്ടിൽ നിന്നും ഭക്ഷണമൊക്കെ കഴിച്ചു. ഞങ്ങളുടെ കൂടെ 12 ​ഗേൾസും നാല് ബോയ്സും ഉണ്ടായിരുന്നു. ഈ ഓഡിയോ ക്ലിപ്പിലൊക്കെ നിങ്ങൾ കേട്ടുകാണും, ഏതോ പുൽമേട്ടിലൊക്കെ പോയി ​ഗണേശനെയും സുമേഷിനെയും കെട്ടിപ്പിടിച്ചു എന്നൊക്കെ പറഞ്ഞ് ഭയങ്കര വൾ​ഗറായ ഓഡിയോ കേട്ടുകാണും. അതൊന്നുമല്ല സത്യാവസ്ഥ. ഞങ്ങൾക്കൊപ്പം നാല് ബോയ്സ് ഉണ്ട്. അതിൽ ഒരു കുട്ടി ഉണ്ട് ഹിന്ദു സമുദായത്തിലെ. ബാക്കി മൂന്ന് പേരും മുസ്ലിം സമുദായക്കാരായിരുന്നു. ഈ പറയപ്പെട്ടതൊന്നും അല്ല അവരുടെ പേരുകൾ.

ഞങ്ങൾ പോയി എല്ലാവരും കൂടെ പുതിയ പെണ്ണിന്റെ കൂടെ ഒരു ​ഗ്രൂപ് സെൽഫിയെടുത്തു. ഇതാണ് ഈ ഇഷ്യൂനൊക്കെ കാരണം എന്നാണ് ആ ഓഡിയോയിൽ പറയുന്നത്. സെൽഫിയെടുത്ത ശേഷം ബസ്റ്റോപ്പിലേക്ക് നടന്നു പോവുകയായിരുന്നു. അതിനിടയിൽ ഈ ഓഡിയോ ക്ലിപ്പിട്ട ഈ രാഷ്ട്രീയ നേതാവ് ഞങ്ങൾ വരുന്നത് കണ്ടിട്ട് ഷൗട്ട് ചെയ്യുന്നത് പോലെ പറഞ്ഞു, കല്യാണത്തിന് വന്നിട്ട് എന്താ ഇങ്ങനെ നടക്കുന്നത്, കല്യാണത്തിന് വന്നാൽ ഫൂഡ് കഴിച്ച് പോവുകയാ ചെയ്യേണ്ടത്, അല്ലാതെ ഇങ്ങനെ തെണ്ടിത്തിരിഞ്ഞ് നടക്കുകയല്ല, ഞങ്ങളുടെ തന്തേം തള്ളേനേക്കെ ഉച്ചരിച്ചിട്ട്, അവരിങ്ങനെ കയറൂരി വിട്ടേക്കുകയാണോ എന്നൊക്കെ ചോദിച്ചിട്ട് ഭയങ്കര വൾ​ഗറായിട്ട് ഭയങ്കര മോശായിട്ട് കമന്റ് ചെയ്തു. ബോയ്‌സൊക്കെ അപ്പ തന്നെ ബൈക്കിൽ പോയി. ഞങ്ങൾ നടന്ന് പോവുന്നേന്റിടേലാണ് ഇയാളിങ്ങനെ കമന്റ് പറയുന്നത്. ‘നിങ്ങൾ സ്പെഷൽ ക്ലാസ് അത് ഇത് എന്നൊക്കെ പറഞ്ഞ് വീട്ടിന്ന് ഇറങ്ങും എന്നിട്ട് ഒരു എട്ട് മണി ഒൻപത് മണിയൊക്കെ ആയിട്ട് കേറിച്ചെന്നാ മതിയല്ലോ’ എന്നൊക്കെ ഭയങ്കരമായിട്ട് ഹരാസ് ചെയ്യുന്ന രീതിയിൽ കമന്റ് ചെയ്തു. ഇതിന് ഞങ്ങൾ തിരിച്ച് കമന്റ് ചെയ്യാനൊന്നും പോയിട്ടില്ല. ഇയാളിത് കുറച്ച് ദൂരെ നിന്നിട്ടാ പറഞ്ഞത്. ഞങ്ങള് സ്പീഡിൽ അയാളെ ക്രോസ് ചെയ്ത് നടന്ന് പോയി. ഞങ്ങള് അയാളുടെ അടുത്തെത്തിയപ്പോ അയാൾ പറഞ്ഞു, ‘നിങ്ങള് കുറച്ച് പെൺകുട്ടികള് കുറച്ച് ബാ​ഗും ഫോണുമൊക്കെയായിട്ട് ഇറങ്ങിയാൽ മതി, വീ‌ട്ടുകാരൊന്നും അറിയില്ലേ, നിങ്ങളിങ്ങനെ കയറൂരി വിട്ടപോലെ നടക്കുകയാണോ’ എന്ന് ചോദിച്ച് അയാൾ പിന്നേം ഞങ്ങളോട് സംസാരിച്ചു. അപ്പോഴും ഞങ്ങൾ മൈൻഡ് ചെയ്യാനൊന്നും പോയിട്ടില്ല. സത്യം പറ‍ഞ്ഞാ ഞങ്ങൾക്ക് മാനസികായിട്ട് സങ്കടായി. ഒരു നാട്ടില് ഞങ്ങൾ ചെന്നതാണ് അപ്പോ നാട്ടിലെ ആളുകള് ഇങ്ങനെയാണോ സംസാരിക്കുക, അവിട്ക്ക് വന്ന ആളുകളോട് ഇങ്ങനെ ബി​ഹേവ് ചെയ്തപ്പോ അതൊക്കെ ആലോചിച്ചപ്പോ ഞങ്ങൾക്ക് മോശം ഫീല് ചെയ്തു.

ഞങ്ങൾ നടന്ന് ബസ് സ്റ്റോപ്പിലെത്തി. കല്യാണ വീട്ടിന്ന് കുറച്ച് നടക്കാനുണ്ട്. ബസ് സ്റ്റോപ്പിലെത്തി അവിടെ നിക്കുന്നേന്റെ‌ടേല് ചെക്കൻമാരൊക്കെ ഇരിക്കുന്ന ആയൊണ്ട്, ഇനിയിപ്പോ അയാള് അത് കണ്ട് സീനീക്കണ്ടാന്ന് വച്ചിട്ട് ഞങ്ങൾ കുറച്ച് അവിടെ നിന്ന് മാറി നിന്നു. ബസ് സ്റ്റോപ്പില് വെയ്റ്റ് ചെയ്ത് നിന്നപ്പോ അവിടെ രണ്ട് മൂന്ന് താത്തമാര് ഉണ്ടായിരുന്നു. അതാ നാട്ടില് ഉള്ള ആൾക്കാര് തന്നെ. അവര് പറഞ്ഞു രണ്ടേമുക്കാലിന് ബസ് ഉണ്ടെന്ന്. അത്രേം സമയം ഞങ്ങൾ അവിടെ വെയ്റ്റ് ചെയ്തു. രണ്ടേ ഇരുപത് ഒക്കെയായപ്പോ ഞങ്ങൾ ആ സ്റ്റോപ്പിലെത്തി രണ്ടേ അൻപത് വരെയൊക്കെ അവിടെ വെയ്റ്റ് ചെയ്തു. അപ്പോ പിന്നെ പറഞ്ഞ് ഇനി ബസുണ്ടാവില്ല, ഇത്രേ സയം ആയില്ലേ ബസ് പോണ സമയം ഒക്കെ ആയീന്ന് പറഞ്ഞു. ബസില്ലാന്ന് പറഞ്ഞപ്പോ ഇനി എന്താ ചെയ്യാന്നും അറിയില്ല, കാശൊന്നും ഞങ്ങളുടെ അടുത്ത് ഇല്ലായിരുന്നു വണ്ടിയൊക്കെ വിളിച്ച് പോവാനായിട്ട്. പിന്നെ ഓട്ടോ കിട്ടി എങ്ങനെങ്കിലും പോവാന്നുള്ള രീതില് നോക്കിയപ്പോ ആ റോട്ടിലൂടെ അങ്ങനെ ഓട്ടോ ഒന്നും വരില്ല. ലോറിയൊക്കെ പോണ ഒരു എരിയയാണ്. അങ്ങനെ എന്താ ചെയ്യണ്ടേന്നുള്ള രീതില് ഇങ്ങനെ പരുങ്ങി നിൽക്കുമ്പോ കുറച്ച് കൂട്ടികള് പോയി, അപ്പോ അവരോട് ഇങ്ങനെ ചോദിച്ച് ബസില്ലല്ലോ എന്താ ചെയ്യണേന്ന്. അപ്പോ അവര് നടന്ന് പോവാണെന്ന് പറഞ്ഞു. അപ്പോ ഞങ്ങള് അവരെ പുറകേയായിട്ട് പോയി. അവര് പോണപോലെ പോയാൽ എവിടെങ്കിലും എത്താല്ലോ എന്ന് കരുതിയിട്ട്. അപ്പോ അവര് പറഞ്ഞു ഇവിടെ ഒരു ഓട്ടോ സ്റ്റാൻഡ് ഉണ്ട് അവിടെ നിന്ന് ഓട്ടോ പിടിച്ച് പോയാ മതീന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ ഓട്ടോ സ്റ്റാൻഡിലേക്ക് നടന്ന് പോയി. ഓട്ടോ സ്റ്റാൻഡ് എന്ന് പറഞ്ഞ സ്ഥലത്തെത്തി. അവിടെ ഒരു ഓട്ടോ നിർത്തിയിട്ടിരുന്നു. ആ കുട്ടികള് ആ ഓട്ടോല് കേറി പോയി. പിന്നെ വേറെ വണ്ടി ഒന്നുമില്ല ഇനിയിപ്പോ ഓട്ടോ വരുവോ എന്ന് ഇങ്ങനെ കൺഫ്യൂസ്ഡ് ആയി നിക്കണ സമയത്ത് വീണ്ടും ആ ആള്, ആ രാഷ്ട്രീയ നേതാവ് എന്ന് പറഞ്ഞ ആള്, ഈ വോയ്സ് ക്ലിപ്പ് ഇട്ട ആള് ഞങ്ങളെ ഫോളോ ചെയ്ത് വീണ്ടും അവിടെ എത്തി. ഞങ്ങളുടെ അടുത്ത് വന്നിട്ട് ‘നിങ്ങള് ഇതുവരെ പോയില്ലേ, നിങ്ങക്കിപ്പഴും വീട്ടിലൊന്നും പോവാറായില്ലേ, ഇവിടെ ഇങ്ങനെ കറങ്ങി നടക്കാണോ’ എന്ന് വീണ്ടും അയാള് മോശായിട്ട് കമന്റ് ചെയ്യേം കൂടാതെ ഞങ്ങള് ​ഗേൾ‌സിന്റെ വിഡിയോ എടുക്കാൻ ശ്രമിച്ച്. ഫോണെടുത്തിട്ട് വിഡിയോയും ഫോട്ടോയും എടുക്കാൻ തുടങ്ങിയിട്ട് അയാൾ പറഞ്ഞു, ‘ഇതൊക്കെ നിങ്ങടെ നാട്ടിലെത്തിച്ച് തരാം, നിങ്ങളെ നാറ്റിച്ച് തരാം’ എന്നൊക്കെ പറഞ്ഞു. ഞങ്ങൾ പേടിച്ചു. ഞങ്ങൾ പെട്ടെന്ന് അവിടെ നിന്ന് പോയി. അങ്ങനെ നടന്ന് പോയേന്റെടേല് നാടിനെക്കുറിച്ചൊക്കെ ഞങ്ങൾ പറഞ്ഞു. എന്ത് നാടാണിത് എന്നൊക്കെ.

ഫസ്റ്റ് ഇയർ വിദ്യാർത്ഥികളാണ് ഞങ്ങൾ. ഞങ്ങൾ ഫ്രണ്ട്സിന്റെ ഇടയില് ചെയ്ത ഇത്രയും കോമഡിയായിട്ടുള്ള ഒരു കാര്യം സോഷ്യൽ മീഡിയയിലൊക്കെ ഇട്ട് ഞങ്ങളെ ഫാമിലീനേം, നീതി നടപ്പാക്കുന്ന രീതിയിൽ മൃ​ഗീയമായി ആക്രമിക്കുകയാണ് ചെയ്തത്. ഇപ്പോ ശരിക്കും ഞങ്ങൾക്ക് മാനസികായിട്ട് ഒരുപാട് വിഷമങ്ങളുണ്ട്. ഇങ്ങളെപ്പോലെ ഫാമിലീം ഇങ്ങളെപ്പോലെ നാട്ടുകാരും വീട്ടുകാരും വികാരങ്ങളൊക്കെയുള്ള മനുഷ്യമ്മാര് തന്നെയാണ് നമ്മളും. സത്യാവസ്ഥ അന്വേഷിക്കാതെ, സത്യം എന്തെന്ന് ചിന്തിക്കപോലും ചെയ്യാതെ നമ്മക്ക് എതിരെയായിട്ട് കമന്റ്സിടുകേം, നമ്മളെ മാത്രല്ല വീട്ടുകാരേം കൂട്ട്കുടുംബത്തേയും ഒക്കെ വളരെ ചീപ്പായിട്ട് അവഹേളിക്കേ ഒക്കെ ചെയ്ത്. ഇതിന്റെ സത്യാവസ്ഥ എല്ലാവരും മനസിലാക്കണം. നിങ്ങള് മാക്സിമം നിങ്ങളുടെ കൈയ്യിലൊക്കെ ഉളള വിഡിയോസൊക്കെ ഡിലീറ്റ് ചെയ്യ, ഇനി ഷെയറ് ചെയ്യാതിരിക്കുക. ഞങ്ങളുടെ ഭാ​ഗത്തു നിന്നും കൂടി നങ്ങൾ ചിന്തിച്ച് നോക്കുക. നാടിനെ അവഹേളിച്ചതാരാന്ന് ഈ വിഡിയോ പോസ്റ്റ് ചെയ്ത ആൾക്കാര് ഒന്ന് ആലോചിക്കുക. നാടിനെ അവഹേളിക്കാനായിരുന്നെങ്കിൽ ഞങ്ങൾക്ക് ആ വിഡിയോ എഫ് ബിയിൽ ഇട്ടാൽ മതിയാരുന്നു. ഞങ്ങളല്ല അത് ചെയ്തത്. നിങ്ങളന്നെ ആ വിഡിയോ പോസ്റ്റ് ചെയ്തു. നിങ്ങളന്നെ എഫ്ബിയിൽ ഇട്ടു, നിങ്ങളെ നാടിനെ നിങ്ങളന്നെയാണ് പറയിപ്പിച്ചത്. സെൻസുണ്ടായിരുന്നെങ്കിൽ ആ വിഡിയോ നിങ്ങൾ പോസ്റ്റ് ചെയ്യില്ലായിരുന്നു. മാക്സിമം ആ വിഡിയോ ഡിലീറ്റ് ചെയ്യുക ഷെയർ ചെയ്യാതിരിക്കുക”.


Read More Related Articles