#ഗോ ബാക് മോദി; എയിംസ് ആശുപത്രിയുടെ തറക്കല്ലിടലിനായി തമിഴ് നാട്ടിലെത്തുന്ന മോദിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം
ചെന്നൈ : എയിംസ് ആശുപത്രിക്ക് തറക്കല്ലിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ് നാട്ടിൽ എത്തുമ്പോൾ സമൂഹമാധ്യമങ്ങളിലൂടെ മോദിക്കെതിരെ കടുത്ത ഭാഷയിൽ വിമര്‍ശനം ഉയരുന്നു. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ മോദിയുടെ തമിഴ്നാട് സന്ദർശനത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് . രാവിലെ 11.30നാണ് മോദി മധുരയിൽ എത്തിയത്. മോദിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടന്നിരുന്നു.
ഗജ ചുഴലിക്കാറ്റ് നാശം വിതച്ച തമിഴ്നാട്ടിലെ ജില്ലകള്‍ സന്ദര്‍ശിക്കാന്‍ മോദി എത്താതിരുന്നതാണ് ഇത്തരത്തിലൊരു പ്രതിഷേധത്തിന്റെ കാരണം. മൂന്നു ലക്ഷത്തിലധികം ആളുകളെയാണ് ഗജ വീടില്ലാത്തവരാക്കി തീര്‍ത്തത്. നിരവധി പേരുടെ തൊഴിൽ നഷ്ടപ്പെടുകയും തമിഴ് നാടിന്റെ വിവിധ ഭാഗങ്ങളിലെ ജന ജീവിതവും ചുഴലിക്കാറ്റിൽ താറുമാറായിരുന്നു. ഇത്തരത്തിൽ വലിയൊരു ദുരന്തം സംസ്ഥാനം നേരിട്ടുപ്പോഴും സന്ദർശനത്തിനെത്താതിരുന്ന പ്രധാനമന്ത്രി ഇപ്പോൾ വരേണ്ടതില്ലായെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.