ലൈംഗികാതിക്രമം; 48 ജീവനക്കാരെ ഗൂഗിൾ പുറത്താക്കി
ലൈംഗികാതിക്രമ പരാതികളെത്തുടർന്ന് ഗൂഗിൾ പുറത്താക്കിയത് 13 മുതിർന്ന ഉദ്യോഗസ്ഥർ അടക്കം 48 ജീവനക്കാരെയാണെന്ന് ഗൂഗിൾ സി.ഇ.ഓ. സുന്ദർ പിച്ചൈ. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും അപമര്യാദയായി പെരുമാറുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ജീവനക്കാർക്കയച്ച കത്തിൽ സുന്ദർ പിച്ചൈ പറയുന്നു.
ലഭിക്കുന്ന പരാതികൾ കൃത്യമായി അന്വേഷിക്കുകയും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പുവരുത്തുന്നതിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അദ്ദേഹം ജീവനക്കാർക്ക് ഉറപ്പു നൽകി.
2004ൽ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് ഗൂഗിളിൽ നിന്ന് പുറത്താക്കിയ ആൻഡ്രോയ്ഡ് ഉപജ്ഞാതാവായ ആൻഡി റൂബന് 90 മില്ല്യൺ ഡോളർ നഷ്ടപരിഹാരം നൽകിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. നഷ്ടപരിഹാരം നൽകിയ സമാനമായ മറ്റു രണ്ട് സംഭവങ്ങളും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഗൂഗിൾ നിലപാട് വ്യക്തമാക്കിയത്. ന്യൂയോർക്ക് ടൈംസിന്‍റെ പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ വിപണി മൂല്യത്തില്‍ മൂന്ന് ശതമാനംവരെ ഇടിവ് സംഭവിച്ചു.