ജാതിയധിക്ഷേപത്തിൽ മനം നൊന്ത് ആദിവാസി ഡോക്റ്ററുടെ ആത്മഹത്യ; ബിവൈഎൽ നായർ ആശുപത്രിയിലെ മൂന്ന് വനിതാ ഡോക്റ്റർമാരും അറസ്റ്റിൽ

By on

നിരന്തരമായുള്ള ജാതീയ അധിക്ഷേപം സഹിക്കാതെ ആദിവാസി-മുസ്ലിം വിഭാ​ഗക്കാരിയായ ഡോക്റ്റർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകരായ മൂന്ന് വനിതാ ഡോക്റ്റർമാരും അറസ്റ്റിലായി. ബി വൈ എൽ നായർ ആശുപത്രിയിലെ പിജി ​ഗൈനക്കോളജി വിദ്യാർത്ഥിയായിരുന്ന പായൽ തദ്വിയുടെ ആത്മഹത്യക്ക് ശേഷം ഒളിവിലായിരുന്ന ഡോക്റ്റർമാരാണ് അറസ്റ്റിലായത്. കേസിലെ പ്രതിയും സീനിയർ ഡോക്റ്ററുമായ ഭക്തി മെഹറെയെ അ​ഗ്രിപാദ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ചയാണ് ഒളിവിലായിരുന്ന മറ്റ് പ്രതികൾ ഡോക്റ്റർമാരായ ഹേമ അഹുജ, അങ്കിത ഖണ്ടേവാല്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാ​ഗങ്ങൾക്കെതിരായ അക്രമം , ആത്മഹത്യാ പ്രേരണ, മഹാരാഷ്ട്ര റാഗിങ് നിരോധന നിയമം, 1999 തുടങ്ങിയ വകുപ്പുകളിലാണ് ഇവരെ അറസ്റ്റു ചെയ്തത്. 23 വയസുകാരിയായ തദ്വിയെ മെയ് 22 നാണ് സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പായല്‍ തദ്വിയുടെ മാതാവ് ആബിദ സലിം

ആത്മഹത്യയ്ക്ക് മുൻപ് തന്നെ മൂന്ന് സീനിയർമാർ തനിക്കെതിരെ നടത്തിയ അധിക്ഷേപത്തെക്കുറിച്ച് തദ്വി ആശുപത്രി അധിക‌ൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടി എടുക്കാൻ അവർ തയ്യാറായില്ല. ഇത്തരമൊരു പരാതി ലഭിച്ചില്ലെന്ന നിലപാടായിരുന്നു ആശുപത്രി ഡീൻ രമേഷ് ഭർമൽ എടുത്തത്. സീനിയര്‍ ഡോക്ടര്‍മാര്‍ നിരന്തരം ജാത്യധിക്ഷേപം നടത്തിയതിനെത്തുടര്‍ന്നാണു തന്‍റെ മകള്‍ ആത്മഹത്യ ചെയ്തതെന്ന് തദ്വിയുടെ അമ്മ ആബെദ സലീമും ആരോപിച്ചിരുന്നു.

തദ്വി ഭീല്‍ സമുദായത്തിലെ അം​ഗമായ പായൽ തദ്വി കുടംബത്തിൽ നിന്നും ആദ്യമായി മെഡിക്കൽ വിദ്യാഭ്യാസം ചെയ്യുന്ന ആളാണ്. തനിക്കെതിരായി സഹപ്രവർത്തകർ നടത്തിയിരുന്ന ഉപദ്രവങ്ങളെക്കുറിച്ച് തദ്വി അമ്മയോട് നിരന്തരം പറയുമായിരുന്നു. തദ്വിയ്ക്കെതിരായ പീഡനങ്ങളെക്കുറിച്ച് ഭര്‍ത്താവ് ഡോക്റ്റര്‍ സല്‍മാനും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ രോ​ഗികളെ നോക്കാൻ നിർബന്ധിച്ച് അയക്കുക, കുളിക്കാൻ വെള്ളം നൽകാതിരിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ സഹപ്രവർത്തകർ ചെയ്യുമായിരുന്നു തുടങ്ങിയ പീഡനങ്ങളെക്കുറിച്ച് തദ്വി വെളിപ്പെടുത്തിയിരുന്നു എന്നും തദ്വിയുടെ പിതാവിന്‍റെ സഹോദരി ഹസീന തദ്വി പറഞ്ഞിരുന്നു.


Read More Related Articles