മുസ്ലിമിന്‍റെ പശ്ചാത്തല സംഗീതം; ഒരു സംസ്കാരം ഭൈരവിയിൽ തളയ്ക്കപ്പെട്ടതെങ്ങനെ?
മലയാള സിനിമയിൽ പണ്ട് തൊട്ടേ ഉള്ളതാണ് മുസ്ലിം കഥാ പാത്രങ്ങളെ കാണിക്കുബോൾ ഗിറ്റാറിലോ , ബാഞ്ചോയിലോ ഭൈരവി രാഗം വായിച്ചുള്ള പാശ്ചാത്തല സംഗീതം , മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആവർത്തിക്കപ്പെട്ട പശ്ചാത്തല സംഗീതവും അതാവും . ബ്ളാക്ക് ആൻഡ് വൈറ്റ് സിനിമകൾ തൊട്ടുള്ള പ്രവണതയാണ് ഇത് . ആരാണ് ഇവരോട് പറഞ്ഞത് ആവോ ഭൈരവി രാഗത്തിലാണ് മുസ്ലിം പാശ്ചാത്തലം സഞ്ചരിക്കുന്നതെന്ന് ?!! ഗണ്യമായ രീതിയിൽ മാപ്പിളപ്പാട്ടുകൾ ഭൈരവിയിൽ വന്നതാവാം അതിനൊരു കാരണം . അവിടെയാണ് ഉസ്താദ് നുസ്രത്ത് ഫത്തഹ് അലി ഖാൻ മുസ്ലിം ആത്മീയ ബോധത്തിന്‍റെ സംഗീതവും സാമൂഹിക ജീവിതത്തിന്‍റെ സംഗീതവും അടിമുടി മാറ്റി മറിക്കുന്നത് .
ഭൈരവിയിൽ മാത്രം ഒതുങ്ങുന്ന പാശ്ചാത്തല സംഗീതം മുസ്ലിം സാമൂഹിക ജീവിതത്തെയും സാംസ്കാരിക മേഖലയെയും പാർശ്വവൽക്കരിച്ചു എന്നതാണ് ഒരു സത്യം . അവിടെ അതി വിശാലമാണ് പാകിസ്ഥാനി സംഗീതജ്ഞനും ഖവ്വാലി ഇതിഹാസവുമായ ഉസ്താദ് നുസ്രത്ത് ഫത്തഹ് അലിഖാൻ . ‘സ്വരരാഗ ഗംഗാ പ്രവാഹമേ’ എന്ന ഗാനം പിറന്ന , ‘ഹിമഗിരി തലയെ’ എന്ന കീർത്തനം പിറന്ന രാഗമായ ‘ ശുദ്ധ ധന്യാസിയിൽ ‘ ഒരു മുസ്ലിം ഭക്തി ഗാനം ഒരുക്കി വിജയിപ്പിക്കൽ ഇവിടെയുള്ള ഒരു സംഗീത സംവിധായരെ സംബന്ധിച്ചു അതീവ ബുദ്ധിമിട്ടുള്ള കാര്യമാണ് , അങ്ങിനെ ശ്രമിച്ച പലരും പരാജയപ്പെട്ടിട്ടുണ്ട് അവിടെയാണ് ഉസ്താദ് ‘ റുഹ് പെ റഹ്മത്ത്ക്കാ ജൂമർ സജായെ കംലി വാലി കി മെഹ്ഫിൽ സജി ഹെ ‘ എന്ന പ്രവാചക പ്രക്രീർത്തനം നിറഞ്ഞ ഖവ്വാലി, ശുദ്ധ ധന്യാസി രാഗത്തിൽ ചിട്ടപ്പെടുത്തുന്നത് . പതിനായിരങ്ങൾ തിങ്ങി നിറഞ്ഞ വേദിയിൽ ഉസ്താദ് പാടി അനശ്വരമാക്കിയ ആ ഖവ്വാലി, റാഹത്ത് ഫത്തഹ് അലിഖാൻ പാടുബോഴും ‘ ഹുബു റസൂലിന്‍റെ ‘ സുഗന്ധം വീശിയടിക്കും , ശ്രോതാക്കൾ ഉന്മാദ ലഹരിയിൽ അതിൽ ലയിച്ചു പോകും , അത്രക്ക് മനോഹരമാണ് ആ ഖവ്വാലി . പ്രവാചകന്‍റെ നൂറിന്‍റെ ഉത്ഭവം തൊട്ട് കർബ്ബലയിലെ ഹുസൈൻ ( റ ) ന്‍റെ രക്തസാക്ഷിത്വം വരെ അതിൽ വിപ്ലവം എന്നോണം ജ്വലിച്ചു നില്‍ക്കുന്നു. അതായത് ഒരേ സമയം തികഞ്ഞ ആത്മീയ സംഗീതത്തിന്‍റെ നിഗൂഢ സൗന്ദര്യവും കർബ്ബലയുടെ ഭൗതീക രാഷ്ട്രീയ വിപ്ലവവും നിറഞ്ഞു നിൽക്കുന്നു .
ഇന്ത്യൻ സാംസ്‌കാരിക സംഗീത സാഹചര്യത്തിൽ ശുദ്ധ ധന്യാസി എന്ന രാഗം കൊണ്ട് മുസ്ലിങ്ങളുടെ രാഷ്ട്രീയമോ അത്മീയമോ പ്രതിഫലിപ്പിക്കാൻ ഒരു സംഗീത സംവിധായകൻ ശ്രമിച്ചാൽ നിരാശയായിരിക്കും ഫലം . കാരണം അത്തരം രാഗങ്ങൾക്ക് മുസ്ലിം സ്വത്വങ്ങളുടെ പശ്ചാത്തലം സ്പർശിക്കാനുള്ള കഴിവില്ലാഞ്ഞിട്ടല്ല മറിച്ച് ഭൈരവിയുടെ അകത്ത് മുസ്ലിം പശ്ചാത്തലങ്ങൾ തളയ്ക്കപ്പെട്ട് പോയി എന്നതാണ് വാസ്തവം. സാംസ്കാരിക ഇടങ്ങളിൽ മുസ്ലിങ്ങൾക്ക് അത് ചേരില്ല എന്ന പൊതുബോധം എങ്ങനെയോ ഊട്ടി ഉറപ്പിക്കപ്പെട്ടു . അവിടെയാണ് ഉസ്താദ് നുസ്രത്ത് ഫത്തഹ് അലിഖാൻ സംഗീത വിപ്ലവകാരിയാവുന്നത്, ഉസ്താദിന്‍റെ അനശ്വരമായ ആവിഷ്‌കാര ശേഷിപ്പുകൾ ഇവയെ ചോദ്യം ചെയ്യുന്നത് . ഇനി തിരിച്ചു നോക്കാം ഉസ്‌താദ് ഒരുക്കിയ മുസ്ലിം ആത്മീയ ബോധത്തിന്‍റെ സംഗീതം തിരിച്ചു കേരളക്കരയിൽ വരെ എങ്ങിനെ സ്വീകാര്യമാവുന്നു എന്നത്. ഉസ്താദിന്‍റെ പ്രസിദ്ധ ഖവ്വാലിയായ ‘ അലി നു യാദ് കരോ ‘ എന്നതിന്‍റെ ഈണം കൊണ്ടാണ് കേരളത്തിൽ സൂപ്പർ ഹിറ്റായ ‘മൊഴിയഴക് നിറയും രാധ’ എന്ന ഗാനം ഇറങ്ങുന്നത് . ‘തൂ ചീസ് ബഡീഹെ’ എന്ന ബോളിവുഡിൽ ഫിലിം ഫെയർ പുരസ്കാരം അടക്കം നേടിയ, ആഭേരി രാഗത്തിൽ പിറന്ന ഗാനം ഉസ്‍താദിന്‍റെ ‘ ദം മസ്ത് കലന്തർ ‘ എന്ന ഷെഹ്‌ബാസ് മസ്ത് കലന്തർ എന്ന സൂഫിയെ വാഴ്ത്തി പാടുന്ന ഖവ്വാലിയാണ് , ഇന്ത്യൻ ആത്മീയ ബോധത്തോടും കമേഷ്യൽ സംഗീത ബോധത്തോടും ഉസ്താദിന്‍റെ മുസ്ലിം ആത്മീയ സംഗീത ശാഖ എത്ര ലളിതമായാണ് സംവദിക്കുന്നത്! എന്നാൽ ആഭേരി പോലെ ഒരു രാഗത്തിൽ ഇവിടെ മുസ്ലിം പശ്ചാത്തല സംഗീതം ഒരുക്കിയാൽ എന്ത് കൊണ്ട് അത് യോജിക്കില്ല എന്ന ധാരണ വരുന്നു ? എന്തിനോടും ചേർന്ന് നിൽക്കാനുള്ള വിശാലത ഇവിടെ ഉസ്താദിന്‍റെ മുസ്ലിം ആത്മീയ ബോധ സംഗീത ശാഖക്ക് ഉണ്ട് , അത് എന്ത് കൊണ്ട് തിരിച്ചു കഴിയുന്നില്ല ? അപ്പോൾ എവിടെയാണ് സങ്കുചിതത്വം നില നിൽക്കുന്നത് ?
‘കുടജാദ്രിയില്‍’ എന്ന ഗാനം പിറന്ന രേവതി എന്ന രാഗത്തിലും ‘ഹരിവരാസനം’ പിറന്ന മധ്യമാവതി രാഗത്തിലും ഉസ്താദ് ഖവ്വാലി പാടുന്നു . മുസ്ലിം സംസ്കാരിക മേഖലയുടെ വിശാല ലോകം ഉസ്താദ് അവിടെ സൃഷ്ടിക്കുന്ന സമയം ഇവിടെ എന്ത് കൊണ്ട് ഭൈരവിയെ ചുറ്റിപ്പറ്റി മുസ്ലിം പാശ്ചാത്തലം ചുരുങ്ങി പോയി ? ആരാണ് ഭൈരവി രാഗത്തിന്‍റെ ചാപ്പ ചാർത്തി തന്നത് ? അറിഞ്ഞോ അറിയാതെയോ ആവാം ഇത് സംഭവിച്ചത് എന്നാൽ സാംസ്കാരിക മേഖലയിലെ ഇത്തരം കാര്യങ്ങൾ പോലും മുസ്ലിം സാമൂഹിക ജീവിതത്തെ പറ്റിയുള്ള കാഴ്ചപ്പാട് വാർത്തെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട് . മാറി വന്ന പുതിയ സംഗീത സാഹചര്യത്തിൽ ഭൈരവിക്ക് അപ്പുറമുള്ള ഖവ്വാലി എലമെന്‍റ്സ് മുസ്ലിം പശ്ചാത്തലങ്ങളിൽ വരുബോൾ അവിടെ അതിന്‍റെ മാറ്റവും നമുക്ക് കാണാൻ കഴിയും !
https://youtu.be/34Nl_KmUEN8