കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ ‘പുതിയ തലത്തിലെന്ന്’ ഐക്യരാഷ്ട്ര സഭ; ‘സ്ഥിതിഗതികളിൽ കനത്ത ആശങ്ക’
ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ പുതിയ തലത്തിലേക്ക് എത്തിയെന്ന് ഐക്യരാഷ്ട്ര സഭ. ഇന്ത്യ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മനുഷ്യാവകാശ ധ്വംസന സാഹചര്യത്തെ കൂടുതൽ മോശമാക്കുമെന്ന് ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്ര സഭ വക്താവ് റ്യൂപെർട്ട് കോൾവെൽ റ്റ്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അറിയിച്ചു. മുൻപ് കണ്ടതിനേക്കാൾ കൂടുതൽ വാർത്താവിനിമയ വിച്ഛേദനമാണ് ഇപ്പോഴെന്നും ഐക്യരാഷ്ട്ര സഭാ വക്താവ് പറഞ്ഞു. ഭരണകൂട കൊലപാതകങ്ങളിലേക്കും ഗുരുതര പീഡനങ്ങളിലേക്കും നയിക്കും വിധം പ്രക്ഷോഭങ്ങളെ നേരിട്ടതിനെക്കുറിച്ചും, എതിർ രാഷ്ട്രീയ ശബ്ദങ്ങളെ ബലം പ്രയോഗിച്ച് അമർച്ച ചെയ്തതിനെക്കുറിച്ചും ഭിന്നാഭിപ്രായങ്ങളെ അമർച്ച ചെയ്യാൻ ആശയവിനിമയോപാധികൾ നിരന്തരം നിഷേധിക്കുന്നതിനെക്കുറിച്ചും രേഖപ്പെടുത്തിയ റിപ്പോർട്ടുകളുടെ മേല്‍ ഐക്യരാഷ്ട്ര സഭ ഇതിന് മുൻപും ആശങ്ക രേഖപ്പെടുത്തിയ കാര്യം റ്യൂപെർട്ട് കോൺവിൽ ആവർത്തിച്ചു.
“We are deeply concerned that the latest restrictions in Indian-Administered Kashmir will exacerbate the human rights situation in the region” — @UNHumanRights spokesperson
— United Nations (@UN) 7 August 2019
”പക്ഷേ പുതിയ നിരോധനങ്ങൾ പുതിയ തലത്തിലേക്ക് സാഹചര്യങ്ങളെ എത്തിച്ചിരിക്കുകയാണ്” അദ്ദേഹം പറഞ്ഞു. ‘ആശയവിനിമയ നിരോധനങ്ങൾ ഐക്യരാഷ്ട്ര സഭ വീണ്ടും കാണുകയാണ്, ഒരു പക്ഷേ നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കൂടുതലായി”. ജമ്മു കശ്മീരിന്റെ ഭാവി സംബന്ധിച്ച ജനാധിപത്യപരമായ സംവാദങ്ങളിൽ പൂർണ്ണമായി പങ്കാളികളാവാനുള്ള അവസരം നിഷേധിക്കലാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.