”കശ്മീരിന്‍റെ സ്വയം നിർണയാവകാശം ന്യായമാണ്, ഇന്ത്യന്‍ അധിനിവേശം അവസാനിപ്പിക്കുക”; വിദ്യാർത്ഥി പ്രതികരണവേദി

By on

കശ്മീരിന് പ്രത്യേക പദവി ഉറപ്പുനല്‍കുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച കേന്ദ്രസർക്കാരിന്‍റെ ഫാസിസ്റ്റ് നിലപാടിനെതിരെ പ്രതിഷേധിച്ചും കര്‍ഫ്യൂ അനുഭവിക്കുന്ന കശ്മീർ ജനതയോട് ഐക്യപ്പെട്ടുകൊണ്ടും കേരള മീഡിയ അക്കാദമി സബ്സെന്‍ററിലെ വിദ്യാർത്ഥികൾ പോസ്റ്റർ പ്രചരണവും പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. കശ്മീരിന്‍റെ സ്വയം നിർണയാവകാശം ന്യായമാണെന്നും കശ്മീരികളെ കൊന്നുതള്ളുന്ന സൈനികവൽക്കരണവും ഇന്ത്യൻ അധിനിവേശവും അവസാനിപ്പിക്കണമെന്നും ഹിന്ദുത്വ ഫാസിസ്റ്റുകൾക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
ശാസ്തമംഗലം ജംഗ്ഷനിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധമറിയിച്ചത്. യോഗത്തിൽ മീഡിയ അക്കാദമി വിദ്യാർത്ഥികളായ അർജുൻ, ഹനീൻ, നവേന്ത്ലാൽ, ഫാസിൽ തുടങ്ങിയവർ സംസാരിച്ചു.
കശ്മീരിലെ മാധ്യമസ്വാതന്ത്ര്യം മുഴുവനായും ഇല്ലാതാക്കപ്പെട്ട അവസ്ഥയാണ്. ഏറ്റവും അവസാനമായി കശ്മീരിലെ പ്രധാന ദിനപത്രങ്ങൾ, ഓൺലെെൻ ഉൾപ്പെടെ അപ്ഡേറ്റ് ചെയ്തത് ഓ​ഗസ്റ്റ് നാലിനോ അഞ്ചിനോ ആണ്. ഒരു ഫാസിസ്റ്റ് ​ഗവണ്മെന്റ് ചെയ്ത ഏറ്റവും മോശപ്പെട്ട നടപടിയാണ്, ജനാധിപത്യത്തെ മുഴുവനും ലംഘിക്കുന്ന അവസ്ഥയാണ് ഈ മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ടുപോകുന്നത്. കശ്മീരിന്റെ വാർത്തകൾ ലോകത്തെ അറിയിക്കാനുള്ള ഏകവഴി പത്രങ്ങളായിരിക്കെ പത്രങ്ങളുടെ മേലാണ് ഈ ഫാസിസ്റ്റ് ​ഗവണ്മെന്റ് ആ​ദ്യം വിലക്ക് ഏർപ്പെടുത്തിയത്. അതുപോലെ അൽ ജസീറയുടെ റിപ്പോർട്ടർ ഇന്നലെയോ മിനിഞ്ഞാന്നോ കശ്മീരിൽ നിന്നും ഒരു കശ്മീരി റിപ്പോർട്ടറെ ക്വോട്ട് ചെയ്തു, എല്ലാം കഴിഞ്ഞു, നിങ്ങൾ തിരിച്ചുപോകൂ എന്നാണ് കശ്മീരിലെ പട്ടാളവും ഭരണാധികാരികളും പറഞ്ഞത് എന്നാണ് ആ റിപ്പോർട്ടർ പറയുന്നത്. ഭരണാധികാരികൾ പറയുന്ന വാർത്തകൾ മാത്രം എഴുതാൻ നിർബന്ധിക്കപ്പെട്ട്, കശ്മീരിലെ പത്രങ്ങൾക്കോ പുറമെയുള്ള പത്രങ്ങൾക്കോ വസ്തുതകളെ അറിയാൻ പറ്റാത്ത അല്ലെങ്കിൽ വിവരങ്ങൾ അറിയാൻ വേണ്ടിയുള്ള മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ അവകാശങ്ങൾ പോലും ലംഘിക്കപ്പെടുന്നു.
കശ്മീരിലെ മാത്രം ജനങ്ങളുടെ മൗലികാവകാശമല്ല ലംഘിക്കപ്പെടുന്നത് ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും മൗലികാവകാശം ലംഘിക്കപ്പെടുകയാണ്. കാരണം കശ്മീരിൽ എന്ത് നടക്കുന്നു എന്ന് അറിയാൻ നമുക്കു സ്വാതന്ത്ര്യമുണ്ട്, ആ സ്വാതന്ത്ര്യത്തെയാണ് ഇവിടത്തെ ഭരണകൂടം ഇല്ലാതാക്കുന്നത്. കശ്മീരിലെ മാധ്യമങ്ങളെയും പുറത്തുള്ള മാധ്യമങ്ങളെയും ഒരേപോലെ തന്നെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വിലക്കേർപ്പെടുത്തിക്കൊണ്ട് ഒരു ജനതയെ വംശീയമായി ഉന്മൂലനം ചെയ്യുവാൻ വേണ്ടി ഇരുട്ടറയിലേക്ക് കൊണ്ടുപോകുകയാണ് എന്ന ഭീതിയിലാണ് ഞങ്ങളീ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഇനി മാധ്യമസ്വാതന്ത്ര്യം വരുന്ന സമയത്ത് വലിയ രീതിയിലുള്ള അപ്രത്യക്ഷമാകലുകളോ പ്രധാനപ്പെട്ട ജേർണലിസ്റ്റുകളെ ഇല്ലാതാക്കിക്കൊണ്ട് ജനങ്ങളുടെ സംഘടിത ശബ്ദങ്ങളെ മുഴുവനായും ഇല്ലാതാക്കാനുള്ള ഡ്രസ് റിഹേഴ്സൽ അല്ലെങ്കിൽ ആസൂത്രണമാണ് മാധ്യമസ്വാതന്ത്ര്യത്തെ ഉൾപ്പെടെ ഇല്ലാതാക്കിക്കൊണ്ട് കശ്മീരിൽ നിലവിൽ നടത്തുന്നത്.” മാധ്യമവിദ്യാര്‍ത്ഥി ഹനീന്‍ കീബോര്‍ഡ് ജേണലിനോട് പ്രതികരിച്ചു.


Read More Related Articles